News - 2024

അന്വേഷിക്കുന്നവര്‍ക്കാണ്‌ കര്‍ത്താവ് സംലഭ്യനാകുന്നത്‌: മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ ഈസ്റ്റര്‍ സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം

പ്രവാചകശബ്ദം 30-03-2024 - Saturday

ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത്താവിന്റെ ഉത്ഥാനമാണ്‌. കര്‍ത്താവ്‌ ഉയിര്‍ത്തെഴുന്നേറ്റില്ലായിരുന്നെങ്കില്‍ ക്രൈസ്തവവിശ്വാസം അര്‍ഥശൂന്യമാകുമായിരുന്നു. ക്രൈസ്ത വജീവിതം ഉത്ഥാനത്തിന്റെ ആഘോഷമാണ്‌. എല്ലാ സഹനത്തിനും ഒരവസാനമുണ്ട്‌. ആ അവസാനം വ്യാഖ്യാനിക്കാന്‍ നമുക്കു നല്കുന്ന താക്കോല്‍വചനമാണ്‌ കര്‍ത്താവ്‌ ഉയിര്‍ത്തെഴുന്നേറ്റു എന്ന സദ്വാര്‍ത്ത. യോഹന്നാന്റെ സുവിശേഷം ഇരുപതാം അധ്യായം ഉത്ഥാനസത്യം നമ്മെ അറിയിക്കുന്ന വിവരണങ്ങളാണ്‌. കര്‍ത്താവിന്റെ ഉത്ഥാനത്തിന്‌ ആദ്യം സാക്ഷികളാകുന്നത്‌ കല്ലറ അന്വേഷിച്ചുപോയ സ്ത്രീകളാണ്‌. കര്‍ത്താവ്‌ അടക്കപ്പെട്ട സാബത്തിന്റെ കഠിനമായ നിയമങ്ങള്‍മൂലം ശവകുടീരത്തില്‍ ആവശ്യത്തിനു സുഗന്ധദ്രവ്യങ്ങള്‍ വയ്ക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. സാബത്ത്‌ അവസാനിച്ചപ്പോള്‍ അവന്റെ കല്ലറയില്‍ കുറവുള്ള സുഗസ്ധ്രദവ്യങ്ങള്‍ വയ്ക്കാനാണ്‌ മഗ്ദലനമറിയവും മറ്റൊരു മറിയവും അവിടേക്കു പോയത്‌.

ഈ സ്ത്രീകളാണ്‌ തുറക്കപ്പെട്ട കല്ലറ ആദയമായി കണുന്നത്‌. അന്വേഷിക്കുന്നവര്‍ക്കാണ്‌ കര്‍ത്താവു സംലഭ്യനാകുന്നത്‌. ഹൃദയത്തില്‍ കര്‍ത്താവിനോട ഒരുപാടു സ്നേഹം സൂക്ഷിച്ചിരുന്ന ഈ സ്ത്രീകള്‍ അവിടത്തെ അന്വേഷിച്ചിറങ്ങി. കല്ലറ മൂടിയിരുന്ന കല്ല് ആര് ഉരുട്ടിമാറ്റുമെന്ന ചോദ്യം അവരുടെ മനസ്സിലുണ്ട്‌. പക്ഷേ, അവര്‍ കണ്ടത്‌ ഉരുട്ടിമാറ്റപ്പെട്ട കല്ലും തുറന്ന കല്ലറയുമാണ്‌. നമ്മുടെ എല്ലാ പ്രതിസന്ധികളുടെ നടുവിലും ഉത്ഥാനതിരുനാള്‍ നല്കുന്ന സന്ദേശം ഇതാണ്‌: എല്ലാ പ്രതിസന്ധിയും ഉരുട്ടിമാറ്റപ്പെടേണ്ട കല്ലുകളാണ്‌. ഒരു കല്ലും ഉരുട്ടിമാറ്റപ്പെടാതിരിക്കില്ല.

കര്‍ത്താവിന്റെ ഉത്ഥാനം നമുക്കു നല്കുന്ന ഏറ്റവും വലിയ ബോധ്യം, പരിഹരിക്കാന്‍ പറ്റാത്ത ഒരു പ്രതിസന്ധിയും നമ്മുടെ ജീവിതത്തിലില്ല എന്നതാണ്‌. ഈ സന്ദേശം നിങ്ങളോടു പങ്കുവയ്ക്കുമ്പോള്‍ സഭ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പല പ്രതിസന്ധികളെക്കുറിച്ചും എനിക്ക്‌ ഓര്‍മ വരുന്നുണ്ട്‌. ഞാന്‍ ഈ ശുശ്രൂഷ നിര്‍വഹിക്കുമ്പോള്‍ എന്റെ മുമ്പിലുമുണ്ട്‌ ഈ പ്രതിസന്ധികള്‍ക്ക്‌ ഒരു പരിഹാരമില്ലേ എന്ന ചോദ്യം. പരിഹരിക്കപ്പെടാത്തതായി ഒരു പ്രതിസന്ധിയുമില്ല എന്നതാണ്‌ ഉത്തരം. ഒരു കല്ലും ഉരുട്ടിമാറ്റപ്പെടാതിരിക്കില്ല.

നമ്മുടെ കര്‍ത്താവ്‌ എത്ര വൃക്തിപരമായാണ്‌ നാമോരോരുത്തരുമായി ബന്ധപ്പെടുന്നതെന്നോര്‍ക്കണം. കര്‍ത്താവിനെ തേടിപ്പോയ മഗ്ദലേനമറിയത്തെ കര്‍ത്താവു പേരുചെല്ലി വിളിക്കുന്നു; “മറിയം!” എത്ര ഹൃദ്യമായ ഇടപെടലാണത്‌. ഉത്ഥാനതിരുനാള്‍ നമുക്കു നല്കുന്ന ഒരു വലിയ സന്തോഷം നമ്മുടെ യൊക്കെ പ്രതിസന്ധികളില്‍ നമ്മെ പേരുചൊല്ലി വിളിക്കുന്ന ഒരു കര്‍ത്താവുണ്ട്‌ എന്നതാണ്‌. “മറിയം!” ആ വിളി സുപരിചിതമായ ശബ്ദമായി അവള്‍ക്ക്‌ അനുഭവപ്പെട്ടു. അവള്‍ വിളിക്കേട്ടു: “കര്‍ത്താവേ! ഒരു അപരിചിതത്വവും അവള്‍ക്കു തോന്നിയില്ല. എന്നൊക്കെയാണോ പ്രതിസന്ധികള്‍ കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കുന്നത്‌, പ്രതിസന്ധികളുടെ തിരമാലകള്‍ സഭാനൗയകയെ ആടിയുലയ്ക്കുന്നത്‌, അന്നൊ ക്കെ നാം ശ്രദ്ധിച്ചാല്‍ മനസ്സി ലാകും, കര്‍ത്താവ്‌ നമ്മെ പേരുചൊല്ലി വിളിക്കുന്നുണ്ടെന്ന്‌.

നാം ആഗ്രഹിച്ചതു പോലെയെല്ലാം കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍ കര്‍ത്താവിന്റെ സാ ന്നിധ്യം നാം തിരിച്ചറിയണമെന്നില്ല. ആഗ്രഹിച്ചതൊന്നും നടക്കാതെ വരുമ്പോഴും വഴിമുട്ടുമ്പോഴും ചെ വിയോര്‍ത്താല്‍ കര്‍ത്താവ്‌ നമ്മെ പേരുചൊല്ലി വിളിക്കുന്നതു കേള്‍ക്കാനാവും. കര്‍ത്താവ്‌ നമ്മെ ഒരിക്കലും മറക്കുകയോ മാറ്റിനിര്‍ത്തുകയോ ചെയ്യുന്നില്ല. കര്‍ത്താവ്‌ നമ്മോടുകൂടെ ഉണ്ടെന്നുള്ള ശുഭാപ്തിവിശ്വാസത്തിന്റെ തിരുനാളാണ്‌ ഈസ്റ്റര്‍. കര്‍ത്താവ്‌ എല്ലാവരോടും അറിയിക്കാനായി മറിയത്തെ പറഞ്ഞേല്‍പിച്ചത്‌, ഞാന്‍ മരണത്തെ കീഴടക്കി ഉത്ഥാനം ചെയ്തിരിക്കുന്നു എന്ന സദ്വാര്‍ത്തയാണ്‌.

ഒരു ക്രൈസ്തവന്‍ ലോകത്തിനു കൈമാറേണ്ട സന്ദേശം ഉത്ഥാനത്തിന്റെ സന്ദേശമാണ്‌. പ്രതി സന്ധികളുടെയും അസ്വസ്ഥതകളുടെയും നടുവിൽ നാം കൈകളിൽ സൂക്ഷിക്കേണ്ടത് വിജയ ശ്രീലാളിതനായി ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവിന്റെ പതാകയാണ്. കര്‍ത്താവു നമുക്കു നല്‍കുന്ന സമാധാനം മറ്റുള്ളവര്‍ക്കുകൂടി പകർന്നുനൽകാനുള്ളതാണ്‌. നമ്മുടെ കുര്‍ബാനയില്‍, “സമാധാനം നമ്മോടുകൂടെ” എന്ന്‌ എത്ര പ്രാവശ്യമാണ്‌ നാം പറയുന്നത്‌! സമാധാനത്തിന്റെ സന്ദേശം കൈമാറാന്‍ കഴിയുന്നവര്‍ക്കാണ്‌ വിശ്വാസം ജീവിതത്തില്‍ പ്രായോഗികമാക്കാന്‍ കഴിയുക.

ജീവിതത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി എന്നു പറയുന്നത്‌ സമാധാനം ആസ്വദിക്കാനും മറ്റുള്ളവര്‍ക്കു കൊടുക്കാനും കഴിയുക എന്നതാണ്‌. അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ്‌ ഇങ്ങനെ പ്രാര്‍ഥിച്ചു; “എന്നെ നിന്റെ സമാധാനത്തിന്റെ ഉപകരണമാക്കണമേ. എവിടെയാണോ അന്ധകാരം, അവിടെ ഞാന്‍ പ്രകാശം പരത്തട്ടെ. എവിടെയാണോ അസ്വസ്ഥത, അവിടെ ഞാന്‍ ശാന്തി പകരട്ടെ. എവിടെയാണോ കൊടുങ്കാറ്റ്‌, അവിടെ ഞാന്‍ കുളിര്‍ത്തെന്നലാകട്ടെ. എവിടെയാണോ കാര്‍മേഘം, അവിടെ ഞാന്‍ തെളിഞ്ഞുകാണട്ടെ.”

സമാധാനം കൈമാറാനുള്ള നമ്മുടെ ഉത്തരവാദിത്വമാണ്‌ ഉത്ഥാനത്തിരുനാള്‍ നമുക്കു നല്‍കുന്നത്‌. സമാധാനമില്ലാത്ത ലോകം, സമാധാനമില്ലാത്ത സമൂഹങ്ങള്‍, സമാധാനമില്ലാത്ത കുടുംബങ്ങള്‍, സമാധാനമില്ലാത്ത വ്യക്തികള്‍... ഇവിടെയൊക്കെ ഉത്ഥാനതിരുനാളിനു നല്കാനുള്ള സദ്വാര്‍ത്ത നിങ്ങളുടെ കഷ്ടപ്പാടുകളുടെ നടുവില്‍ കര്‍ത്താവിന്റെ സമാധാനം നിങ്ങള്‍ക്കു കരഗതമാകും എന്നുള്ളതാണ്‌. സമാധാനം കൈമാറുന്ന ഉപകരണങ്ങളായി നാം മാറുന്നില്ലെങ്കില്‍ നമ്മുടെ ഉത്ഥാനതിരുനാൾ ആഘോഷത്തിന് സമൂഹമധ്യത്തില്‍ അര്‍ഥമോ മൂല്യമോ ഉണ്ടാകില്ല.

കാൽവരിയിലെ കർത്താവിന്റെ മരണമാണ് അവിടുത്തെ ഉത്ഥാനത്തിലേക്ക് നയിച്ചത്. തോല്‍വി ഉത്ഥാനത്തിന്റെ ആരംഭമാണ്‌. തോല്‍ക്കുന്നിടത്താണ്‌ ഉത്ഥാനം വിജയക്കൊടി പാറിക്കുന്നത്‌. ഈ കാലഘട്ടം ഒരുപാട്‌ അസ്വസ്ഥമാണ്‌. സാമ്പത്തികമായി വളരെ കഷ്ടനഷ്ടങ്ങള്‍ നമുക്കുണ്ട്‌. സാമുദായികമായി ഒരുപാടു വിഭജനങ്ങളുണ്ട്‌. സഭാത്മകമായും ധാരാളം കഷ്ടപ്പാടുകളും കണ്ണീ രുമൊക്കെയുണ്ട്‌. ഇതിന്റെ നടുവിലും ഒരു പുതിയ ഉത്ഥാനത്തിരുനാള്‍ നാം ആഘോഷിക്കുകയാണ്‌. തുറക്കപ്പെട്ട കല്ലറയും ഉരൂട്ടിമാറ്റപ്പെട്ട കല്ലുകളും കാണുന്നവരും അതു കാണാന്‍ മറ്റുള്ളവരെ ക്ഷണിക്കുന്നവരുമാണ്‌ ക്രൈസ്തവര്‍.

ഉത്ഥാനത്തിരുനാള്‍ നാം കൊണ്ടാടുമ്പോള്‍ അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ പ്രാര്‍ഥന നമ്മള്‍ പ്രായോഗികമാക്കണം: കര്‍ത്താവേ, എന്നെ നിന്റെ സമാധാനത്തിന്റെ ഉപകരണമാക്കണമേ.

ക്രൈസ്തവജീവിതം ഉത്ഥാന തിരുനാളിന്റെ തുടർച്ചയാണ്. "ആരെങ്കിലും എന്റെ പിന്നാലെ വരാൻ ആഗ്രഹിക്കുന്നുവെങ്കിൽ സ്വയം ത്യജിച്ച് കുരിശും വഹിച്ച് എന്റെ പിന്നാലെ വരട്ടെ" എന്ന ഈശോയുടെ ആഹ്വാനം പൂർത്തിയാക്കുന്നവർക്ക് ഈശോ നൽകുന്ന പ്രതിസമ്മാനമാണ് ഉത്ഥാനം. നമ്മുടെ അനുദിന ജീവിതത്തിലെ സഹനങ്ങൾ പ്രത്യാശയോടെ സ്വീകരിക്കുവാനും സ്നേഹത്തോടെ സംവഹിക്കുവാനും നമുക്ക് കഴിഞ്ഞാൽ ദൈവം നമുക്ക് നൽകുന്ന ഹൃദയത്തിന്റെ സന്തോഷമാണ് സമാധാനം. വലിയനോമ്പിന്റെ സമാപ്തിയാണല്ലോ ഉത്ഥാനതിരുനാൾ. സഹനത്തിന്റെ മേൽ ദൈവം നേടിയ വിജയമാണ് ഉത്ഥാനതിരുനാളിന്റെ പൊരുൾ. സഹനത്തെ വിശ്വാസത്തോടെ സ്വീകരിക്കാനും സംവഹിക്കാനും ദൈവം ഏവരെയും അനുഗ്രഹിക്കട്ടെ. ഉത്ഥാനതിരുനാളിന്റെ സർവ്വ മംഗളങ്ങളും നമുക്കുണ്ടാകട്ടെ.

ക്രൈസ്തവ വിശ്വാസജീവിതത്തിന്റെ ഏറ്റവും മൗലികവും അടിസ്ഥാനപരവുമായ ആഘോഷമാണ് ഉത്ഥാനതിരുനാൾ. അപ്പസ്തോലനായ പൗലോസ് ഉത്ഥാനതിരുനാളിന്റെ ദൈവശാസ്ത്രപരമായ അർത്ഥം ഇപ്രകാരമാണ് വിശദീകരിക്കുന്നത്. അവൻ ഉത്ഥാനം ചെയ്തില്ലായിരുന്നുവെങ്കിൽ നമ്മുടെ വിശ്വാസം നിരർത്ഥകമാണ്, വ്യർത്ഥമാണ്. അനുദിന ജീവിതം ഉത്ഥാനതിരുനാളിന്റെ പുനരാ വിഷ്ക്കരണമാണ്. ഈ പുനരാവിഷ്ക്കരണം എങ്ങനെയാണ് നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടതെന്ന് ഉത്ഥാനത്തിരുനാളുമായി ബന്ധപ്പെട്ട സംഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നുണ്ട്.

കർത്താവ് ഒറ്റികൊടുക്കപ്പെട്ട സന്ദർഭം നമ്മുടെ ഓർമ്മയിലുണ്ടല്ലോ. വിശുദ്ധ കുർബാനയിൽ പറയുന്നത് "ഒറ്റികൊടുക്കപ്പെട്ട രാത്രിയിൽ" എന്നാണ്. പെസഹാ ആഘോഷങ്ങൾ ആരംഭിക്കുന്നത് ഒറ്റികൊടുക്കപ്പെടലിൽ നിന്നാണ്. നമ്മുടെ ക്രൈസ്തവജീവിതത്തിൽ വിശ്വാസം വിശ്വസ്ത തയാകുന്നതാണ് ശിഷ്യത്വം. എന്നാണോ വിശ്വസ്തത നഷ്ടപ്പെടുന്നത് അന്ന് വിശ്വാസം നഷ്ടപ്പെടുന്നു. ഉത്ഥാനതിരുനാളിന്റെ പിന്നാമ്പുറത്ത് ഏറ്റവും കുറ്റക്കാരനായി കണക്കാക്കപ്പെടുന്നത് യുദാ സിനെയാണ്. മുപ്പത് വെള്ളിക്കാശിന് കർത്താവിനെ ഒറ്റിക്കൊടുത്ത യൂദാസ്. യൂദാസിന്റെ ചരിത്രം സമൂഹത്തിൽ തുടരുന്നുണ്ട്. ആ തുടർച്ചയിൽ നമുക്ക് കൂട്ടുപങ്കാളിത്തമുണ്ടോയെന്ന് നാം പരിശോധിക്കണം.

കർത്താവിന്റെ ഉത്ഥാനത്തിരുനാളിൽ ശിഷ്യന്മാർ നമുക്ക് മുന്നിൽ അവതരിപ്പിക്കുന്ന ചില പാഠങ്ങളുണ്ട്. കർത്താവിനെ അനുഗമിക്കാൻ ആഗ്രഹിച്ച് പാതിവഴിയിൽ തള്ളിപ്പറഞ്ഞ പത്രോസ്. കർത്താ വിനോടുള്ള ഇഷ്ടംകൊണ്ട് കൂടെ പോയതാണ്, പക്ഷെ പത്രോസിന് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. തീകായുന്ന പത്രോസിനെ കണ്ടിട്ട് ചില സ്ത്രീകൾ നീ അവന്റെ കൂടെ ഉണ്ടായിരുന്നവനല്ലേ എന്ന് ചോദിച്ചപ്പോൾ അവൻ പതറിപ്പോയി. പത്രോസ് പറഞ്ഞു, ഞാൻ അവനെ കണ്ടിട്ടുപോലുമില്ല. നമ്മുടെ മുന്നിലുണ്ടാകുന്ന ഒരു പ്രതിസന്ധിയാണിത്. കർത്താവിനെ ഏറ്റുപറയുന്നതുവഴി നമുക്ക് ഉണ്ടാകാവുന്ന ചില താത്കാലിക വിപത്തുകളുണ്ട്. മാത്രവുമല്ല, അതിനെ മറച്ചുവെച്ചാൽ നമുക്ക് കിട്ടാവുന്ന ചില സുരക്ഷിതത്വങ്ങളുണ്ട്.

ഈ കഥ ഇന്നും തുടരുകയാണ്. പത്രോസ് ഒരുപാട് കരഞ്ഞവനാണ്. പക്ഷെ, അവൻ കരഞ്ഞത് താൻ ചെയ്ത അവിശ്വസ്തതയുടെ കുറ്റബോധംകൊണ്ടാണ്. പത്രോസ് നമ്മെ പഠിപ്പിക്കുന്ന രണ്ടു പാഠങ്ങളുണ്ട്. ധീരതയോടുകൂടെ കർത്താവിനെ ഏറ്റുപറയാനുള്ള നിലനിൽപ്പിന്റെ പാഠവും തെറ്റിപോയെന്ന് പറയാനുള്ള സന്മനസ്സിന്റെ പാഠവും. നമ്മൾ എത്ര ആഗ്രഹിച്ചാലും കൈവിട്ടുപോകുന്ന ചില നിമിഷങ്ങളുണ്ട്. ആ നിമിഷങ്ങളിലൂടെ കടന്നുപോയ പത്രോസ് അവനെ തള്ളിപ്പറഞ്ഞവനാണ്. പക്ഷേ തിരിച്ചറിവിലേക്ക് വന്ന പത്രോസ് അവനുവേണ്ടി ധീരതയോടുകൂടി വിശ്വാസം ഏറ്റുപറഞ്ഞു രക്തസാക്ഷിത്വം വരിച്ചവനാണ്.

എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാരോടൊപ്പം അപരിചിതനായി ക്രിസ്തു സഹയാത്രികനാകുന്നുണ്ട്. നമ്മുടെ ജീവിതത്തിൽ പലപ്പോഴും കർത്താവ് പ്രത്യക്ഷപ്പെടുന്നത് അപരിചിതന്റെ ഭാവത്തിലാണ്. ഞാൻ എന്തിനാണ് കൽക്കട്ടായിലെ തെരുവുകളിൽ നിന്ന് കുഷ്ഠരോഗികളെയും ആർക്കും വേണ്ടാത്തവരെയും എടുത്തുകൊണ്ടുവരുമ്പോൾ മദർ തെരേസ പറയുമായിരുന്നു. അത് വഴിയിൽ വീണ തിരുവോസ്തിയാണെന്ന്. ഒരുപക്ഷെ ഉത്ഥാനത്തിരുനാൾ നമ്മുടെ മുന്നിൽ വയ്ക്കുന്ന ഒരു വലിയ സാധ്യത ധാരാളം അപരിചിതർ നമുക്ക് സഹയാത്രികരായുണ്ട് എന്നതാണ്. ആ അപരിചിതരിലൊക്കെ കർത്താവിനെ കാണാൻ നമ്മുക്ക് കഴിയേണ്ടിയിരിക്കുന്നു. കുടുംബങ്ങളിൽ പ്രതിസന്ധികളുണ്ടാകാം, ദാമ്പത്യജീവിതത്തിൽ പിരിമുറുക്കങ്ങളുണ്ടാകാം, മക്കളെ സ്വീകരിക്കുന്നതിന് നമ്മുടെ മുന്നിൽ സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടാകാം. അപ്പോഴൊക്കെ നമ്മുടെ വിശ്വാസസംഹിതകൾ മാറ്റി വെക്കാൻ നമുക്ക് പ്രലോഭനമുണ്ടാകാം. ഇത്തരം സന്ദർഭങ്ങളിൽ പത്രോസ് നമുക്ക് വഴിക്കാട്ടിയാണ്.

തെറ്റിപ്പോകാം, പക്ഷെ തെറ്റ് തിരുത്താൻ പഠിക്കുക എന്നുള്ള ഒരു സന്ദേശം ഉത്ഥാനത്തിരുനാൾ നമുക്ക് നൽകുന്നുണ്ട്. തെറ്റിപ്പോയ പത്രോസിനെ കർത്താവ് തിരുത്തുന്ന മനോഹരമായ ഒരു രംഗം തിബേരിയോസ് കടൽതീരത്തു നമ്മൾ കാണുന്നുണ്ട്. അപ്പവും മീനും മുറിച്ചു കൊടുത്ത ശേഷം കർത്താവ് പത്രോസിനോട് ചോദിക്കുന്നുണ്ട്, നീ ഇവരേക്കാൾ കൂടുതലായി എന്നെ സ്നേ ഹിക്കുന്നുണ്ടോ. കർത്താവ് ഉറപ്പോടുകൂടി ചോദിച്ച ആ ചോദ്യത്തിന് പത്രോസ് കൊടുത്ത ഉറപ്പില്ലാത്ത ഒരു നിഷ്കളങ്കമായ മറുപടിയുണ്ട്. കർത്താവേ ഞാൻ അങ്ങനെ ആഗ്രഹിക്കുന്നുണ്ടെന്ന് നിനക്ക് അറിയാമല്ലോ. അതിന് ഒരു വ്യാഖ്യാനമുണ്ട്. ആഗ്രഹിച്ചതുപോലെ ചെയ്യാൻ എനിക്ക് കഴിഞ്ഞിട്ടില്ല, ഇനിയും കഴിയുമോയെന്ന് എനിക്ക് ഉറപ്പുമില്ല. നമ്മുടെയൊക്കെ ജീവിതത്തിൽ ഉത്ഥാനതിരുനാൾ നമ്മെ വിളിക്കുന്നത് ഈ ദൗർബല്യത്തിന്റെ സാധ്യതകളിൽ ഉത്ഥാനത്തിന്റെ വിജയപതാക ഉയർത്താനാണ്.

സമാധാനം ഒരിക്കലും ഭൗതികമായ ഒരു സുസ്ഥിതിയല്ലെന്ന് തിരിച്ചറിയാൻ ഉത്ഥാനതിരുനാൾ നമ്മെ പഠിപ്പിക്കുന്നുണ്ട്. സമാധാനമെന്ന് പറയുന്നത് സാമ്പത്തിക സുസ്ഥിതിയും സമൃദ്ധിയുമാണെന്ന് കരുതുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. എല്ലാം സുരക്ഷിതമായാൽ നമ്മൾ സമാധാനമുള്ളവരാണെന്ന് ധരിക്കുന്നു. എന്നാൽ, അനുഭവങ്ങളുടെ പാഠപുസ്തകങ്ങൾ വായിക്കാനിടയായാൽ നിങ്ങൾക്ക് എന്തുമാത്രം സുസ്ഥിയുണ്ടാകുന്നോ അത്രതന്നെ നിങ്ങളുടെ സമാധാനം അപകടാവസ്ഥയിലാണെന്ന് മനസ്സിലാകും.

പെസഹാ രഹസ്യങ്ങളിലൂടെ കടന്നുപോകുമ്പോൾ സഹനത്തിന്റെ മൂർദ്ധന്യത്തിലാണ് കർത്താവ് ഒരുപാട് പേർക്ക് സമാശ്വാസം നൽകിയത്. സമാശ്വസിപ്പിക്കാൻ വന്ന വേറോനിക്കക്ക് കർത്താവ് തിരിച്ചുകൊടുത്തത് തന്റെ മുഖഛായയാണ്. എപ്പോഴൊക്കെ നാം മറ്റുള്ളവരുടെ മുഖം തുടക്കാൻ സന്മനസ്സ് കാണിക്കുന്നുവോ അപ്പോഴൊക്കെ കർത്താവ് നമുക്ക് തിരിച്ചുതരുന്നത് അവന്റെ തന്നെ മുഖഛായയാണ്.

കർത്താവിന്റെ കുരിശ് താങ്ങാൻ നിർബന്ധിക്കപ്പെട്ടവനാണ് ശിമയോൻ. പക്ഷെ, കർത്താവിന്റെ കുരിശിന്റെ വഴിയിൽ അർത്ഥവത്തായ ഒരു സഹയാത്രികനായി അവൻ മാറി. ദാമ്പത്യജീവിതത്തിന്റെ സഹനങ്ങളിൽ ജീവിതപങ്കാളിയെ വെറോനിക്കയാകാനോ ശിമയോനാകാനോ കൂട്ടുന്നതാണെന്ന തിരിച്ചറിവിലേക്ക് വളരാൻ നമുക്ക് കഴിയണം. എല്ലാം സുരക്ഷിതമായാൽ സമാധാനമുള്ളവരാണെന്ന് കരുതന്നവരോട് ഉത്ഥിതൻ പറയുന്നു: എല്ലാം സന്തോഷമാകുമ്പോഴല്ല നിങ്ങൾക്ക് സമാധാനമുണ്ടാകുന്നത്. മറിച്ച് എല്ലാം സന്തോഷത്തോടെ സ്വീകരിക്കാൻ നിങ്ങൾ കാണിക്കുന്ന ഔദാര്യത്തിലാണ് നിങ്ങൾക്ക് സമാധാനമുണ്ടാകുന്നത്.

ഞാൻ ഒരിക്കൽ ആഫ്രിക്ക സന്ദർശിച്ചപ്പോൾ ഒരു കുടുംബത്തെ പരിചയപ്പെട്ടു. അവർക്ക് നാല് മക്കളാണ്. ആദ്യത്തെ മൂന്ന് മക്കൾ മാനസിക വൈകല്യമുള്ളവരാണ്. നാലാമത്തെ കുട്ടി അതീവ ബുദ്ധിമാനും. ആ കുടുംബം എന്നോട് പറഞ്ഞു ഞങ്ങൾ നാലാമനെ വേണ്ടെന്ന് വയ്ക്കാൻ ആലോചിച്ചതാണ്, എന്നാൽ ദൈവം അനുവദിച്ചില്ല. വൈദ്യശാസ്ത്രമനുസരിച്ചും മനുഷ്യന്റെ ബുദ്ധിശാസ്ത്രമനുസരിച്ചും ദൈവത്തിലാശ്രയിച്ച് ഞങ്ങൾ എടുത്തത് റിസ്ക് ആണ്. എന്നാൽ വളരെ ബുദ്ധിമാനായ ഒരു കുഞ്ഞിനെ തന്നു ദൈവം ഞങ്ങളെ അനുഗ്രഹിച്ചു. സഹനങ്ങൾ എവിടെയൊക്കെ ഉണ്ടോ, അത് ഉത്ഥാനത്തിന്റെ ഒരു കവാടമാണ്. അതിന്റെ ഉള്ളടക്കം നമുക്ക് നൽകുന്ന കിരീടമാണ് കർത്താവിന്റെ ഉത്ഥാനത്തിന്റെ സമാധാനം.

നാമൊക്കെ നിരന്തരം പ്രാർത്ഥിക്കുന്നത് 'കർത്താവേ സമാധാനം നൽകണമേ' എന്നല്ലേ. എന്നാൽ കത്തോലിക്കാസഭയുടെ ചരിത്രത്തിൽ ഒരു വിശുദ്ധൻ മറിച്ചു പ്രാർത്ഥിച്ചിട്ടുണ്ട്; വി. ഫ്രാൻസിസ് അസ്സീസി. മാനസാന്തരത്തിനുശേഷം അദ്ദേഹം കുരിശിന്റെ താഴെ നിന്ന് പടിയൊരു പാട്ടുണ്ട്. അതാണ് ഇന്നത്തെ സമാധാനത്തിന്റെ സങ്കീർത്തനം എന്ന് അറിയപ്പെടുന്നത്. ഫ്രാൻസിസ് മാർപാപ്പ എല്ലാ ക്രൈസ്തവസഭാദ്ധ്യക്ഷന്മാരെയും ഒന്നിച്ചു പ്രാർത്ഥിക്കാൻ ക്ഷണിച്ചപ്പോൾ അവർ ഉരുവിട്ടത് സമാധാനത്തിന്റെ പ്രാർത്ഥനയാണ്. ഉത്ഥാനം നമുക്ക് നൽകുന്ന ഏറ്റവും വലിയ സമ്മാനം സമാധാനമാണ്. അത് എന്റെ ജീവിതത്തിൽ ഉണ്ടാകാൻ മാത്രം ആഗ്രഹിച്ചാൽ പോരാ, കൂടെയുള്ളവർക്കും സംലഭ്യമാകണം.

നല്ല സമരിയാക്കാരന്റെ കഥയിൽ കർത്താവ് ഒരു കാര്യം പഠിപ്പിക്കുന്നുണ്ട്. ഞാനും നിങ്ങളും കടന്നുപോകുന്ന വഴിപോക്കരാകാറുണ്ട്. അവശതയുള്ളവനെ അവർ കണ്ടു പക്ഷെ കടന്നുപോയി. സമരിയാക്കാരൻ അവനെ കണ്ടപ്പോൾ മനസ്സിൽ അനുകമ്പയുണ്ടായി. അവനെ കോരിയെടുത്തു സത്രത്തിലേക്ക് കൊണ്ടുപോയി തന്റെ കയ്യിലെ രണ്ടു ദനാറ കൊടുത്തിട്ട് സത്രം സൂക്ഷിപ്പുകാരനോട് പറഞ്ഞു വഴിയിൽ നിന്ന് കിട്ടിയതാണ്, പക്ഷെ അന്യനല്ല സ്വന്തമാണ്. തിരിച്ചുവരുമ്പോൾ ബാക്കിയുള്ളത് തന്നുകൊള്ളാം. കർത്താവ് രണ്ടു പ്രാവശ്യമേ 'ഇതുപോലെ ചെയ്യൂ' എന്ന് നമ്മളോട് പറഞ്ഞിട്ടുള്ളൂ. പെസഹായുടെ അപ്പം മുറിച്ചുകഴിഞ്ഞും നല്ല സമരിയാക്കാരന്റെ ഉപമയ്ക്കുശേഷവും.

സമാധാനത്തിലേക്കുള്ള വഴിയാണ് മുറിക്കപെടലും സഹോദരനെ കോരിയെടുക്കലും. ഈ വഴിയിലൂടെ നടക്കുന്നവർക്ക് മാത്രമേ സമാധാനത്തിന്റെ ഉപകാരണമാകാൻ സാധിക്കുകയുള്ളൂ. അതിനാൽ, നമുക്ക് സമൂഹത്തിൽ സമാധാനത്തിന്റെ ദൂതരാകാം. ഇതാണ് ഉത്ഥിതനായ കർത്താവ് നമുക്ക് നൽകുന്ന ഈസ്റ്റർ സന്ദേശം.

ഉത്ഥാനതിരുനാളിന്റെ മംഗളങ്ങൾ ഏവർക്കും ആശംസിക്കുന്നു. ഉയിർത്തെഴുന്നേറ്റ കർത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ.

More Archives >>

Page 1 of 950