News - 2025

ഹെയ്തിയിൽ അക്രമിസംഘം തട്ടിക്കൊണ്ടുപോയ വൈദികന് മോചനം

പ്രവാചകശബ്ദം 05-07-2024 - Friday

പോർട്ട് ഓ പ്രിൻസ്: കഴിഞ്ഞ ഞായറാഴ്ച അക്രമിസംഘം തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികന്‍ ഫാ. എമ്മാനുവേൽ സെന്തേലിയായ്ക്കു മോചനം. പോർട്ട്-ഓ-പ്രിൻസ് അതിരൂപത വൈദികന്റെ മോചന വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. മോചനദ്രവ്യം നൽകിയിട്ടില്ലായെന്നാണ് പുറത്തുവരുന്ന വിവരം. രാജ്യ തലസ്ഥാനമായ പോർട്ട് ഓ പ്രിൻസിലെ ഗ്രെസിയേ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള പ്രദേശത്ത് ഞായറാഴ്ച അക്രമി സംഘം വന്‍ അക്രമങ്ങൾ അഴിച്ചുവിട്ടിരുന്നു. മുൻ പോലീസ് ഉദ്യോഗസ്ഥനായ ജിമ്മി ഷെറിസ്യേറുടെ കീഴിലുള്ള വിവ്ര് എൻസെബിൾ എന്ന അക്രമിസംഘം ജൂലൈ ഒന്നിന് നടത്തിയ ആക്രമണങ്ങളിൽ ഇരുപത് പേരെങ്കിലും കൊല്ലപ്പെട്ടതായാണ് വാർത്താമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്‌. ഗ്രെസിയേ പ്രദേശത്തെ പോലീസ് സബ് സ്‌റ്റേഷൻ അക്രമിസംഘം ആക്രമിച്ചിരുന്നു.

അക്രമ കലുഷിതമാണ് ഇന്നു ഹെയ്തി. ഒന്‍പത് ഗുണ്ടാസംഘങ്ങളുടെ കൂട്ടായ്മയായ ‘ജി-9’ ആണ് ഫെബ്രുവരി അവസാനംമുതൽ പ്രധാനമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് ഹെയ്തിയിൽ കലാപം ആരംഭിച്ചത്. രാജിവെച്ചില്ലെങ്കിൽ രാജ്യത്ത് ആഭ്യന്തരയുദ്ധമാരംഭിക്കുമെന്ന് സഖ്യത്തിന്റെ നേതാവായ ജിമ്മി ബാർബിക്യു ചെറിസിയർ ഭീഷണിമുഴക്കിയിരുന്നു. കലാപം തുടരുന്നതിനിടെ, ഹെയ്തി പ്രധാനമന്ത്രി ഏരിയൽ ഹെൻ‍റി രാജിവെച്ചു. രാജ്യത്തിൻ്റെ തലസ്ഥാനമായ പോർട്ട്-ഓ-പ്രിൻസിൻ്റെ 80% പ്രദേശവും നിയന്ത്രിക്കുന്ന ക്രിമിനൽ ഗ്രൂപ്പുകളുടെ അധിനിവേശമാണ് നിലവിലെ പ്രതിസന്ധി രൂക്ഷമാക്കുന്നത്.


Related Articles »