News

ഈശോയുടെ അന്ത്യത്താഴത്തിന് വേദിയായ മുറിയില്‍ വിശുദ്ധ ബലിയർപ്പണം

പ്രവാചകശബ്ദം 30-03-2024 - Saturday

ജെറുസലേം: ഈശോയുടെ അന്ത്യത്താഴത്തിന്റെ സ്മരണ പുതുക്കി അന്ത്യ അത്താഴത്തിന് വേദിയായ ജറുസലേമിലെ സിയോന്‍ മലമുകളില്‍ സ്ഥിതി ചെയ്യുന്ന 'അപ്പര്‍ റൂമി'ല്‍ വിശ്വാസികളും, വിശുദ്ധ നാട്ടിലെ സഭയുടെ വസ്തുവകകളുടെയും, ശുശ്രൂഷകളുടെയും ചുമതലയുള്ള ഫ്രാൻസിസ്കൻ സന്യസ്തരും ഒരുമിച്ചുകൂടി. ഇവിടെവച്ചാണ് യേശുക്രിസ്തു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകുയും വിശുദ്ധ കുർബാന സ്ഥാപിക്കുകയും ചെയ്തത്. വിശുദ്ധ നാടിന്റെ ചുമതല വഹിക്കുന്ന ഫാ. ഫ്രാൻസിസ്കോ പാറ്റൺ ഇവിടെ വിശുദ്ധബലിക്ക് നേതൃത്വം നൽകി. ജെറുസലേമിലെ ടെറ സാങ്ത സ്കൂളിലെ ആറ് അധ്യാപകരുടെയും, ആറ് വിദ്യാർത്ഥികളുടെയും പാദങ്ങളാണ് അദ്ദേഹം കഴുകിയത്.

"ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുക" എന്ന് യേശു ക്രിസ്തു നൽകിയ സന്ദേശത്തിലൂന്നിയായിരിന്നു തിരുക്കര്‍മ്മങ്ങള്‍ക്ക് മുന്നോടിയായി നൽകിയ പ്രസംഗം. സ്നേഹിക്കുക എന്നാൽ, സ്വയം നൽകുകയെന്നും, സേവനം ചെയ്യുകയെന്നുമാണ് അർത്ഥമാക്കുന്നതെന്ന് ഫാ. ഫ്രാൻസിസ്കോ പാറ്റൺ പറഞ്ഞു. സേവിക്കപ്പെടാൻ അല്ല സേവിക്കാനാണ് വിളിക്കപ്പെട്ടിരിക്കുന്നത് എന്ന് യേശുവിൽ നിന്നും പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിയോന്‍ മലമുകളിലെ അന്ത്യഅത്താഴത്തിന് വേദിയായ ഊട്ടുശാലയിലെ ഫ്രാൻസിസ്കൻ സന്യാസികളുടെ സാന്നിധ്യം 1342 ആരംഭിക്കുന്നതാണെന്ന് ചരിത്രകാരനായ മാർസിസോ ക്ലിമാസ് പറഞ്ഞു. പെന്തക്കുസ്താ തിരുനാൾ അല്ലാതെ ഫ്രാൻസിസ്കൻ സമൂഹാംഗങ്ങൾക്ക് ഇവിടെ പ്രവേശിച്ചു തിരുക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാന്‍ അവസരമുള്ളത് പെസഹ വ്യാഴാഴ്ച മാത്രമാണ്. സാധാരണയായി വചന സന്ദേശം മാത്രമായിരുന്നു ഇവിടെ നൽകിയിരുന്നത്. 2021 മുതൽ വിശുദ്ധ കുർബാന അർപ്പണവും ഇവിടെ നടക്കുന്നുണ്ട്. ഇസ്രായേലി പട്ടാളക്കാരാണ് പുറത്ത് സുരക്ഷ ഒരുക്കുന്നത്.

1333- ൽ നേപ്പിൾസിലെ ഭരണാധികാരികൾ ഈ സ്ഥലം വാങ്ങി ഫ്രാൻസിസ്കൻ സന്യാസികൾക്ക് കൈമാറിയിരുന്നു. പിന്നീട് പ്രദേശത്തെ ഒരു റബ്ബി നൽകിയ ഒരു ഹർജി സ്വീകരിച്ചുകൊണ്ട്, ദാവീദ് രാജാവിൻറെ ശവകുടീരം സ്ഥിതി ചെയ്യുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടി ഓട്ടോമൻ തുര്‍ക്കികൾ ക്രൈസ്തവരെ ഇവിടെനിന്ന് പുറത്താക്കുകയായിരുന്നു. ഇതിനുശേഷം ഊട്ടുശാല ഒരു മോസ്‌ക്കാക്കി മാറ്റുകയും, താഴത്തെ നില ഒരു സിനഗോഗാക്കി പരിവര്‍ത്തനം ചെയ്യുകയും ചെയ്തു. പിന്നീട് പത്തൊമ്പതാം നൂറ്റാണ്ടിലാണ് ഫ്രാൻസിസ്കൻ സന്യാസികൾക്ക് വർഷത്തിൽ രണ്ട് പ്രാവശ്യം ഇവിടെ പ്രാർത്ഥിക്കാനായിട്ടുള്ള അനുവാദം ലഭിക്കുന്നത്. ഇപ്പോൾ ഈ പ്രദേശം സ്ഥിതി ചെയ്യുന്ന സീയോൻ മല ഇസ്രായേലിന്റെ കൈവശമാണ്.

More Archives >>

Page 1 of 949