News

ലൂർദ് മാതാവിനാൽ പ്രചോദിതം: ഫെറേറോ റോഷേർ ചോക്ലേറ്റിന് പിന്നിലെ കഥ

പ്രവാചകശബ്ദം 17-04-2024 - Wednesday

റോം: ലോക പ്രസിദ്ധമായ ഫെറേറോ കമ്പനിയുടെ ഫെറേറോ റോഷേർ ചോക്ലേറ്റ് ലോകപ്രസിദ്ധമാണ്. എന്നാൽ ആരും അറിയാത്ത ഒരു കാര്യം ചോക്ലേറ്റിന്റെ നിർമാതാക്കളായ കമ്പനിക്ക് ലൂർദ് മാതാവിനോടുള്ള ബന്ധമാണ്. കമ്പനിക്ക് തുടക്കം കുറിച്ച മിക്കേല ഫെറേറോ ലൂർദ് മാതാവിൻറെ വലിയ ഭക്തനായിരുന്നു. അദ്ദേഹം തൻറെ ചോക്ലേറ്റിന് ഫെറേറോ റോച്ചർ എന്ന പേരിട്ടത് മാതാവിനോട് ആദരം പ്രകടിപ്പിക്കാനാണെന്നതാണ് സത്യം. റോച്ചർ എന്ന വാക്കിൻറെ ഫ്രഞ്ച് അർത്ഥം 'പാറ' എന്നാണ്. 1858-ല്‍ റോച്ചർ ഡി മസാബിയേലെ എന്ന പേരിലുള്ള പാറക്കെട്ടുകൾക്കിടയിലാണ് പരിശുദ്ധ കന്യകാമറിയം ലൂർദ്ദിൽ പ്രത്യക്ഷപ്പെട്ടത്. ഈ പാറക്കെട്ടുകളുടെ സാദൃശ്യത്തിലാണ് ചോക്ലേറ്റിന്റെ കവർ പോലും നിർമ്മിച്ചിരിക്കുന്നത്.

കമ്പനിയുടെ അന്‍പതാം വാർഷികത്തിൽ മിക്കേല പറഞ്ഞു: ഫെറേറോ കമ്പനിയുടെ വിജയം ലൂർദ് മാതാവിന് അവകാശപ്പെട്ടതാണ്. മാതാവിന്റെ സഹായമില്ലാതെ ഇങ്ങനെ ചെയ്യാൻ സാധിക്കില്ല. മിക്കേല ഫെറേറോയ്ക്ക് ലൂർദ് മാതാവിനോട് അടങ്ങാത്ത ഭക്തി ഉണ്ടായിരുന്നുവെന്നും അദ്ദേഹം ലൂർദ് സന്ദർശിക്കുകയും സഹായങ്ങൾ നൽകുകയും ചെയ്യുമായിരുന്നുവെന്നും 2023 ലൂർദ്ദിലെ ചാപ്ലിനായ ഫാ. മൗറീഷ്യോ ഏലിയാസ് എസിഐ പ്രൻസാ എന്ന മാധ്യമത്തോട് പറഞ്ഞിരുന്നു. എല്ലാവർഷവും അദ്ദേഹം ലൂർദ്ദിലേക്ക് തീർത്ഥാടനം നടത്തുമായിരുന്നുവെന്നും കമ്പനിയിലെ ജോലിക്കാരെയും കൊണ്ടുപോകുമായിരുന്നുവെന്നും പറയപ്പെടുന്നു.

കമ്പനിയുടെ ലോകമെമ്പാടുമുള്ള 14 ശാഖകളിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപവും അദ്ദേഹം സ്ഥാപിച്ചിരുന്നു. 2015 ഫെബ്രുവരി പതിനാലാം തീയതി മരണമടയുന്നതിന് മുമ്പ് ലൂർദ്ദ് തീർത്ഥാടന കേന്ദ്രത്തിൽ വെള്ളപ്പൊക്കം ഉണ്ടായതിനെ തുടർന്നുണ്ടായ നാശനഷ്ടം പരിഹരിക്കാൻ അദ്ദേഹം വലിയൊരു തുകയാണ് വാഗ്ദാനം ചെയ്തത്. അദ്ദേഹത്തിൻറെ മരണശേഷം പിതാവ് നൽകിയ വാക്ക്, മക്കൾ പാലിക്കുകയും പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വേണ്ടി പണം നൽകുകയും ചെയ്തത് ഏറെ മാധ്യമ ശ്രദ്ധ നേടിയിരിന്നു. ന്യൂട്ടെല്ല ഉള്‍പ്പെടെയുള്ള ബ്രാന്‍ഡുകള്‍ ഫെറേറോ കമ്പനിയുടേതാണ്.

More Archives >>

Page 1 of 955