News

ഇസ്രായേൽ-ഹമാസ് സംഘർഷം: സമാധാന ആഹ്വാനവും പ്രാര്‍ത്ഥനയുമായി ബിഷപ്പ് നടന്നത് 42 കിലോമീറ്റർ ദൂരം

പ്രവാചകശബ്ദം 07-05-2024 - Tuesday

ലാബ്രഡോർ: ഇസ്രായേൽ-ഹമാസ് സംഘർഷം മൂലം ദുരിതമനുഭവിക്കുന്നവർക്ക് പിന്തുണയുമായി ഗാസ മുനമ്പിലെ ദൂരത്തിന് സമാനമായ ദൈര്‍ഖ്യം കാല്‍ നടയായി സഞ്ചരിച്ച് കത്തോലിക്കാ ബിഷപ്പ്. ഏപ്രിൽ 29-ന് കാനഡയിലെ ന്യൂഫൗണ്ട്‌ലാൻഡിലുള്ള കോർണർ ബ്രൂക്ക് ആൻഡ് ലാബ്രഡോർ രൂപതയിലെ ബിഷപ്പ് ബാർട്ട് വാൻ റോയ്‌ജെനാണ് സമാധാന ആഹ്വാനവുമായി പ്രാര്‍ത്ഥനയോടെ കാല്‍ നട തീര്‍ത്ഥാടനം നടത്തിയത്. യോർക്ക് ഹാർബറിൽ നിന്ന് കോർണർ ബ്രൂക്കിലേക്ക് 42 കിലോമീറ്റർ അഥവാ 26 മൈലിലധികം ദൂരം നടന്ന് ഹോളി റിഡീമർ കത്തീഡ്രലിലെ പ്രാർത്ഥനാ ശുശ്രൂഷയോടെയാണ് ബിഷപ്പ് യാത്ര അവസാനിപ്പിച്ചത്.

ഇസ്രായേലിലേയും ഗാസയിലെയും ഇരു പൗരന്മാരുടെയും ബുദ്ധിമുട്ടുകള്‍ക്ക് നിശബ്ദമായി സാക്ഷ്യം വഹിക്കാനും അവിടെ നടക്കുന്ന അതിക്രമങ്ങൾ, നാശങ്ങൾ, അപമാനങ്ങൾ എന്നിവ അവസാനിപ്പിക്കണമെന്ന് പറയാനുമാണ് കാല്‍നട യാത്രയിലൂടെയാണ് ഉദ്ദേശിക്കുന്നതെന്ന് ബിഷപ്പ് കാത്തലിക് ന്യൂസ് ഏജന്‍സിയോട് പറഞ്ഞു. ആറ് മണിക്കൂറും 45 മിനിറ്റും കൊണ്ടാണ് ബിഷപ്പ് പദയാത്ര പൂർത്തിയാക്കിയത്. മഴയും കാറ്റും ഉണ്ടായിരുന്നിട്ടും പ്രതികൂല കാലാവസ്ഥയിലും ഇടവേളകളൊന്നും എടുക്കാതെ മുന്നോട്ട് പോകാന്‍ കഴിഞ്ഞെന്നു ബിഷപ്പ് സ്മരിച്ചു.

അതേസമയം യുദ്ധമുഖത്ത് പ്രതിസന്ധി തുടരുകയാണ്. ഹമാസ് തീവ്രവാദികള്‍ ബന്ദികളാക്കിയ 130ലേറെ ബന്ദികൾ ഗാസയിലുണ്ടെന്നാണ് ഇസ്രയേൽ കണക്ക്. കഴിഞ്ഞ മാസം ആദ്യം നടന്ന സമാധാന ചർച്ച പരാജയപ്പെട്ടിരുന്നു. രണ്ടു ചർച്ചകൾക്കും ഇസ്രയേൽ പ്രതിനിധികളെ അയച്ചിരുന്നില്ല. ഗാസ യുദ്ധത്തിൽ ഇതുവരെ കൊല്ലപ്പെട്ട പലസ്‌തീൻകാരുടെ എണ്ണം 34,683 ആയി. 78,018 പേർക്കു പരുക്കേറ്റു.

More Archives >>

Page 1 of 960