News - 2024
ഹെയ്തിയിൽ യുവ മിഷ്ണറി ദമ്പതികൾ കൊല്ലപ്പെട്ടു
പ്രവാചകശബ്ദം 27-05-2024 - Monday
പോര്‍ട്ട് ഓ പ്രിന്‍സ്: കരീബിയന്‍ രാജ്യമായ ഹെയ്തിയിൽ അമേരിക്കയിൽ നിന്നുള്ള യുവ മിഷ്ണറി ദമ്പതികൾ കൊല്ലപ്പെട്ടു. മിഷ്ണറികളായ നതാലിയയും ഭർത്താവ് ഡേവി ലോയ്‌ഡുമാണ് വ്യാഴാഴ്ച അക്രമി സംഘത്തിന്റെ ആക്രമണത്തിൽ മരിച്ചത്. വടക്കൻ പോർട്ട്-ഓ-പ്രിൻസിലെ ലിസോണിലെ കമ്മ്യൂണിറ്റിയിൽ വ്യാഴാഴ്ച വൈകുന്നേരമാണ് ആക്രമണമുണ്ടായതെന്ന് ഹെയ്തിയൻ പോലീസ് യൂണിയൻ തലവൻ ലയണൽ ലസാരെ പറഞ്ഞു. മിഷൻ ഹെയ്‌തി എന്ന സന്നദ്ധ സംഘടനയുടെ ഡയറക്ടറും ഹെയ്‌തി പൗരനുമായ ജുഡ് മോണ്ടിസും കൊല്ലപ്പെട്ടു. മിസോറി സംസ്ഥാനത്തു നിന്നുള്ള യുഎസ് ജനപ്രതിനിധിസഭാംഗം ബെൻ ബേക്കറിന്റെ മകളാണ് കൊല്ലപ്പെട്ട നതാലിയ.
ഇക്കഴിഞ്ഞ വ്യാഴാഴ്‌ച രാത്രിയായിരിന്നു സംഭവം. മൂന്നു ട്രക്കുകളിലെത്തിയ ഗുണ്ടകളാണ് അക്രമം നടത്തിയത്. ഇതിനിടെ പുറത്തു നിന്നെത്തിയ മറ്റൊരു ഗുണ്ടാസംഘവും ആക്രമണത്തില്‍ പങ്കുചേര്‍ന്നു. ഡേവിയെ ഇവരുടെ വീടിനുള്ളിലേക്കു കൊണ്ടു പോയി കെട്ടിയിട്ടു മർദ്ദിക്കുകയായിരിന്നുവെന്നും തുടർന്ന് ദമ്പതികളെ വെടിവച്ചു കൊല്ലുകയായിരുന്നുവെന്നും പ്രാദേശിക വൃത്തങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.രണ്ട് മൃതദേഹങ്ങൾ കത്തിക്കാന്‍ ശ്രമിച്ചതായും 'ദ വാൾ സ്ട്രീറ്റ് ജേർണൽ' റിപ്പോര്‍ട്ട് ചെയ്യുന്നു. 2022 ജൂണിൽ വിവാഹത്തിന് തൊട്ടുപിന്നാലെ ദമ്പതികൾ സന്നദ്ധ സേവനത്തിനും ഈശോയെ പകരാനും ഹെയ്തിയിലേക്ക് യാത്ര തിരിക്കുകയായിരിന്നു.
2000-ൽ ഡേവി ലോയിഡിൻ്റെ മാതാപിതാക്കൾ സ്ഥാപിച്ച സംഘടനയായ മിഷൻസ് ഇൻ ഹെയ്തിയിലായിരിന്നു ഇവരുടെ പ്രവര്‍ത്തനം. മിഷൻ്റെ കീഴിലുള്ള അനാഥാലയം പോർട്ട്-ഓ-പ്രിൻസിൻ്റെ വടക്ക് ഭാഗത്തുള്ള ലിസോണിലാണ് സ്ഥിതി ചെയ്തിരിന്നത്. മിഷ്ണറിമാരുടെ കൊലപാതകത്തിന് പിന്നാലേ, കെനിയയിൽ നിന്ന് പോലീസിനെ വേഗത്തിൽ എത്തിക്കാന്‍ യുഎസ് ഇടപെടല്‍ നടത്തിയിരിന്നു. ഗുണ്ടാസംഘങ്ങൾ ഭരിക്കുന്ന ഹെയ്‌തിയിൽ ശക്തമായ നടപടി വേണമെന്ന് വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു. രാജ്യത്തിൻ്റെ തലസ്ഥാനമായ പോർട്ട്-ഓ-പ്രിൻസിൻ്റെ 80% പ്രദേശവും നിയന്ത്രിക്കുന്ന ക്രിമിനൽ ഗ്രൂപ്പുകളുടെ അധിനിവേശമാണ് നിലവിലെ പ്രതിസന്ധി രൂക്ഷമാക്കുന്നത്.