India - 2024
സിഎംഐ സന്യാസ സമൂഹത്തിന്റെ 193-ാം വാർഷികാഘോഷം നാളെ
പ്രവാചകശബ്ദം 10-05-2024 - Friday
കോട്ടയം: സിഎംഐ സന്യാസ സമൂഹത്തിൻ്റെ 193-ാം വാർഷികാഘോഷം മാന്നാനത്ത് നാളെ നടക്കും. രാവിലെ 11ന് മാന്നാനം ആശ്രമ ദേവാലയത്തിൽ ക ർദിനാൾ മാർ ജോർജ് ആലഞ്ചേരിയും സിഎംഐ വൈദികരും ചേർന്ന് സമൂഹബലി അര്‍പ്പിക്കും. തുടർന്ന് 2024-25 ഇയർ ഫോർ ഫാമിലി, യൂത്ത് ആൻഡ് ചിൽഡ്രൺ പ്രഖ്യാപനം നടക്കും. 2021 മുതൽ 2031 വരെ പത്ത് വർഷത്തെ വിവിധ പരിപാടികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഉച്ചകഴിഞ്ഞ് രണ്ടിന് കെ.ഇ. സ്‌കൂൾ ഓഡിറ്റോറിയത്തിൽ ചേരുന്ന പൊതുസമ്മേളനത്തിൽ ചലച്ചിത്രതാരം സിജോയ് വർഗീസ് പങ്കെടുക്കും.
മിഷൻ പ്രവർത്തനം, വിദ്യാഭ്യാസപ്രവർത്തനം, അധഃകൃതോദ്ധാരണം, അജപാലന പ്രവർത്തനം, ആതുരസേവനം എന്നീ ലക്ഷ്യങ്ങൾക്കുവേണ്ടി സ്ഥാപിതമായ സിഎംഐ സഭ നിലവിൽ 36 രാജ്യങ്ങളിൽ ശുശ്രൂഷ ചെയ്യുന്നു. രണ്ടായിരത്തോളം സന്യാസ വൈദികരുള്ള സഭയ്ക്ക് 15 പ്രവിശ്യകളും രണ്ട് റീജണും ആറ് ഉപ-റീജണുകളും രണ്ടു ഡെലഗേഷനുകളുമുണ്ട്.
193 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാന്നാനം ഓലംകണ്ണാമുകൾ കുന്ന് ആശ്രമസ്ഥാപനത്തോടെ ബേസ്റൗമാ എന്ന പേരിലാണ് അിയപ്പെട്ടു തുടങ്ങിയത്. ഈ കുന്നിൽ 1831 ഏപ്രിൽ 25നു കുരിശ് നാട്ടുകയും കപ്പേളയുടെ പണി ആരംഭിക്കുകയും ചെയ്തു. 1831 മേയ് 11ന് മൗറേലിയൂസ് മെത്രാൻ്റെയും പാലയ്ക്കലച്ചന്റെയും ചാവറയച്ചന്റെയും കണിയാന്തറ യാക്കോബ് സഹോദരൻ്റെയും മറ്റ് വൈദികരുടെയും അല്മായരുടെയും സാന്നിധ്യത്തിൽ വിശുദ്ധ യൗസേപ്പിതാവിൻ്റെ നാമത്തിലുള്ള ആശ്രമത്തിന് പോരൂക്കര തോമാമല്‌പാൻ ശിലാസ്ഥാപനം നടത്തുകയായിരിന്നു.