News - 2025
ബാൾട്ടിമോർ അപകടം: സഹായവുമായി കത്തോലിക്ക സന്നദ്ധ സംഘടന
പ്രവാചകശബ്ദം 16-04-2024 - Tuesday
ബാൾട്ടിമോർ: അമേരിക്കയിലെ ബാൾട്ടിമോർ തുറമുഖത്തിനടുത്തു പാലം ചരക്കുകപ്പല്‍ ഇടിച്ചു തകര്‍ന്നതിനെത്തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് സഹായവുമായി കത്തോലിക്ക സന്നദ്ധ സംഘടന. പാലം തകര്‍ന്ന ദുരന്തത്തില്‍ പ്രിയപ്പെട്ടവരേയും ജീവനോപാധികളും നഷ്ടപ്പെട്ട കുടുംബങ്ങൾക്കായി ബാൾട്ടിമോർ അതിരൂപത നടത്തുന്ന ദുരിതാശ്വാസ നിധിയിലേക്ക് 1,00,000 ഡോളർ സംഭാവന ചെയ്യാനാണ് ക്നൈറ്റ്സ് ഓഫ് കൊളംബസ് സംഘടന തീരുമാനമെടുത്തിരിക്കുന്നത്. കഴിഞ്ഞ മാസം മാർച്ച് 26ന് രാവിലെ കണ്ടെയ്‌നർ കപ്പൽ ഇടിച്ചതിനെത്തുടർന്ന് പാലം തകരുകയായിരിന്നു. സംഭവത്തില്‍ ആറ് നിർമ്മാണ തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെടുകയും മറ്റ് നിരവധി ആളുകൾക്ക് പരിക്കേല്‍ക്കുകയും ചെയ്തിരിന്നു.
തൊഴിലാളികളുടെ മരണത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ഇവര്‍ കത്തോലിക്ക ഹിസ്പാനിക് സമൂഹത്തിൽ നിന്നുള്ളവരാണെന്ന് മനസിലാക്കിയെന്നും കുടുംബത്തിലെ വിധവകൾക്കും അനാഥർക്കും സഹായം നൽകുന്നതിന് ബാൾട്ടിമോറിലെ പള്ളിയുമായി ചേരാൻ ഇത് തങ്ങളെ പ്രേരിപ്പിക്കുകയായിരിന്നുവെന്നും ക്നൈറ്റ്സ് ഓഫ് കൊളംബസ് അധ്യക്ഷന്‍ പാട്രിക്ക് കെല്ലി പറഞ്ഞു. ഇടവക തലത്തില്‍ സ്വരൂപിക്കുന്ന ദുരിതാശ്വാസ ഫണ്ടിന് കത്തോലിക്ക സംഘടനയുടെ സഹായത്തിനു പുറമേ ഏകദേശം 70,000 ഡോളർ ലഭിച്ചിട്ടുണ്ട്. മരിച്ച തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ഭൗതികവും ആത്മീയവുമായ സഹായവും ലഭ്യമാക്കുമെന്ന് ആർച്ച് ബിഷപ്പ് വില്യം ലോറി നേരത്തെ തന്നെ വ്യക്തമാക്കിയിരിന്നു.