News - 2025
ഹെയ്തിയിൽ രണ്ട് കത്തോലിക്ക സന്യാസിനികള്‍ കൊല്ലപ്പെട്ടു
പ്രവാചകശബ്ദം 04-04-2025 - Friday
പോർട്ട്-ഓ-പ്രിൻസ്: ഹെയ്തിയിൽ സായുധ സംഘം നടത്തിയ ആക്രമണത്തില്‍ 2 കത്തോലിക്ക സന്യാസിനികള്‍ കൊല്ലപ്പെട്ടു. സിസ്റ്റര്‍ ഇവാനെറ്റ് ഒനെസെയര്‍, സിസ്റ്റര്‍ ജീൻ വോൾട്ടയര്‍ എന്നിവരാണ് ഗുണ്ടാസംഘം നടത്തിയ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. രാജ്യത്തുടനീളമുള്ള നിരവധി നഗരങ്ങളിൽ ഗുണ്ടാസംഘങ്ങള്‍ അക്രമം വിതയ്ക്കുന്നത് തുടരുകയാണ്. വിവ്രെ എൻസെംബിൾ (കൺവിവിർ) എന്നറിയപ്പെടുന്ന ഗുണ്ടാ സഖ്യത്തിലെ അംഗങ്ങൾ നടത്തിയ ആക്രമണത്തിലാണ് സന്യാസിനികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടതെന്നു പോർട്ട്-ഔ-പ്രിൻസിലെ ആർച്ച് ബിഷപ്പ് മാക്സ് ലെറോയ് മെസിഡോർ ബുധനാഴ്ച പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡിനെ അറിയിച്ചു.
സിസ്റ്റേഴ്‌സ് ഓഫ് സെന്റ് തെരേസ് ഓഫ് ദി ചൈൽഡ് ജീസസ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണ് കൊല്ലപ്പെട്ട സന്യസ്തര്‍. തിങ്കളാഴ്ച, വിവ്രെ എൻസെംബിൾ സംഘ സഖ്യം പോർട്ട്-ഔ-പ്രിൻസിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയുള്ള മിറെബലൈസ് എന്ന പട്ടണത്തെ ആക്രമിക്കുകയായിരിന്നുവെന്ന് ഹെയ്തിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കരീബിയൻ രാജ്യത്തെ വലയം ചെയ്യുന്ന പ്രതിസന്ധിയുടെ ഗൗരവം കാണിക്കുന്നതാണ് ആക്രമണമെന്ന് ട്രാൻസിഷണൽ കൗൺസിൽ പ്രസിഡന്റ് ഫ്രിറ്റ്സ് അൽഫോൺസ് ജീന്‍ പറഞ്ഞു.
ഹെയ്തി എപ്പിസ്കോപ്പൽ കോൺഫറൻസ് (CEH) വക്താവ് ഫാ. മാർക്ക് ഹെൻറി സിമിയോൺ സംഭവത്തെ അപലപിച്ചു. ആക്രമണത്തില്‍ എല്ലാ തടവുകാരും രക്ഷപ്പെട്ടുവെന്നും കൊള്ളക്കാർ നഗരം കൈവശപ്പെടുത്തിയിരിക്കുകയാണെന്നും പ്രാദേശിക ബിഷപ്പ് മെസിഡോർ വെളിപ്പെടുത്തി. നിലവിലെ അക്രമ സാഹചര്യം സഭാജീവിതത്തെ ബാധിച്ചിരിക്കുകയാണ്. പോർട്ട്-ഔ-പ്രിൻസ് അതിരൂപതയിലെ ഇരുപത്തിയെട്ട് ഇടവകകൾ അടച്ചിട്ടിരിക്കുകയാണെന്നും ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഏകദേശം നാല്പതോളം ഇടവകകൾ കുറഞ്ഞ കാര്യക്ഷമതയിലാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. അരാജകത്വവും ക്രിമിനൽ സംഘങ്ങളുടെ തുടർച്ചയായ ആക്രമണങ്ങളെയും തുടർന്ന് കനത്ത അരക്ഷിതാവസ്ഥ നേരിടുന്ന രാജ്യമാണ് ഹെയ്തി.
