Videos

“എന്തിനാണ് എന്നെ അടിച്ചത്?” | നോമ്പുകാല ചിന്തകൾ | നാലാം ദിവസം

പ്രവാചകശബ്ദം 15-02-2024 - Thursday

അപ്പോൾ "യേശു അവനോട് പറഞ്ഞു: ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ അത് തെളിയിക്കുക. ശരിയാണ് പറഞ്ഞതെങ്കിൽ എന്തിനു നീ എന്നെ അടിക്കുന്നു?" (യോഹ 18:23).

'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: നാലാം ദിവസം ‍

പ്രധാന പുരോഹിതന്റെ മുൻപിൽ വച്ച് യേശുവിനെ വിചാരണചെയ്യുമ്പോൾ അടുത്തു നിന്നിരുന്ന സേവകൻമാരിൽ ഒരുവൻ "ഇങ്ങനെയാണോ പ്രധാന പുരോഹിതനോട് മറുപടി പറയുന്നത് എന്ന് ചോദിച്ചുകൊണ്ട് യേശുവിനെ അടിക്കുന്നതായി നാം സുവിശേഷത്തിൽ കാണുന്നുണ്ട്. അപ്പോൾ "യേശു അവനോട് പറഞ്ഞു: ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ അത് തെളിയിക്കുക. ശരിയാണ് പറഞ്ഞതെങ്കിൽ എന്തിനു നീ എന്നെ അടിക്കുന്നു?" (യോഹ 18:23).

ഈ വചനഭാഗം വായിക്കുമ്പോൾ നമ്മുക്ക് സാധാരണയായി തോന്നാവുന്ന ഒരു സംശയമാണ്- എന്തുകൊണ്ടാണ് യേശു ഇപ്രകാരം ചെയ്‌തത്‌? ഒരു കരണത്ത് അടിക്കുന്നവന് മറ്റേ കരണം കൂടി കാണിച്ചു കൊടുക്കണം എന്നു പഠിപ്പിച്ച യേശു എന്തുകൊണ്ടാണ് ഈ അവസരത്തിൽ അവിടുത്തെ മറ്റേ കരണം കൂടി കാണിച്ചു കൊടുക്കാതെ തന്നെ അടിച്ചവനെ ചോദ്യം ചെയ്‌തത്‌?.

ഇതേക്കുറിച്ചു വിശുദ്ധ അഗസ്തീനോസ് പറയുന്നത് ഇപ്രകാരമാണ്:

''തന്നെ അടിച്ചവനോട് അവന്‍ അപ്രകാരം സംസാരിക്കരുതായിരുന്നെന്നും അവന്റെ മറ്റേ കരണം കൂടി കാണിച്ചുകൊടുക്കേണ്ടതായിരുന്നു എന്നു പറയുന്നവരും, അവന്‍ കല്പിച്ചതിനെതിരായി (മത്താ 5:39) അവന്‍തന്നെ പ്രവര്‍ത്തിച്ചതെന്തുകൊണ്ടാണ് എന്നു ചോദിക്കുന്നവരുമായി കുറെപ്പേരുണ്ടാവും. എന്നാല്‍ ഇതിലൊക്കെ ഉപരിയായി, അവന്‍ സത്യസന്ധമായും ശാന്തമായും ശരിയായും ഉത്തരം നല്കുകയും, അതേസമയം തന്നെ തന്റെ കരണംകൂടി കാണിച്ചുകൊടുക്കാന്‍ മാത്രമല്ല സ്വന്തം ശരീരം കൂടി ആണികളാല്‍ മരത്തില്‍ തറയ്ക്കപ്പെടാനായി തയ്യാറാവുകയും ചെയ്തില്ലേ? തന്റെ ധര്‍മ്മോപദേശങ്ങള്‍ നിറവേറ്റേണ്ടത് പ്രകടനാത്മകമായിട്ടല്ല, മാനസികമായ തയ്യാറെടുപ്പിലൂടെയാണെന്ന് ഇപ്രകാരം അവന്‍ കാട്ടിത്തരുകയായിരുന്നു. ക്രൂദ്ധനായ ഒരു വ്യക്തിക്കും ബാഹ്യമായി തന്റെ മറ്റേ കവിള്‍ത്തടം കാട്ടിക്കൊടുക്കാനാവും. എന്നാല്‍, ഇതിലും എത്രയോ ഭേദമാണ് സത്യസന്ധമായി ഉത്തരം പറയാനുംമാത്രം ആന്തരികസ്വസ്ഥത കൈവരിച്ചതിനുശേഷം ശാന്തമായ മനസ്സോടെ കൂടിയതരം സഹനങ്ങളെ അഭിമുഖീകരിക്കുന്നത്?''.

(യോഹന്നാന്റെ സുവിശേഷം, ആഗസ്തീനോസിന്റെ ഭാഷ്യം).

സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുമ്പോൾ ശാന്തമായും ശരിയായും ഉത്തരം നൽകുകയും, അതേസമയം തന്റെ കരണംകൂടി കാണിച്ചുകൊടുക്കാൻ മാത്രമല്ല സ്വന്തം ശരീരം കൂടി ആണികളാൽ മരത്തിൽ തറക്കപ്പെടുവാൻ വിട്ടുകൊടുക്കുകയും ചെയ്‌ത ക്രിസ്‌തുവിന്റെ ചൈതന്യം ഈ നോമ്പുകാലത്ത് നമ്മുടെ ഹൃദയങ്ങളെ നിറക്കട്ടെ. അങ്ങനെ ഏതു സാഹചര്യത്തിലും സുവിശേഷത്തിനു വേണ്ടി ധീരമായി നിലകൊള്ളുവാൻ നമ്മുക്ക് സാധിക്കട്ടെ.

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »