News

മോസ്‌ക്കാക്കി മാറ്റിയ ബൈസന്റൈന്‍ ദേവാലയം തുറന്നുക്കൊടുത്തു; തുര്‍ക്കിയിലെ കോറ ഹോളി സേവ്യര്‍ ക്രൈസ്തവ ദേവാലയം ഇനി ഓര്‍മ്മ

പ്രവാചകശബ്ദം 09-05-2024 - Thursday

ഇസ്താംബൂള്‍: തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താംബൂളിലെ ഫാത്തിഹ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന കോറയിലെ ഹോളി സേവ്യര്‍ ബൈസൻ്റൈൻ ദേവാലയം, ക്രൈസ്തവ സമൂഹം ഉയര്‍ത്തിയ പ്രതിഷേധം വകവെയ്ക്കാതെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം ഇസ്ലാം മത വിശ്വാസികള്‍ക്ക് തുറന്നുക്കൊടുത്തു. 2020 ഓഗസ്റ്റ് 21-ന് പ്രസിഡൻ്റിൻ്റെ ഉത്തരവിലൂടെ ക്രൈസ്തവ ദേവാലയത്തെ മോസ്ക്കാക്കി മാറ്റിയിരിന്നു. തുടര്‍ന്നു നടന്ന വിപുലമായ പുനരുദ്ധാരണങ്ങൾക്ക് ശേഷമാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച മെയ് 6ന് ഇസ്ലാം മത വിശ്വാസികള്‍ക്ക് നിസ്ക്കാരത്തിന് തുറന്നുക്കൊടുത്തത്.

കോറയുടെ ക്രൈസ്തവ ചരിത്രം

എഡി 534ൽ ബൈസന്‍റൈന്‍ വാസ്തുകലയെ ആധാരമാക്കിയാണ് കോറ ദേവാലയം പണിയുന്നത്. നിരവധി മനോഹരമായ ചിത്രങ്ങൾ ദേവാലയത്തിന്റെ ചുമരിലുണ്ടായിരിന്നു. പല ചിത്രങ്ങൾക്കും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1453ൽ ഓട്ടോമൻ തുർക്കികൾ കോൺസ്റ്റാൻറിനോപ്പിൾ പിടിച്ചടക്കിയപ്പോൾ കോറ ദേവാലയത്തിന്റെ നിയന്ത്രണവും അവര്‍ കൈയടക്കുകയായിരിന്നു. 1511ൽ അതിനെ ഒരു മുസ്ലിം ആരാധനാലയമാക്കി മാറ്റി. 1945ൽ തുർക്കി മന്ത്രിസഭയിലെ അംഗങ്ങളാണ് കോറ ഒരു മ്യൂസിയമാക്കി മാറ്റാൻ തീരുമാനമെടുക്കുന്നത്.

എന്നാൽ ഇത് നിയമവിരുദ്ധമാണെന്ന് 2019 നവംബർ മാസം ഭരണകൂടത്തിന് അനുകൂലമായ നിലപാട് കൈക്കൊള്ളുന്ന തുർക്കിയിലെ കൗൺസിൽ ഓഫ് സ്റ്റേറ്റ് വിധിച്ചു. ഇതേ തുടര്‍ന്നാണ് ക്രിസ്തീയ ദേവാലയത്തില്‍ ഇസ്ലാമിക പ്രാര്‍ത്ഥനകള്‍ നടത്താന്‍ 2020 ഒക്ടോബർ 30 വെള്ളിയാഴ്ച ഭരണകൂടം തീരുമാനമെടുക്കുന്നത്. അന്നേ ദിവസം ഇവിടെ ആദ്യമായി ഇസ്ലാമിക പ്രാര്‍ത്ഥനകള്‍ നടന്നിരിന്നു. തുടര്‍ന്നാണ് ക്രൈസ്തവ ദേവാലയത്തിന്റെ ചരിത്രം മറയ്ക്കാന്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ എന്ന മറവില്‍ തുര്‍ക്കിയിലെ തീവ്ര ഇസ്ലാമിക ഭരണകൂടം ഉത്തരവിടുന്നത്.

ഇക്കഴിഞ്ഞ തിങ്കളാഴ്ച നടന്ന ചടങ്ങ്:

അധിനിവേശം നടത്തിയ ആരാധനാലയത്തിന്റെ ഉദ്ഘാടന ചടങ്ങ് ഓർത്തഡോക്സ് സഭ ഈസ്റ്റര്‍ കൊണ്ടാടിയതിന്റെ പിറ്റേന്ന് മെയ് 6നാണ് നടന്നതെന്നത് ശ്രദ്ധേയമാണ്. ഇസ്താംബൂളിലെ മുഫ്തി സാഫി അർപാഗൂസിൻ്റെ നേതൃത്വത്തിൽ പുനരുദ്ധാരണം നടത്തി മോസ്ക്കാക്കി മാറ്റിയ ചടങ്ങിൽ പ്രസിഡൻ്റ് എർദോഗൻ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുത്തു. പ്രസംഗത്തിനുശേഷം "യാ അല്ലാഹ്, ബിസ്മില്ല" അല്ലാഹുവിൻ്റെ നാമത്തിൽ റിബൺ മുറിക്കാൻ അഭ്യർത്ഥിക്കുകയായിരിന്നുവെന്ന് എർദോഗൻ പറഞ്ഞു.

ചടങ്ങിൽ പങ്കെടുത്ത നിരവധി പൗരന്മാർ ഔദ്യോഗിക കര്‍മ്മങ്ങള്‍ക്ക് ശേഷം പള്ളിയിൽ പ്രവേശിച്ച് ഇസ്ലാമിക പ്രാര്‍ത്ഥന നടത്തിയിരിന്നു. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ക്രൈസ്തവ ദേവാലയത്തെ മോസ്ക്കാക്കി മാറ്റിയ എര്‍ദോഗന്‍ ഭരണകൂടത്തിന്റെ നിലപാടിനെതിരെ ആഗോള തലത്തില്‍ തന്നെ പ്രതിഷേധം ശക്തമായിരിന്നുവെങ്കിലും ഫലം കണ്ടില്ല. ഇതൊന്നും വകവെയ്ക്കാതെ തന്നെയാണ് തീവ്ര ഇസ്ലാമികവാദിയായ ഏര്‍ദ്ദോഗന്റെ ഭരണം. മുന്‍പ് ചരിത്ര പ്രസിദ്ധമായ പുരാതന ക്രൈസ്തവ ദേവാലയമായിരുന്ന ഹാഗിയ സോഫിയ മുസ്ലിം പള്ളിയാക്കാൻ മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചതും എര്‍ദോഗനായിരിന്നു.

More Archives >>

Page 1 of 961