News

മണിപ്പൂര്‍ രക്തച്ചൊരിച്ചിലിന്റെ ഒന്നാം വാർഷികത്തില്‍ അനുസ്മരണ പ്രാര്‍ത്ഥനയുമായി ക്രൈസ്തവര്‍

പ്രവാചകശബ്ദം 08-05-2024 - Wednesday

ന്യൂഡല്‍ഹി: മണിപ്പൂരിൽ നൂറുകണക്കിന് നിരപരാധികളുടെ ജീവനെടുത്ത രക്തച്ചൊരിച്ചിലിൻ്റെ ഒന്നാം വാർഷികത്തില്‍ അനുസ്മരണ പ്രാര്‍ത്ഥനയും റാലിയുമായി ക്രൈസ്തവര്‍. നൂറുകണക്കിന് ക്രൈസ്തവരുടെ മരണത്തിനിടയാക്കിയ കലാപത്തിൻ്റെയും രക്തച്ചൊരിച്ചിലിൻ്റെയും ഒന്നാം വാർഷിക ദിനമായ മെയ് മൂന്നിനോട് അനുബന്ധിച്ച് വിവിധയിടങ്ങളില്‍ പ്രത്യേക പ്രാർത്ഥനാ കൂട്ടായ്മകളും മെഴുകുതിരി പ്രദിക്ഷണവും പ്രതിഷേധ പരിപാടികളും നടന്നു. 2023 മെയ് 3 മുതൽ മണിപ്പൂരിനെ വിഴുങ്ങിയ രക്തരൂക്ഷിതമായ വംശീയ സംഘർഷത്തിൽ 230 പേർ മരിച്ചതായാണ് സര്‍ക്കാര്‍ കണക്ക്. എന്നാല്‍ ഇതിലും പതിമടങ്ങ് പേര്‍ മരണപ്പെട്ടിട്ടുണ്ടെന്നാണ് അനൌദ്യോഗിക വിവരം.

ഡൽഹി ഡൗണ്ടൗണിലെ സേക്രഡ് ഹാർട്ട് കത്തീഡ്രലിൻ്റെ കവാടത്തില്‍ കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ സെക്രട്ടറി ജനറലും ഡൽഹി ആർച്ച് ബിഷപ്പുമായ അനിൽ ജെ. കൂട്ടോയുടെ നേതൃത്വത്തിൽ വിവിധ സഭകളെ പ്രതിനിധീകരിച്ച് ബിഷപ്പുമാർ സമൂഹ പ്രാര്‍ത്ഥന നടത്തി. കറുത്ത വസ്ത്രം ധരിച്ച കുക്കി അഭയാർത്ഥികൾ ഗാനങ്ങൾ ആലപിച്ചുക്കൊണ്ടാണ് പ്രാര്‍ത്ഥനയ്ക്കു തുടക്കമിട്ടത്. സഭാനേതാക്കള്‍ സമാധാനത്തിനായി പ്രാർത്ഥനകളും സമാധാന അഭ്യർത്ഥനയും നടത്തി.

സഭയും സമൂഹവും ദുരിതബാധിതർക്ക് ആശ്വാസം പകരുവാന്‍ പരമാവധി ശ്രമിക്കുകയാണെന്നും കുടിയിറക്കപ്പെട്ടവർക്ക് അവരുടെ നാടുകളിലേക്ക് മടങ്ങാൻ കഴിയണമെന്ന് പ്രാർത്ഥിക്കുകയാണെന്നും ആര്‍ച്ച് ബിഷപ്പ് അനിൽ ജെ. കൂട്ടോ പറഞ്ഞു. നാം വഹിക്കുന്ന തിരികള്‍ മനസ്സിൽ നിന്ന് ഇരുട്ടും വെറുപ്പും അകറ്റുകയും സമാധാനത്തിലും ഐക്യത്തിലും സാഹോദര്യത്തിലും ജീവിക്കാൻ എല്ലാവരെയും പ്രചോദിപ്പിക്കുകയും ചെയ്യട്ടെയെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. മദര്‍ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹാംഗങ്ങളും പ്രാര്‍ത്ഥനാകൂട്ടായ്മയിലും അനുസ്മരണ പരിപാടിയിലും പങ്കെടുക്കുവാന്‍ എത്തിയിരിന്നു.

ഒരു വര്‍ഷം മുന്‍പ് മണിപ്പൂരിലെ പ്രബല വിഭാഗമായ മെയ്തെയെ പട്ടികവർഗ വിഭാഗത്തില്‍ ഉൾപ്പെടുത്തണമെന്ന ഹൈക്കോടതി ഉത്തരവിനെ ചൊല്ലിയുള്ള പ്രതിഷേധത്തിന് പിന്നാലെ അതുവരെ പുകഞ്ഞിരുന്ന അസ്വസ്ഥതകള്‍ക്ക് തീ പിടിക്കുകയായിരുന്നു. മണിപ്പൂരിലെ കുക്കി വിഭാഗത്തിന് മേധാവിത്വമുള്ള 'ഓൾ ട്രൈബൽ സ്റ്റുൻഡൻസ് യൂണിയൻ' സംഘടിപ്പിച്ച മാർച്ചിന് ശേഷം ചുരാന്ദ്പ്പൂർ, ബിഷ്ണുപൂർ, ഇംഫാൽ തുടങ്ങിയ മേഖലകളിലേക്ക് കലാപം പെട്ടെന്ന് തന്നെ പടരുകയായിരിന്നു. ഗോത്ര വിഭാഗം താമസിക്കുന്ന കുന്നുകളിൽ ആയിരക്കണക്കിന് വീടുകൾ അഗ്നിക്ക് ഇരയാക്കപ്പെട്ടു. ഇരുഭാഗത്തും നിരവധി ക്രൈസ്തവ ദേവാലയങ്ങള്‍ കൊള്ളയടിക്കപ്പെട്ടു. കത്തിയമര്‍ന്ന നിരവധി ക്രൈസ്തവ ദേവാലയങ്ങളുടെ ചിത്രങ്ങളും ഇക്കാലയളവില്‍ പുറത്തുവന്നിരിന്നു.

More Archives >>

Page 1 of 960