News - 2024
മ്യാന്മറിൽ വിശുദ്ധ കുർബാനയ്ക്കിടെ കത്തോലിക്ക വൈദികന് വെടിയേറ്റു
പ്രവാചകശബ്ദം 15-04-2024 - Monday
യാങ്കോൺ: മ്യാന്മറിലെ കച്ചിൻ സംസ്ഥാനത്ത് വിശുദ്ധ കുർബാനയ്ക്കിടെ കത്തോലിക്ക വൈദികന് വെടിയേറ്റു. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് സംഭവം നടന്നത്. കച്ചിൻ സംസ്ഥാനത്തെ മോഹ്നിൻ പട്ടണത്തിലെ സെൻ്റ് പാട്രിക് ഇടവകപ്പള്ളിയിൽ രാവിലെ വിശുദ്ധ കുർബാന അർപ്പിക്കുകയായിരുന്ന ഫാ. പോൾ ഷേൻ ആംഗിന് നേരെയാണ് ആക്രമണം നടന്നത്. മുഖം മറച്ച് മോട്ടോൾ സൈക്കിളിലെത്തിയ രണ്ടു പേരാണ് ആക്രമണത്തിന് പിന്നിലെന്ന് നിരീക്ഷിക്കപ്പെടുന്നു. നാല്‍പ്പതുകാരനായ വൈദികനു നേർക്ക് അക്രമികള്‍ നിറയൊഴിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അക്രമികൾ തുടർന്ന് രക്ഷപ്പെട്ടു. ആക്രമണത്തിനുള്ള പ്രേരണ വ്യക്തമല്ല.
2021 ഫെബ്രുവരിയിൽ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഓംഗ് സാൻ സൂചി ഭരണകൂടത്തെ അട്ടിമറിച്ച് അധികാരം പിടിച്ചെടുത്ത സൈന്യം രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തുകയായിരുന്നു. ഇന്നും രാജ്യത്തു പ്രശ്നങ്ങള്‍ക്ക് അറുതിയില്ല. കിരാതമായ നിലപാടുകളില്‍ തങ്ങളുടെ എതിര്‍പ്പ് പ്രകടിപ്പിക്കാൻ സമാധാനപരമായി നിരത്തിൽ ഇറങ്ങിയ ജനങ്ങളെ പട്ടാളം അടിച്ചമർത്തി. ഇതിനിടെ അക്രമകാരികളെ ലക്ഷ്യമിട്ട് പട്ടാളക്കാര്‍ നടത്തിയ തിരച്ചിലിലും ആക്രമണങ്ങളിലും രാജ്യത്തെ നിരവധി ക്രൈസ്തവ ദേവാലയങ്ങള്‍ അഗ്നിയ്ക്കിരയാക്കപ്പെട്ടിരിന്നു. 2016 ലെ സെൻസസ് പ്രകാരം, രാജ്യത്തെ ആകെ ജനസംഖ്യയുടെ 6.3% ആണ് മ്യാന്മറിലെ ക്രൈസ്തവര്‍.