News - 2024

100 കൊല്ലം മുന്‍പ് നടന്ന വംശഹത്യയെ അതിജീവിച്ച അർമേനിയയിലെ ക്രൈസ്തവർ ഇന്നും നിലനിൽപ്പിനായുള്ള പോരാട്ടത്തിൽ

പ്രവാചകശബ്ദം 27-04-2024 - Saturday

യെരെവന്‍: നൂറു കൊല്ലം മുന്‍പ് ഓട്ടോമൻ തുർക്കികൾ നടത്തിയ വംശഹത്യയെ അതിജീവിച്ച അർമേനിയൻ ക്രൈസ്തവർ ഇപ്പോൾ നിലനിൽപ്പിനായുള്ള പോരാട്ടത്തില്‍. ഈയാഴ്ചയാണ് അർമേനിയന്‍ വംശഹത്യയുടെ നൂറ്റിയൊന്‍പതാം വാർഷികം ലോകമെമ്പാടും ആചരിക്കപ്പെട്ടത്. അർമേനിയൻ വംശഹത്യ ഒരു ഓർമ്മദിനം മാത്രമല്ല, മറിച്ച് ഇപ്പോൾ ആയിരിക്കുന്ന ഒരു ചരിത്ര നിമിഷം ആയിട്ടാണ് തോന്നുന്നതെന്ന് ഇറ്റേണൽ വേൾഡ് ടെലിവിഷൻ നെറ്റ് വർക്കിന്റെ ന്യൂസ് നൈറ്റിലി പരിപാടിയിൽ ബുധനാഴ്ച ഫിലോസ് പ്രൊജക്റ്റുമായി ചേർന്ന് പ്രവർത്തിക്കുന്ന അർമേനിയൻ ആക്ടിവിസ്റ്റായ സിമോണി റിസ്കളള പറഞ്ഞു.

1915 ൽ നടന്ന അർമേനിയന്‍ വംശഹത്യയിൽ 15 ലക്ഷത്തോളം ക്രൈസ്തവർക്കാണ് ജീവൻ നഷ്ടമായത്. ഇതിനെ അമേരിക്ക അടക്കം മുപ്പതോളം രാജ്യങ്ങൾ വംശഹത്യയായി അംഗീകരിക്കുന്നുണ്ടെങ്കിലും തുർക്കി ഇതുവരെ അതിന് തയ്യാറായിട്ടില്ല. 100 കൊല്ലം മുന്‍പ് നടന്ന വംശഹത്യയെ അതിജീവിച്ച അർമേനിയയിലെ ക്രൈസ്തവർ ഇന്നും നിലപ്പിനായുള്ള പോരാട്ടത്തിലാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെയാണ് അർമേനിയയുടെ അയൽരാജ്യമായ അസർബൈജാൻ - നാഗോർണോ കാരബാക്ക് മേഖലയിൽ അക്രമണം നടത്തി ഒരു ലക്ഷത്തോളം അർമേനിയൻ വംശജരെ അവരുടെ വീടുകളിൽ നിന്നും തുരത്തിയത്.

ഈ നടപടിയെ വംശീയ ഉന്മൂലനം എന്നാണ് ഏതാനും അന്താരാഷ്ട്ര നേതാക്കൾ വിശേഷിപ്പിച്ചത്. അസർബൈജാനും തുർക്കിയും ഇവിടംകൊണ്ട് നിർത്തില്ലെന്നും അർമേനിയ മുഴുവനായി പിടിച്ചെടുക്കുകയെന്നതാണ് അവരുടെ ലക്ഷ്യമെന്നും സിമോണി റിസ്കളള പറഞ്ഞു. ഏകദേശം 30 ലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള അർമേനിയ ലോകത്തിലെ ആദ്യത്തെ ക്രൈസ്തവ രാജ്യമായിട്ടാണ് അറിയപ്പെടുന്നത്.


Related Articles »