News

ചൈന - വത്തിക്കാൻ കരാറിന് ശേഷം പത്തോളം മെത്രാന്മാര്‍ക്കു നേരെ ഭരണകൂട വേട്ടയാടല്‍ ഉണ്ടായതായി റിപ്പോര്‍ട്ട്

പ്രവാചകശബ്ദം 22-10-2024 - Tuesday

ബെയ്ജിംഗ്/ വത്തിക്കാന്‍ സിറ്റി: ആറ് വര്‍ഷം മുന്‍പ് ബിഷപ്പുമാരെ നിയമിക്കുന്നതിനു പ്രാബല്യത്തില്‍ കൊണ്ടുവന്ന ചൈന - വത്തിക്കാൻ ഉടമ്പടിയ്ക്കു ശേഷം മെത്രാന്മാര്‍ വേട്ടയാടപ്പെടുന്നതായി സൂചിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. വിശ്വാസപരമായ കാര്യങ്ങളിൽ നിയന്ത്രണം ചെലുത്താനുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശ്രമത്തെ ചെറുത്തുനിന്ന ചൈനയിലെ 10 കത്തോലിക്കാ ബിഷപ്പുമാർ നേരിടുന്ന അടിച്ചമർത്തലുകള്‍ ചൂണ്ടിക്കാട്ടിയാണ് ഹഡ്‌സൺ ഇൻസ്റ്റിറ്റ്യൂട്ടിന് വേണ്ടി നിന ഷീ രചിച്ച റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് കീഴിലുള്ള ചൈനീസ് പാട്രിയോട്ടിക് കാത്തലിക് അസോസിയേഷന് കീഴ്‌പ്പെടാൻ വിസമ്മതിച്ചതിൻ്റെ പേരിൽ തടങ്കൽ, നിരീക്ഷണം, പോലീസ് അന്വേഷണങ്ങൾ, രൂപതകളിൽ നിന്നുള്ള നാടുകടത്തൽ എന്നിവ ഉള്‍പ്പെടെ നിരവധി പീഡനങ്ങള്‍ക്ക് ചൈനയിലെ പത്തോളം കത്തോലിക്ക മെത്രാന്മാര്‍ ഇരയായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 ലെ ചൈന-വത്തിക്കാൻ ഉടമ്പടിക്ക് ശേഷം ചൈനയിലെ കത്തോലിക്ക സഭയ്ക്കു നേരെ വിശ്വാസപരമായ അടിച്ചമർത്തൽ രൂക്ഷമായതായി നിന ഷീ പറയുന്നു. ചൈനീസ് പാട്രിയോട്ടിക് കാത്തലിക് അസോസിയേഷനെ എതിർത്തതിന് ശേഷമാണ് ബെയ്ജിംഗിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം ബിഷപ്പുമാരെ ലക്ഷ്യമിട്ടത്.

മെത്രാന്മാര്‍ വത്തിക്കാന്‍ അംഗീകരിക്കുന്ന ഭൂഗര്‍ഭ സഭയില്‍ നിന്നു മാറി കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പാട്രിയോട്ടിക് കാത്തലിക് അസോസിയേഷനില്‍ ചേരുവാനാണ് സമ്മര്‍ദ്ധം ചെലുത്തുന്നത്. ബിഷപ്പ് വിൻസെൻ്റ് ഗുവോ സിജിൻ, ബിഷപ്പ് അഗസ്റ്റിൻ കുയി, ബിഷപ്പ് ജൂലിയസ് ജിയ, ബിഷപ്പ് തദേവൂസ് മാ, ബിഷപ്പ് പീറ്റർ ഷാവോ, ബിഷപ്പ് മെൽച്ചിയോർ, ബിഷപ്പ് ജെയിംസ് സു, ബിഷപ്പ് ജോസഫ് ഷിംഗ്, കർദ്ദിനാൾ ജോസഫ് സെൻ, ബിഷപ്പ് ജോസഫ് ഷാങ് എന്നീ മെത്രാന്‍മാര്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ വിവിധങ്ങളായ സമ്മര്‍ദ്ധങ്ങള്‍ക്കു ഇരയായവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ചൈനീസ് പാട്രിയോട്ടിക് കാത്തലിക് അസോസിയേഷനും, വത്തിക്കാനെ അംഗീകരിക്കുന്ന സര്‍ക്കാര്‍ അംഗീകാരമില്ലാത്ത ഭൂഗര്‍ഭ സഭയുമായി ദശാബ്ദങ്ങളായി ചൈനീസ് സഭ വിഭജിക്കപ്പെട്ടിരിക്കുകയാണ്. ഇരു സഭകളേയും യോജിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, 2018 സെപ്റ്റംബർ 22ന് ബെയ്‌ജിങ്ങിൽവെച്ചാണ് മെത്രാന്മാരുടെ നിയമനം സംയുക്തമായി അംഗീകരിക്കുന്ന രണ്ടു വർഷത്തേക്ക് നീളുന്ന ആദ്യ താത്കാലിക കരാർ ഇരുകൂട്ടരും ഒപ്പിട്ടത്. ഇതിനുശേഷം രണ്ടു തവണ ഉടമ്പടി പുതുക്കിയിരിന്നു.


Related Articles »