News
വാലെന്റൈൻസ് ദിനത്തിനു പിന്നിലെ വിശുദ്ധ വാലെന്റൈയിനിന്റെ യഥാര്‍ത്ഥ ചരിത്രം
പ്രവാചകശബ്ദം 14-02-2025 - Friday
ഇന്ന് വാലെന്റൈൻസ് ഡേ. രാജ്യങ്ങള്‍ക്കും ഭൂഖണ്ഡങ്ങള്‍ക്കും മതങ്ങള്‍ക്കും അതീതമായി പ്രണയിക്കുന്നവരുടെ ദിനമെന്ന വിശേഷണത്തോടെ ഏറെ ആഘോഷിക്കപ്പെടുന്ന ദിനം. എന്നാല്‍ ഈ ആഘോഷത്തിന് പിന്നില്‍ ക്രിസ്തുവിന് വേണ്ടി ജീവിതം സമര്‍പ്പിച്ച, വിവാഹമെന്ന കൂദാശയുടെ പരിശുദ്ധി സംരക്ഷിക്കുവാന്‍ വേണ്ടി നിലക്കൊണ്ട ഒരു വിശുദ്ധനായിരിന്നുവെന്ന് എത്രപേര്‍ക്ക് അറിയാം? വിശുദ്ധ വാലെന്റൈനെ കുറിച്ച് ഓരോരുത്തരും അറിഞ്ഞിരിക്കണം.
മൂന്നാം നൂറ്റാണ്ടിൽ റോമൻ സാമ്രാജ്യത്തിൻ കീഴിൽ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവര്‍ക്ക് വേണ്ടി ശക്തമായി പോരാടിയിരിന്ന വ്യക്തിയായിരിന്നു മെത്രാനായിരിന്ന വാലെന്റൈന്‍. ക്ലോഡിയസ് ചക്രവർത്തി റോം ഭരിച്ചിരുന്ന കാലം. വിവാഹം കഴിഞ്ഞാൽ പുരുഷന്മാർക്ക് കുടുംബം എന്നൊരു ചിന്ത മാത്രമേയുള്ളൂവെന്നും യുദ്ധത്തിൽ ഒരു വീര്യവും അവർ കാണിക്കുന്നില്ലായെന്നും ചക്രവർത്തിക്ക് തോന്നി. അതിനാൽ കടുത്ത തീരുമാനമെടുക്കാന്‍ ചക്രവർത്തി തീരുമാനിച്ചു.
റോമിൽ വിവാഹം നിരോധിക്കുക. 'അവിവാഹിതനായവന്‍ വിവാഹിതനേക്കാള്‍ ഒരു നല്ല പടയാളിയായിരിക്കും' എന്ന വിശ്വാസത്താല്‍ അദ്ദേഹം യുവാക്കളെ വിവാഹത്തില്‍ നിന്നും പിന്തിരിപ്പിച്ചു. എന്നാല്‍ യുവജനങ്ങള്‍ നേരിടുന്ന വലിയ പ്രതിസന്ധി മനസിലാക്കിയ വിശുദ്ധ വാലെന്റൈന്‍ ഈ ഉത്തരവിനെ വെല്ലുവിളിയായി ഏറ്റെടുത്തു. പരസ്പരം സ്നേഹിക്കുന്ന യുവാക്കളേയും യുവതികളേയും രഹസ്യമായി തന്റെ അടുക്കല്‍ വിളിച്ചു വരുത്തി അവരെ വിവാഹമെന്ന കൂദാശ വഴി ഒന്നാക്കുവാന്‍ തുടങ്ങി. എന്നാല്‍ രഹസ്യമായി നടക്കുന്ന ഈ പ്രവര്‍ത്തി ചക്രവര്‍ത്തി അറിഞ്ഞു. വൈകാതെ തന്നെ വിശുദ്ധനെ ബന്ധനസ്ഥനാക്കി തന്റെ മുന്‍പില്‍ കൊണ്ടുവരുവാന്‍ ചക്രവര്‍ത്തി കല്‍പ്പിച്ചു.
എന്നാല്‍ ചെറുപ്പമായ വാലെന്റൈന്റെ പെരുമാറ്റവും സംസാര ശൈലിയും ചക്രവര്‍ത്തിയെ ഏറെ സ്വാധീനിച്ചു. കൊല്ലുവാന്‍ തീരുമാനമെടുത്ത ചക്രവര്‍ത്തി തന്റെ തീരുമാനം മാറ്റി. വിശുദ്ധനെ വധിക്കുന്നതിന് പകരം റോമന്‍ വിഗ്രഹാരാധനാ സമ്പ്രദായത്തിലേക്ക് വിശുദ്ധനെ പരിവര്‍ത്തനം ചെയ്യുവാനാണ് ചക്രവര്‍ത്തി ശ്രമിച്ചത്. എന്നാല്‍ വിശുദ്ധ വാലെന്റൈന്‍ ക്രിസ്തുവിലുള്ള തന്റെ വിശ്വാസത്തില്‍ അടിയുറച്ച് നിന്നു. മരണം വരിക്കേണ്ടി വന്നാലും ക്രിസ്തുവല്ലാതെ മറ്റൊരു ദൈവമില്ലായെന്ന സത്യം സധൈര്യം പ്രഘോഷിച്ചു. ചക്രവര്‍ത്തിയെ ക്രിസ്തുവിലേക്ക് അടുപ്പിക്കാന്‍ വാലെന്റൈന്‍ ശ്രമം കൂടി നടത്തിയതോടെ ക്ലോഡിയസ് ചക്രവര്‍ത്തി കുപിതനായി.
തന്റെ പഴയ തീരുമാനം തന്നെ സ്വീകരിക്കുവാന്‍ ചക്രവര്‍ത്തി തീരുമാനിച്ചു. വാലെന്റൈനെ വധിക്കുക. മരണത്തിന് മുന്‍പുള്ള തടവറ ദിനങ്ങളും ക്രിസ്തു സ്നേഹത്താല്‍ വാലെന്റൈന്‍ മറ്റുള്ളവരിലേക്ക് വലിയ പ്രതീക്ഷ പകര്‍ന്നു. വിശുദ്ധന്‍ തടവറയിലായിരിക്കുമ്പോള്‍ കാരാഗ്രഹ സൂക്ഷിപ്പുകാരനായ അസ്റ്റേരിയൂസും, അദ്ദേഹത്തിന്റെ അന്ധയായ മകളും അദ്ദേഹത്തോട് അനുകമ്പ കാണിച്ചിരിന്നു. അസ്റ്റേരിയൂസിന്റെ മകള്‍ വിശുദ്ധന് ദിവസവും ഭക്ഷണവും, സന്ദേശങ്ങളും കൊണ്ടു വന്നു പോന്നു. അവര്‍ തമ്മില്‍ ഊഷ്മളമായ ഒരു സുഹൃത്ബന്ധം ഉടലെടുത്തു. തന്റെ കാരാഗൃഹ വാസത്തിന്റെ അവസാനത്തോടെ വിശുദ്ധന് അവരെ രണ്ടുപേരേയും ക്രിസ്തുവിലേക്ക് അടുപ്പിക്കാന്‍ കഴിഞ്ഞു.
വിശുദ്ധന്‍ കാരാഗ്രഹ സൂക്ഷിപ്പുകാരന്റെ മകളുടെ കാഴ്ചശക്തി അത്ഭുതകരമായി തിരിച്ചു നല്‍കിയെന്നും ചരിത്രമുണ്ട്. വിശുദ്ധന്‍ കൊല്ലപ്പെടുന്നതിനു തലേദിവസം രാത്രിയില്‍ വിശുദ്ധന്‍ ആ പെണ്‍കുട്ടിക്ക് എഴുതിയ വിടവാങ്ങല്‍ സന്ദേശം പിന്നീട് ചരിത്രത്തിന്റെ ഭാഗമായി. കത്തിന് കീഴെ “നിന്റെ വാലെന്റൈനില്‍ നിന്നും (From your Valentine)” എന്ന വിശുദ്ധന്റെ വാക്കുകള്‍ നൂറ്റാണ്ടുകള്‍ക്കു അപ്പുറവും ഇന്നു സ്മരിക്കപ്പെടുന്നു. കിരാതമായ ഭരണത്തിന് കീഴില്‍ കൊടിയ മര്‍ദ്ദനങ്ങള്‍ക്ക് വിധേയനായ അദ്ദേഹം ഒടുവില്‍ തലയറുത്ത് കൊല്ലപ്പെടുകയായിരിന്നു. AD 273 ഫെബ്രുവരി 14 നായിരിന്നു അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം. ഈ ദിവസമാണ് നിരീശ്വരവാദികള്‍ ഉള്‍പ്പെടെ ലോകം മുഴുവന്‍ വാലെന്റൈൻ ദിനമായി കൊണ്ടാടുന്നത്. നാലാം നൂറ്റാണ്ടു മുതലേ അദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്ന ദേവാലയം പ്രസിദ്ധിയാര്‍ജിച്ചിരിന്നു.
♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️
![](/images/close.png)