News - 2024

ദക്ഷിണാഫ്രിക്കയിൽ മൂന്നു കോപ്റ്റിക് സന്യാസികള്‍ കൊല്ലപ്പെട്ടു

പ്രവാചകശബ്ദം 14-03-2024 - Thursday

പ്രിട്ടോറിയ: ഈജിപത് ആസ്ഥാനമായ കോപ്റ്റിക് ഓർത്തഡോക്സ് സഭയിലെ അംഗങ്ങളായ മൂന്നു സന്യാസികള്‍ ദക്ഷിണാഫ്രിക്കയിൽ കൊല്ലപ്പെട്ടു. പ്രിട്ടോറിയയിൽ നിന്ന് 30 കിലോമീറ്റർ അകലെ കള്ളിനൻ എന്ന ചെറുപട്ടണത്തിലുള്ള സെന്റ് മാർക്ക് ആൻഡ് സെൻ്റ് സാമുവൽ ദ കൺഫസർ മഠത്തിൽ ഇന്നലെ രാവിലെ കുത്തേറ്റു മരിച്ച നിലയിലാണു കണ്ടെത്തിയത്. ഫാ. താൽകാ മൂസ, ഫാ. മിനാ അവാ മാർക്കസ്, ഫാ. യൂസ്റ്റോസ് അവാ മാർക്കസ് എന്നിവരാണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതി 35 വയസ്സുകാരനാണ്. ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല. ഈജിപ്ഷ്യന്‍ സ്വദേശിയാണെന്നാണ് സൂചന. ഇയാളെ ഇന്നു വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. അതേസമയം കുറ്റകൃത്യത്തിൽ ഒന്നിലധികം പേർ പങ്കെടുത്തതായി സംശയിക്കുന്നു. കോപ്റ്റിക് സഭയുടെ അധ്യക്ഷന്‍ തവാദ്രോസ് രണ്ടാമൻ അക്രമത്തെ അപലപിച്ചു. ലണ്ടനിലെ കോപ്റ്റിക് ഓർത്തഡോക്സ് ആർച്ച് ബിഷപ്പ് ആംഗലോസ് കൊലപാതകങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതികരിച്ചു.

അക്രമാസക്തമായ കുറ്റകൃത്യങ്ങളുടെയും ലോകത്തിലെ ഏറ്റവും ഉയർന്ന കൊലപാതക നിരക്കുകള്‍ ഉള്ള രാജ്യങ്ങളിലൊന്നാണ് ദക്ഷിണാഫ്രിക്ക. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കോപ്റ്റിക് സന്യാസിനികളുടെ കൊലപാതകം. മദ്ധ്യ കിഴക്കൻ ദേശത്തെ ഏറ്റവും വലിയ ക്രൈസ്തവ സാന്നിധ്യമായ ഈജിപ്തിലെ കോപ്റ്റിക്ക് ഓർത്തഡോക്സ് സഭയ്ക്കു കീഴില്‍ പത്തു മില്യണിന് മുകളില്‍ വിശ്വാസികളാണുള്ളത്.

More Archives >>

Page 1 of 945