News - 2024
ജോ ബൈഡന്‍ കത്തോലിക്ക വിശ്വാസത്തെ അവഹേളിക്കുന്നു: വിമര്‍ശനവുമായി അമേരിക്കന്‍ ബിഷപ്പ്
പ്രവാചകശബ്ദം 13-05-2024 - Monday
ഇല്ലിനോയിസ്: ഭ്രൂണഹത്യ പ്രോത്സാഹിപ്പിക്കുന്ന പരിപാടിയ്ക്കിടെ കുരിശ് വരച്ച യുഎസ് പ്രസിഡന്‍റ് ജോ ബൈഡനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇല്ലിനോയിസിലെ സ്പ്രിംഗ്ഫീൽഡ് രൂപത ബിഷപ്പ് തോമസ് പാപ്രോക്കി. രണ്ടാഴ്ച മുമ്പ് ഫ്ലോറിഡയിലെ ടാമ്പയിൽ നടന്ന ഭ്രൂണഹത്യ റാലിയ്ക്കിടെയുള്ള പ്രസംഗത്തിനിടെ ബൈഡന്‍ കുരിശ് വരച്ചത് ഏറെ വിവാദമായിരിന്നു. ബൈഡന്‍ കത്തോലിക്കാ വിശ്വാസത്തെ പരിഹസിക്കുകയാണ് ചെയ്തതെന്ന് ബിഷപ്പ് പറഞ്ഞു. വിശുദ്ധമായ ആംഗ്യത്തെ ദുരുപയോഗം ചെയ്യുന്നത് കത്തോലിക്ക വിശ്വാസത്തെ പരിഹസിക്കുന്നതിന് തുല്യമാണെന്നു രൂപതയുടെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പാപ്രോക്കി ചൂണ്ടിക്കാട്ടി.
ക്രിസ്തുവിൻ്റെ കുരിശിലെ മരണത്തോടുള്ള ആദരവും പരിശുദ്ധ ത്രീത്വത്തിലുള്ള വിശ്വാസവും പ്രകടിപ്പിക്കുന്നതില്‍ ഒരു കത്തോലിക്കന് ചെയ്യാൻ കഴിയുന്ന ഏറ്റവും ഗഹനമായ ആംഗ്യമാണ് കുരിശടയാളം. ബൈഡൻ കുരിശ് അടയാളത്തിൻ്റെ ആംഗ്യത്തെ പരിഹസിക്കുകയാണ്. അത് ചെയ്യുന്നത് തിന്മയായ എന്തെങ്കിലും പ്രോത്സാഹിപ്പിക്കാനാണ്. അതിനാല്‍ തന്നെ ബൈഡന്‍റെ പ്രവര്‍ത്തി ദൈവനിന്ദാപരമാണ്. ഗർഭഛിദ്രത്തിനുള്ള ബൈഡൻ്റെ പിന്തുണ ഫലത്തിൽ കൊലപാതകത്തെ എതിര്‍ക്കുന്ന അഞ്ചാം കൽപ്പനയുടെ ലംഘനമാണ്. ബൈഡൻ ഗർഭപാത്രത്തിൽവെച്ച് കുഞ്ഞുങ്ങളെ കൊല്ലുന്നതിൽ തനിക്ക് പ്രശ്‌നമില്ലെന്ന് പറയുന്നതായി തോന്നുകയാണെന്നും ബിഷപ്പ് തോമസ് പാപ്രോക്കി പറഞ്ഞു.
ഭ്രൂണഹത്യ അനുകൂല പരിപാടിയ്ക്കിടെ ബൈഡന്‍ കുരിശ് വരച്ചതിനെതിരെ നേരത്തെ സ്പാനിഷ് ബിഷപ്പും രംഗത്ത് വന്നിരിന്നു. കത്തോലിക്ക വിശ്വാസത്തെ ബൈഡന്‍ "വിശുദ്ധമായ രീതിയിൽ" വളച്ചൊടിക്കുകയാണെന്നാണ് ഒറിഹുവേല-അലികാന്‍റെ രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് ജോസ് ഇഗ്നാസിയോ നേരത്തെ പ്രസ്താവിച്ചത്. രാജ്യം ഭരിക്കുന്ന ബൈഡന്‍റെ നേതൃത്വത്തിലുക്ക ഡെമോക്രാറ്റിക് ഭരണകൂടത്തിന്റെ ഭ്രൂണഹത്യ അനുകൂല നിലപാടിനെതിരെ കത്തോലിക്ക സഭയില്‍ നിന്നു ഉള്‍പ്പെടെ പ്രതിഷേധം ശക്തമാണ്.