India - 2024

കൊടുങ്ങല്ലൂരിൽ ക്‌നാനായ കുടിയേറ്റ അനുസ്‌മരണം നടത്തി

08-03-2024 - Friday

കോട്ടയം: ക്നാനായ സമുദായം സീറോ മലബാർ സഭയ്ക്ക് പാഠപുസ്‌തകമാണെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. കോട്ടയം അതിരൂപത കൊടുങ്ങല്ലൂരിൽ സംഘടിപ്പിച്ച ക്‌നാനായ കുടിയേറ്റ അനുസ്‌മരണവും ക്നായി തോമാ ദിനാചരണവും ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ക്നാനായ സമുദായത്തെക്കൂടാതെ സീറോ മലബാർ സഭ അപൂർണമാണെന്നും ഇതിന്റെ കെട്ടുറപ്പും തനിമയും സഭയ്ക്കു മാത്രമല്ല, പൊതുസമൂഹത്തിനു തന്നെ മാതൃകയാണെന്നും മാർ തട്ടിൽ കൂട്ടിച്ചേർത്തു. ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ടിൻ്റെ അധ്യക്ഷതയിൽ മാർ പോളി കണ്ണൂക്കാടൻ, മാർ ജോസഫ് പണ്ടാരശേരിൽ, ഗീവർഗീസ് മാർ അപ്രേം എന്നിവർ സന്ദേശങ്ങൾ നൽകി.

വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, കെസിസി പ്രസിഡൻ്റ് ബാബു പറമ്പടത്തുമലയിൽ, പ്രിസ്ബിറ്ററൽ കൗൺസിൽ സെക്രട്ടറി ഫാ. ഏബ്രാഹം പ റമ്പേട്ട്, വിസിറ്റേഷൻ കോൺഗ്രിഗേഷൻ മദർ ജനറൽ സിസ്റ്റർ കരുണ എസ്‌വിഎം, പാസ്റ്ററൽ കൗൺസിൽ അൽമായ സെക്രട്ടറി ബിനോയി ഇടയാടിയിൽ, കെസിഡബ്ല്യുഎ പ്രസിഡൻ്റ് ഷൈനി ചൊള്ളമ്പേൽ, കെസിവൈഎൽ പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫൻ തുടങ്ങിയവർ പ്രസംഗിച്ചു.

അതിരൂപതാ സംഘടനകളുടെ വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ രാവിലെ കോട്ടപ്പുറം കോട്ടയിലെത്തി പൂർവിക അനുസ്‌മരണ പ്രാർഥന നടത്തി. ക്നായി തോമാഭവനിൽ കെസിസി പ്രസിഡൻ്റ പതാക ഉയർത്തി. കോട്ടപ്പുറം ഹോളി ഫാമിലി ദേവാലയത്തിൽ മാർ മാത്യു മൂലക്കാട്ടിൻ്റെ മുഖ്യകാർമികത്വത്തിൽ കൃതജ്ഞതാബലി അർപ്പിച്ചു. കോട്ടപ്പുറം കോട്ടയ്ക്ക് സമീപം നിർമിക്കുന്ന ഓർമക്കൂടാരത്തിൻ്റെ അടിസ്ഥാനശില മാർ മാത്യു മൂലക്കാട്ട് ആശീർവദിച്ചു.

More Archives >>

Page 1 of 575