News - 2024
മെയ് 3ന് ദേശീയ പ്രാര്‍ത്ഥനാദിനമായി ആചരിക്കാന്‍ കൊളംബിയ
പ്രവാചകശബ്ദം 27-04-2024 - Saturday
ബൊഗോട്ട: രാജ്യത്തെ സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടി മെയ് 3നു പ്രത്യേകം പ്രാർത്ഥിക്കാൻ ആഹ്വാനവുമായി കൊളംബിയയിലെ മെത്രാന്‍ സമിതി. സായുധ സംഘട്ടനങ്ങൾക്കും മറ്റ് തരത്തിലുള്ള അക്രമങ്ങൾക്കും ഇടയിൽ പ്രദേശങ്ങൾ അഭിമുഖീകരിക്കുന്ന ഗുരുതരമായ മാനുഷിക പ്രതിസന്ധിയെയും കണക്കിലെടുത്താണ് പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനമെന്ന് കൊളംബിയയിലെ മെത്രാന്‍ സമിതി പ്രസ്താവിച്ചു.
ഈ വർഷത്തെ പ്രാർത്ഥനാദിനത്തിന്റെ ആപ്തവാക്യമായി "നിങ്ങള്‍ക്ക് ഒരു ഗുരുവേയുള്ളൂ, നിങ്ങളെല്ലാം സഹോദരന്‍മാരാണ്" (മത്തായി 23:8) എന്ന വാക്യമാണ് മെത്രാന്‍ സമിതി തെരഞ്ഞെടുത്തിരിക്കുന്നത്. വ്യത്യാസങ്ങൾക്കപ്പുറം നാമെല്ലാവരും ദൈവത്തിന്റെ മക്കളാണെന്നും അതിനാൽ സഹോദരന്മാരാണെന്ന് തിരിച്ചറിയാൻ ഈ പ്രാര്‍ത്ഥനാദിനം ക്ഷണിക്കുകയാണെന്നും മെത്രാന്‍ സമിതി പ്രസ്താവിച്ചു.
കർത്താവ് തൻ്റെ പരിശുദ്ധാത്മാവിനാൽ അനുരഞ്ജനത്തിൻ്റെ പാതകൾ നമുക്ക് കാണിച്ചുതരണമെന്ന് നമ്മുടെ രാജ്യത്തിനായി നമുക്ക് പ്രാർത്ഥിക്കാമെന്നു ബൊഗോട്ട ആർച്ച് ബിഷപ്പും ദേശീയ മെത്രാന്‍ സമിതിയുടെ അധ്യക്ഷനുമായ കർദ്ദിനാൾ ലൂയിസ് ജോസ് റുവേഡ പറഞ്ഞു. അനുരഞ്ജനത്തിന് അപരനെ സഹോദരനായി കാണാനുള്ള കഴിവ് ആവശ്യമാണ്. യേശു നമ്മോട് പറഞ്ഞിട്ടുണ്ട്: നാമെല്ലാവരും ഒരേ പിതാവിൻ്റെ മക്കളാണ്. ഉന്മൂലനം ചെയ്യപ്പെടേണ്ട ശത്രുവായിട്ടല്ല, ഒരു സുഹൃത്തായി കുടുംബത്തിലെ അംഗമെന്ന നിലയിൽ, അപരനെ നോക്കുകയാണ് വേണ്ടതെനന്നും കർദ്ദിനാൾ ലൂയിസ് ജോസ് റുവേഡ പറഞ്ഞു.