News - 2025

മ്യാന്മറിൽ കത്തീഡ്രൽ ദേവാലയം സൈന്യം അഗ്നിക്കിരയാക്കി

പ്രവാചകശബ്ദം 19-03-2025 - Wednesday

കച്ചിന്‍: മ്യാന്മറിലെ കച്ചിൻ സംസ്ഥാനത്തെ ബാമോയിലുള്ള സെന്റ് പാട്രിക്സ് കത്തീഡ്രല്‍ ദേവാലയം മ്യാൻമർ സൈന്യം തീയിട്ടു. വിശുദ്ധ പാട്രിക്കിൻറെ തിരുന്നാളിൻറെ തലേന്ന്, മാർച്ച് 16 ഞായറാഴ്ച, എസ്.എ.സി സൈന്യം പ്രദേശത്തു നടത്തിയ സൈനിക നടപടിയിലാണ് കത്തീഡ്രല്‍ ദേവാലയം നാമാവശേഷമായത്. ഫെബ്രുവരി 26ന് സൈനീക നടപടിയ്ക്കിടെ ബന്മാവ് രൂപതാ കാര്യാലയവും വിദ്യാലയവും അടങ്ങിയിരുന്ന കെട്ടിടസമുച്ചയം കത്തി നശിച്ചിരുന്നു.

2006-ലാണ് ബന്മാവ് രൂപത സ്ഥാപിതമായത്. രാജ്യത്തെ സൈനിക ഭരണകൂടത്തിനെതിരെ പതിറ്റാണ്ടുകളായി ചെറുത്തുനിൽക്കുന്ന കച്ചിൻ ഇൻഡിപെൻഡൻസ് ആർമി (KIA) എന്ന വംശീയഗ്രൂപ്പ് സ്വയം നിർണ്ണയാവകാശത്തിനായാണ് പോരാടുന്നത്. ബന്മാവ് പ്രദേശമുൾപ്പെടെ കച്ചിൻ സംസ്ഥാനത്തിന്റെ പൂർണ്ണമായ നിയന്ത്രണം ഉറപ്പാക്കുന്നതിനുവേണ്ടി സൈന്യം തുടരുന്ന ആക്രമണങ്ങൾ മൂലം പ്രദേശത്തുനിന്നുള്ള ആയിരങ്ങള്‍ മറ്റിടങ്ങളിലേക്ക് കുടിയേറാൻ നിർബന്ധിതരായി. ബന്മാവ് രൂപതയിലെ പതിമൂന്ന് ഇടവകളിൽ ഒൻപതെണ്ണത്തെയും ആക്രമണങ്ങൾ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

ഇപ്പോൾ സംജാതമായിരിക്കുന്ന സംഘർഷാവസ്ഥയ്ക്കു മുമ്പ് ഈ രൂപതയുടെ അതിർത്തിക്കുള്ളിൽ നാലുലക്ഷത്തിലേറെ നിവാസികളുണ്ടായിരുന്നു. ഇവരിൽ കത്തോലിക്ക വിശ്വാസികളുടെ എണ്ണം 27000 ആയിരുന്നു. എന്നാല്‍ ഇത് ഇപ്പോള്‍ വളരെ ചുരുങ്ങിയിരിക്കുകയാണ്. കച്ചിന്‍ സംസ്ഥാനത്തെ ബഹുഭൂരിപക്ഷവും ക്രൈസ്തവ വിശ്വാസികളാണ്. കഴിഞ്ഞ അരപതിറ്റാണ്ടായി കൊടിയ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. 2021 ലെ സൈനിക അട്ടിമറിയില്‍ 6,300 ലധികം സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. 28,000ത്തിലധികം പേര്‍ അറസ്റ്റിലായതായും റിപ്പോര്‍ട്ട് പുറത്തുവന്നിരിന്നു.

സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍


Related Articles »