News - 2024

ബൈബിൾ തങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ചുവെന്ന് ഏറ്റുപറയുന്ന യുവജനങ്ങളുടെ എണ്ണത്തിൽ വർദ്ധനവ്

പ്രവാചകശബ്ദം 16-04-2024 - Tuesday

ലണ്ടന്‍: ബൈബിൾ തങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ചുവെന്ന് പറയുന്ന യുവജനങ്ങളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായതായി വ്യക്തമാക്കി പുതിയ റിപ്പോർട്ട്. സ്റ്റേറ്റ് ഓഫ് ദ ബൈബിൾ യുഎസ്എ 2024 എന്ന പേരിൽ അറിയപ്പെടുന്ന റിപ്പോർട്ടിന്റെ ആദ്യ ഭാഗമാണ് ദ അമേരിക്കൻ ബൈബിൾ സൊസൈറ്റി പുറത്തുവിട്ടത്. ദ ബൈബിൾ ഇൻ അമേരിക്ക ടുഡേ എന്ന പേരിലുളള റിപ്പോർട്ടിന്റെ ആദ്യ അധ്യായത്തിൽ ആളുകളുടെ ബൈബിൾ ഉപയോഗത്തെപ്പറ്റിയും, ബൈബിൾ വായനയെ പറ്റിയുമാണ് വിശകലനം ചെയ്യുന്നത്. കൂടാതെ ബൈബിൾ എങ്ങനെ തങ്ങളുടെ ജീവിതത്തിൽ മാറ്റം വരുത്തിയെന്ന് പ്രതികരണം നടത്തിയവർ പറഞ്ഞതും ഈ അധ്യായത്തിൽ വിശകലനം ചെയ്യുന്നുണ്ട്.

ജനുവരി 4 മുതൽ 23 വരെ നടന്ന സർവേയിൽ അമേരിക്കന്‍ സ്വദേശികളായ 2506 പേരാണ് പങ്കെടുത്തത്. ബൈബിൾ സന്ദേശത്തിന് തങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കാൻ സാധിച്ചുവെന്ന് സർവേയിൽ പങ്കെടുത്ത 58% പേരാണ് അഭിപ്രായപ്പെട്ടത്. 2023ൽ ശതമാന കണക്ക് 57 ആയിരുന്നു. ജനറേഷൻ എക്സിൽ ഉൾപ്പെടുന്നവരുടെ ഇടയിലും ഏകദേശം സമാനമായ ശതമാന കണക്കാണ് റിപ്പോർട്ടിൽ രേപ്പെടുത്തിയിരിക്കുന്നത്. 1997നു ശേഷം ജനിച്ച ജനറേഷൻ സിയിൽ ഉൾപ്പെടുന്നവരിൽ 54 ശതമാനം ബൈബിൾ തങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ചുവെന്ന് പറഞ്ഞു. കഴിഞ്ഞ വർഷം ഇവരുടെ കണക്ക് 50% ആയിരുന്നു.

യുവജനങ്ങൾ ബൈബിളിൽ താൽപര്യവും, ആകാംക്ഷയും, ജീവിതത്തെ മാറ്റിമറിക്കാൻ തക്കവിധത്തിലുള്ള ബന്ധവും കാണിക്കുന്നുണ്ടെന്നും ഇത് ഇങ്ങനെ തുടർന്നാൽ നല്ല പ്രതീക്ഷയ്ക്ക് വകയുണ്ടെന്നും അമേരിക്കൻ ബൈബിൾ സൊസൈറ്റിയുടെ ചീഫ് പ്രോഗാം ഓഫീസറും, സ്റ്റേറ്റ് ഓഫ് ദ ബൈബിളിന്റെ എഡിറ്റർ ഇൻ ചീഫും ആയ ജോൺ പ്ലേക്ക് പ്രതികരിച്ചു. 1946 നും 1964 നും ഇടയിൽ ജനിച്ച ബേബി ബൂമേഴ്സ് എന്നറിയപ്പെടുന്ന വിഭാഗത്തിൽപ്പെട്ടവരില്‍ 69% പേരാണ് ബൈബിൾ തങ്ങളുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയെന്ന് വെളിപ്പെടുത്തിയത്. കഴിഞ്ഞ വർഷം 64% പേരായിരിന്നു സമാന അഭിപ്രായം നടത്തിയിരിന്നത്.

More Archives >>

Page 1 of 955