India - 2024

ആദ്യമായി ഇസ്രായേൽ സർവ്വകലാശാലയുടെ റെക്ടറായി അറബ് ക്രിസ്ത്യൻ വനിത

പ്രവാചകശബ്ദം 05-05-2024 - Sunday

ഹൈഫ: ചരിത്രത്തില്‍ ആദ്യമായി അറബ് ക്രിസ്ത്യൻ വനിത, ഇസ്രായേലിലെ സർവ്വകലാശാലയുടെ റെക്ടറായി തെരഞ്ഞെടുക്കപ്പെട്ടു. പ്രൊഫസർ മൗന മറൂണാണ് ഹൈഫ സർവകലാശാലയുടെ റെക്ടറായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഹൈഫ സർവ്വകലാശാലയിൽ ഇതിന് മുന്‍പ് മറ്റൊരു അറബ് വംശജരായ, ക്രിസ്ത്യാനിയോ സ്ത്രീയോ റെക്ടർ സ്ഥാനം വഹിച്ചിട്ടില്ല. ഇസ്രായേലിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ റെക്ടറാണ് സർവ്വകലാശാലയുടെ തലവന്‍. ഇസ്രായേൽ അക്കാദമിയിൽ എല്ലാം സാധ്യമാണ് എന്നതിൻ്റെ പ്രധാന സന്ദേശമാണ് തന്നെ തെരഞ്ഞെടുത്തിരിക്കുന്നതിലൂടെ വ്യക്തമായിരിക്കുന്നതെന്ന് മൗന പറഞ്ഞു.

മറൂൺ ജനിച്ച ഇസ്ഫിയ എന്ന ഗ്രാമത്തിൽ നിന്ന് ഏകദേശം ആറ് മൈൽ അകലെ കാർമൽ പർവതത്തിലാണ് ഹൈഫ സർവ്വകലാശാല സ്ഥിതി ചെയ്യുന്നത്. 20-ാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ ലെബനോനിൽ നിന്ന് ഇവിടെയെത്തിയവരാണ് മറൂണിന്റെ കുടുംബം. അക്കാലത്ത് സ്കൂളുകൾ ഇല്ലായിരുന്നു. ഉന്നത വിദ്യാഭ്യാസത്തിലൂടെ മാത്രമേ തങ്ങളുടെ നാല് പെൺമക്കളെ ഇസ്രായേലി സമൂഹത്തിൽ സമന്വയിപ്പിക്കാൻ കഴിയൂവെന്ന് അവർ വിശ്വസിച്ചിരുന്നു. അതുകൊണ്ടാണ് പഠനം തുടരാൻ അവർ എന്നെ പ്രോത്സാഹിപ്പിച്ചതെന്ന് മൗന വെളിപ്പെടുത്തി. ഇസ്രായേലിലെ ഏറ്റവും വൈവിധ്യമാർന്നതും ഉൾക്കൊള്ളുന്നതുമായ സർവ്വകലാശാലകളിലൊന്നാണ് ഹൈഫ സർവകലാശാല. 17,000 വിദ്യാർത്ഥികളിൽ 45% അറബ് സമൂഹത്തിൽ നിന്നുള്ളവരാണ്.

More Archives >>

Page 1 of 583