Videos
അങ്ങയുടെ നാമം പൂജിതമാകണമേ | നോമ്പുകാല ചിന്തകൾ | ഇരുപത്തിനാലാം ദിവസം
പ്രവാചകശബ്ദം 06-03-2024 - Wednesday
നിങ്ങള്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കുവിന്‍: സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ (മത്തായി 6:9).
'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: ഇരുപത്തിനാലാം ദിവസം
'സ്വർഗ്ഗസ്ഥനായ പിതാവേ' എന്ന ക്രിസ്‌തു പഠിപ്പിച്ച പ്രാർത്ഥനയിലെ ആദ്യത്തെ യാചന "അങ്ങയുടെ നാമം പൂജിതമാകണമേ" എന്ന യാചനയാണ്. ദൈവത്തിന്റെ നാമത്തെ പൂജിക്കുക അല്ലങ്കിൽ പവിത്രമായ ഒന്നായി കരുതുക എന്നതിന്റെ അര്‍ത്ഥം എല്ലാ വസ്‌തുക്കളെക്കാളും ഉപരിയായി ദൈവത്തെ പ്രതിഷ്‌ഠിക്കുക എന്നതാണ്. നമ്മുടെ ജീവിതത്തിൽ ദൈവത്തിന് ഒന്നാം സ്ഥാനം കൊടുത്തുകൊണ്ട് ജീവിക്കുവാനുള്ള കൃപ ലഭിക്കുന്നതിനുവേണ്ടി നാം ഈ യാചനയിൽ പ്രാർത്ഥിക്കുന്നു.
കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം ഇപ്രകാരം പഠിപ്പിക്കുന്നു: (CCC 2812) പരിശുദ്ധനായ ദൈവത്തിന്റെ നാമം യേശുവിൽ വെളിപ്പെടുത്തപ്പെടുകയും ശരീരത്തിൽ രക്ഷകനായി നമ്മുക്ക് നല്കപ്പെടുകയും ചെയ്‌തു. അവിടുത്തെ പെസഹായുടെ അന്ത്യത്തിൽ, പിതാവ് അവിടുത്തേക്ക് എല്ലാ നാമങ്ങളെക്കാളും വലിയ നാമം നൽകുന്നു.
നഷ്ടപ്പെട്ട ലോകത്തിനു രക്‌ഷ നൽകുന്നത് ഈ നാമമാണ്. പക്ഷേ, ഈ നാമം നമ്മിലൂടെ നമ്മുടെ പ്രവൃത്തിയാൽ വിശുദ്‌ധീകരിക്കപ്പെടട്ടെ എന്നാണു നാം പ്രാർത്ഥിക്കുന്നത്. എന്തെന്നാൽ നാം നന്നായി ജീവിക്കുമ്പോൾ ദൈവനാമം പരിശുദ്‌ധമാക്കപ്പെടുന്നു; നാം മോശമായി ജീവിക്കുമ്പോൾ ദൈവനാമം നിന്ദിക്കപ്പെടുകയും ചെയ്യുന്നു. അപ്പസ്തോലൻ പറയുന്നതു കേൾക്കുക: "നിങ്ങൾ മൂലം ദൈവത്തിന്റെ നാമം വിജാതീയരുടെ ഇടയിൽ നിന്‌ദിക്കപ്പെടുന്നു". അതിനാൽ ദൈവനാമം പരിശുദ്‌ധമായിരിക്കുന്നതുപോലെ നമ്മുടെ ജീവിത ശൈലിയിലും അവിടുത്തെ പരിശുദ്‌ധിക്കു നാം അർഹരാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.
'അങ്ങയുടെ നാമം പൂജിതമാകണമെ' എന്നു നാം പറയുമ്പോൾ, അവിടുന്നിൽ ആയിരിക്കുന്ന നമ്മിലും ദൈവത്തിൻറെ കൃപാവരം ഇനിയും പ്രതീക്ഷിക്കുന്നവരിലും അതു പരിശുദ്‌ധമാക്കപ്പെടണം എന്ന് നാം യാചിക്കുന്നു. ശത്രുക്കൾ ഉൾപ്പെടെ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാൻ നമ്മോട് ആവശ്യപ്പെടുന്ന കൽപന അങ്ങനെ നാം നിറവേറ്റുന്നു. അതുകൊണ്ടാണ് "ഞങ്ങളിലും എല്ലാവരിലും പൂജിതമാകണം” എന്ന് എടുത്തു പറയാത്തത്. (CCC 2814).
പ്രിയപ്പെട്ട സഹോദരങ്ങളെ, ഈ നോമ്പുകാലത്ത് നമ്മുക്ക് വിചിന്തനം ചെയ്യാം: ക്രിസ്ത്യാനികൾ എന്ന് അറിയപ്പെടുന്ന നമ്മുടെ പ്രവർത്തികളിലൂടെ ദൈവത്തിന്റെ നാമം ഈ ലോകത്തിൽ നിന്ദിക്കപ്പെടുവാൻ നാം ഇടയായിട്ടുണ്ടോ? അങ്ങനെയെങ്കിൽ നമ്മുക്ക് ദൈവത്തോട് മാപ്പുചോദിക്കാം. അതോടൊപ്പം നമ്മുക്ക് കൂടുതലായി പ്രാർത്ഥിക്കുകയും ചെയ്യാം: കർത്താവായ ഈശോയേ, ഈ ലോകം മുഴുവനിലും അങ്ങയുടെ പരിശുദ്ധമായ നാമം പൂജിതമാകണമേ; അതിനായി അങ്ങ് ആഗ്രഹിക്കുന്ന പ്രവർത്തികൾ ചെയ്യുവാൻ ഞങ്ങൾക്ക് കൃപ തരണമേ.