News
ജപമാല പ്രാര്‍ത്ഥനയെ ഊര്‍ജ്ജമാക്കിയ വ്യക്തി: ലോകത്തിലെ ഏറ്റവും പ്രായമുള്ള പുരുഷൻ ജുവാൻ മോറ യാത്രയായി
പ്രവാചകശബ്ദം 05-04-2024 - Friday
കാരക്കാസ്: എല്ലാദിവസവും രണ്ടുതവണ ജപമാല ചൊല്ലി പ്രാർത്ഥിച്ചിരുന്ന ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷനായി അറിയപ്പെട്ടിരുന്ന ജുവാൻ വിസന്റെ പെരസ് മോറ നൂറ്റിപതിനാലാം വയസ്സിൽ അന്തരിച്ചു. ജീവിച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും പ്രായമായ പുരുഷനെന്ന പദവി 2022 ഫെബ്രുവരി നാലാം തീയതിയാണ് ഗിന്നസ് അധികൃതർ മോറയ്ക്ക് നൽകിയത്. ആ സമയത്ത് അദ്ദേഹത്തിന് 112 വയസ്സും 253 ദിവസവും ആയിരുന്നു പ്രായം. വെനിസ്വേല സ്വദേശിയായ മോറ ഏപ്രില്‍ രണ്ടിനാണ് തന്റെ ഇഹലോക ജീവിതം പൂര്‍ത്തിയാക്കി നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്.
1909 മെയ് മാസം ഇരുപത്തിയേഴാം തീയതി ഇൻഡിക്യു ഡെൽ റൊസാരിയോ, എഡൽമിര ദമ്പതികളുടെ ഒമ്പതാമത്തെ കുട്ടിയായിട്ടായിരിന്നു മോറയുടെ ജനനം. പത്താം വയസ്സിൽ സ്കൂളിൽ ചേർന്നുവെങ്കിലും പഠിപ്പിച്ചിരുന്ന ആൾ രോഗത്തിൻറെ പിടിയിൽ ആയതിനെ തുടർന്ന് അഞ്ചുമാസം മാത്രമേ മോറയ്ക്ക് അവിടെനിന്ന് വിദ്യാഭ്യാസം ലഭിച്ചുള്ളൂ. ഇതിനിടയിൽ പഠിപ്പിച്ചിരുന്നയാൾ നൽകിയ ഒരു പുസ്തകം ഉപയോഗിച്ച് എഴുത്തും, വായനയും മോറ പഠിച്ചു. എടിയോഫിന ഡെൽ റൊസാരിയോയെ വിവാഹം ചെയ്ത മോറയ്ക്ക് ആറ് ആൺകുട്ടികളും, അഞ്ചു പെൺകുട്ടികളും ആണുള്ളത്.
അടിയുറച്ച ക്രൈസ്തവ വിശ്വാസിയായിരുന്ന മോറ ദൈവവുമായും, കുടുംബാംഗങ്ങളുമായും അടുത്ത ബന്ധം സൂക്ഷിക്കാൻ ശ്രദ്ധിച്ചിരുന്നു. ദൈവത്തെ എല്ലാ ദിവസവും സ്നേഹിക്കുക, എപ്പോഴും ഹൃദയത്തിൽ കൊണ്ട് നടക്കുക എന്നീ രണ്ടു കാര്യങ്ങൾ തന്റെ ദീർഘായുസ്സിന് പിന്നിലുള്ള കാരണങ്ങളാണെന്ന് ഗിന്നസ് വേൾഡ് അധികൃതരോട് മോറ വെളിപ്പെടുത്തിയിരുന്നു. ക്രൈസ്തവ വിശ്വാസത്തോടും ഭാര്യയോടും വിശ്വസ്തതയുള്ള കഠിനാധ്വാനം ചെയ്യുന്ന ഒരു വ്യക്തിയായി അറിയപ്പെടുക എന്നതാണ് തന്റെ ആഗ്രഹമെന്നാണ് മോറ അന്ന് പറഞ്ഞത്. ദിവസത്തില്‍ രണ്ടു പ്രാവശ്യം ജപമാല ചൊല്ലിയിരിന്നുവെന്നും അന്ന് അദ്ദേഹം വ്യക്തമാക്കിയിരിന്നു.