News

ഹെയ്തിയിൽ അടിയന്തരാവസ്ഥ; കത്തോലിക്ക ആശുപത്രിയ്ക്കു നേരെയും ആക്രമണം

പ്രവാചകശബ്ദം 06-03-2024 - Wednesday

പോർട്ട് ഓ പ്രിൻസ്: സായുധ ഗുണ്ടാസംഘങ്ങളുടെ ആക്രമണത്തെത്തുടർന്ന് ആയിരക്കണക്കിന് തടവുകാർ ജയിൽ ചാടി അതികഠിനമായ സാഹചര്യം നിലനില്‍ക്കുന്ന ഹെയ്‌തിയിൽ കത്തോലിക്ക ആശുപത്രിയ്ക്കു നേരെയും ആക്രമണം. നിലവിലെ സാഹചര്യങ്ങൾ ഭയാനകമാണെന്നു വർഷങ്ങളായി ഹെയ്തിയിലെ അജപാലന, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സമർപ്പിച്ചിരിക്കുന്ന ഫ്രാൻസിസ്കൻ സന്യാസിനിയായ സിസ്റ്റര്‍ മാർസെല്ല കാറ്റോസ 'എജെന്‍സിയാ ഫിഡെസി'നോട് പറഞ്ഞു. ഹെയ്തിയിൽ കെനിയൻ പോലീസ് സേനയെ വിന്യസിക്കുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചു നെയ്‌റോബിയിൽ നിന്ന് മടങ്ങാനിരിന്ന പ്രധാനമന്ത്രി ഏരിയൽ ഹെൻറിയെ കീഴ്പ്പെടുത്താന്‍ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും സായുധ സംഘം പിടിച്ചെടുത്തു. ഇതിനിടെ ആക്രമിക്കപ്പെട്ടവയില്‍ പോർട്ട്-ഓ-പ്രിൻസിലെ കത്തോലിക്കാ ആശുപത്രിയായ സെൻ്റ് ഫ്രാൻസിസ് ഡി സാലസ് ഹോസ്പിറ്റലും ഉള്‍പ്പെട്ടുവെന്ന് മാർസെല്ല വെളിപ്പെടുത്തി.

കഴിഞ്ഞ വ്യാഴാഴ്ച വരെ പരസ്പരം അക്രമവും കൊലപാതകവുമായി നിലക്കൊണ്ടിരിന്ന ഈ സംഘങ്ങൾ വെള്ളിയാഴ്ച ഒന്നിച്ച് സ്ഥാപനങ്ങൾ ആക്രമിക്കാൻ തുടങ്ങുകയായിരിന്നുവെന്ന് സിസ്റ്റർ മാർസെല്ല പറയുന്നു. സായുധ സംഘങ്ങൾ ആയുധങ്ങളും അത്യാധുനിക മാർഗങ്ങളും സജ്ജീകരിച്ചിരിക്കുന്നുവെന്നത് കണക്കിലെടുക്കണം. പോലീസിൻ്റെ നീക്കങ്ങൾ കണ്ടെത്താൻ ഡ്രോണുകൾ പോലും അവരുടെ പക്കലുണ്ട്. കുറച്ചു കാലമായി, രാജ്യത്ത് കുറഞ്ഞത് അഞ്ച് മെക്സിക്കൻ മയക്കുമരുന്ന് സംഘങ്ങളുടെ സാന്നിധ്യമുണ്ട്. വടക്കേ അമേരിക്കയിലേക്കും യൂറോപ്പിലേക്കും അവരുടെ കൊക്കെയ്ൻ കടത്ത് വിപുലപ്പെടുത്താന്‍ ഹെയ്തിയെ ഒരു മനുഷ്യനില്ലാത്ത പ്രദേശമാക്കി മാറ്റാൻ അവർ ആഗ്രഹിക്കുന്നു. കരീബിയന്‍ മേഖലയുടെ മധ്യഭാഗത്ത്, കൊളംബിയയിൽ നിന്നും മെക്‌സിക്കോയിൽ നിന്നും സമ്പന്നമായ വിപണികളിലേക്ക് കൊക്കെയ്ന്‍ കൊണ്ടുപോകാനുള്ള അനുയോജ്യമായ സ്ഥലമായി ഹെയ്തിയെ അവര്‍ കാണുകയാണെന്നും സിസ്റ്റർ മാർസെല്ല പറയുന്നു.

ഇക്കഴിഞ്ഞ വ്യാഴാഴ്‌ച രാത്രിയാണ് പോർട്ട് ഓ പ്രിൻസിൻ്റെ ഭൂരിഭാഗം മേഖലയിലും സ്വാധീനമുള്ള സായുധ അക്രമി സംഘങ്ങൾ നഗരത്തിൽ കലാപമഴിച്ചുവിട്ടത്. പ്രധാനമന്ത്രി ഏരിയൽ ഹെൻറിയെ പുറത്താക്കുകയാണ് ഇവരുട ലക്ഷ്യം. കെനിയ സന്ദർശിക്കുന്നവേളയിലാണ് കലാപം രൂക്ഷമായത്. ഹെയ്തിയിൽ സൈന്യത്തെ വിന്യസിക്കാനുള്ള കരാറിൽ ഹെൻ്റിയും കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോയും വെള്ളിയാഴ്‌ച ഒപ്പിട്ടിരുന്നു. 2016-നുശേഷം ദരിദ്രരാജ്യമായ ഹെയ്തിയിൽ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. 2021-ൽ പ്രസിഡന്റിന്റെ കൊലപാതകത്തോടെ രാജ്യം കൂടുതൽ അരാജകത്വ അവസ്ഥയിലേക്ക് നീങ്ങുകയായിരിന്നു. കൊലപാതകം, രാഷ്ട്രീയ അസ്ഥിരത, ആൾക്കൂട്ട അക്രമം എന്നിവയാൽ പൊറുതി മുട്ടിയ രാജ്യം കൂടിയാണ് ഹെയ്തി. 2020-ലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ ആകെ ജനംസഖ്യയുടെ 90%വും ക്രൈസ്തവരാണ്. നിയമവാഴ്ചയില്ലാത്തതാണ് രാജ്യത്തെ സായുധ സംഘങ്ങള്‍ അധിനിവേശം നടത്താനുള്ള പ്രധാന കാരണം.


Related Articles »