News - 2024

മ്യാന്മറിൽ ക്രൈസ്തവ ദേവാലയങ്ങൾക്കു നേരെ വ്യോമാക്രമണം

പ്രവാചകശബ്ദം 17-05-2024 - Friday

ചിൻ: മ്യാൻമറിലെ ചിൻ സംസ്ഥാനത്ത് കത്തോലിക്ക ദേവാലയത്തിനും മറ്റൊരു ബാപ്റ്റിസ്റ്റ് ദേവാലയത്തിനും നേരെ വ്യോമാക്രമണം. കലായ് രൂപതയുടെ കീഴിലുള്ളതാണ് ആക്രമിക്കപ്പെട്ട കത്തോലിക്കാ ദേവാലയം. ടോൻസാങ് നഗരത്തിനടുത്തുള്ള ലങ്ടാക് ഗ്രാമത്തിലാണ് ആക്രമിക്കപ്പെട്ട ഇരു ദേവാലയങ്ങളും സ്ഥിതി ചെയ്യുന്നത്. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വിമതഗ്രൂപ്പുകൾക്കെതിരെയുള്ള ആക്രമണത്തിന്റെ ഭാഗമായാണ് മ്യാന്മാർ വ്യോമസേന ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങൾക്കുനേരെ ബോംബാക്രമണം നടത്തിയത്. മെയ് പതിനൊന്നും പന്ത്രണ്ടും തീയതികൾക്കിടയിലാണ് ബോംബാക്രമണം ഉണ്ടായതെന്ന് നിരീക്ഷിക്കപ്പെടുന്നു.

ദേവാലയത്തില്‍ ഉണ്ടായിരുന്ന ഫാ. ടൈറ്റസ് എൻ സാ ഖാൻ എന്ന വൈദികനും, മറ്റു വിശ്വാസികളും രക്ഷപെട്ട് അടുത്തുള്ള കാടുകളിൽ അഭയം തേടിയതായി ഏജന്‍സിയ ഫിദേസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലങ്ടാക് ഗ്രാമവും സമീപത്തുള്ള മറ്റു രണ്ടു ഗ്രാമങ്ങളും ആക്രമണത്തിലൂടെ മ്യാൻമറിലെ സൈന്യം പിടിച്ചെടുത്തു. ചിൻ സംസ്ഥാനത്തെ എൺപത്തിയാറു ശതമാനം ജനങ്ങളും ക്രൈസ്തവരാണ്. ഇവിടെ നാളുകളായി ആളുകൾക്കിടയിൽ സംഘർഷങ്ങളും അക്രമങ്ങളും നിലനിൽക്കുന്നുണ്ട്. 2021-ൽ സൈന്യം ഭരണം പിടിച്ചെടുത്തതിനുശേഷം, പ്രദേശത്തുള്ള ചിലര്‍ പ്രതിരോധനിരയോട് ചേർന്ന് സൈന്യത്തിനെതിരെ പോരാട്ടം തുടരുകയാണ്. എന്നാല്‍ ഇതിന്റെ ഇരകളാകുന്നത് മ്യാൻമറിലെ സാധാരണ ജനങ്ങളാണ്.


Related Articles »