News - 2025

മറിയം: കണ്ണുനീർ തുടയ്ക്കുന്നവൾ | മരിയ സ്പന്ദനങ്ങൾ | മെയ് മാസ ചിന്തകൾ 18

സിസ്റ്റർ റെറ്റി FCC 18-05-2024 - Saturday

ജീവിതത്തിൽ ഒരുപാട് കണ്ണുനീർ അനുഭവങ്ങളിലൂടെ കടന്നുപോയതുകൊണ്ടാവാം കണ്ണുനീർ നിറഞ്ഞ യാചനകൾക്ക് മറിയത്തിന് ഉത്തരം നൽകാതിരിക്കാൻ കഴിയാതെ പോകുന്നത്. കാനായിലെ കല്യാണ വിരുന്ന് ഒരു കണ്ണുനീർ ഓർമ്മയായി മാറാതിരുന്നത് മറിയത്തിന്റെ ഇടപെടൽ കാരണമാണ്. മറിയം ഇടപെടുമ്പോൾ വേദനകളും ദുഃഖങ്ങളും നമ്മുടെ ജീവിതത്തിൽ നിന്നും മാറുകയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പുതിയ ജീവിതമായി നമ്മുടെ ജീവിതം മാറ്റപ്പെടുകയും ചെയ്യും.

ദൈവം തിരഞ്ഞെടുക്കുന്ന ജീവിതങ്ങൾ കനൽ വഴികളിലൂടെ നിരന്തരം സഞ്ചരിക്കേണ്ടതാണെന്ന് മറിയം നമ്മെ ഓർമപ്പെടുത്തുന്നുണ്ട്. ദൈവഹിതത്തിന് 'YES' പറഞ്ഞ നാൾ മുതൽ അവളുടെ ഇഷ്ടങ്ങളോട് അവൾ 'NO' പറയുകയായിരുന്നു. നമ്മുടെ ഇഷ്ടങ്ങൾക്ക് വിപരീതമായി വേദനകളും വിഷമങ്ങളും നമ്മുടെ ജീവിതങ്ങളിൽ വരുമ്പോൾ ഓർമ്മിക്കുക മറിയത്തെപോലെ സഹനങ്ങൾ നൽകി ദൈവം നമ്മെ സ്നേഹിക്കുന്നുവെന്ന്. ജീവിതത്തിൽ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും വരുമ്പോൾ മറിയത്തോട് നമ്മുക്കും പ്രാർത്ഥിക്കാം "മറിയമേ, നിന്റെ ജീവിതം പോലെ ദൈവത്തിന്റെ ഹിതം എന്റെ ജീവിതത്തിലും നടത്തണമേ " എന്ന് പ്രാർത്ഥനയ്ക്കും കണ്ണുനീരിനും ഉത്തരം നൽകുന്ന അമ്മയാണ് പരി. കന്യക മറിയം.

ലൂർദ്ദിൽ നടന്ന അത്ഭുതത്തിന്റെ ഒരു സാക്ഷ്യം ഞാൻ ഓർത്തു പോവുകയാണ്. ഒരിക്കൽ ഒരു അമ്മ തന്റെ കുഞ്ഞിനെയും കൊണ്ട് ലൂർദ്ദിലേക്ക് തീർത്ഥാടനം പോയി. ആ കുഞ്ഞിന് നടക്കാനുള്ള ശേഷി ഇല്ലായിരുന്നു. അമ്മ കുഞ്ഞിനോട് പറഞ്ഞു, വിശുദ്ധ കുർബാന ഈശോ നിന്‍റെ അരികിലേക്ക് വരുമ്പോൾ എന്റെ ഈശോയെ എന്നെ നടത്തണമേ എന്ന് പ്രാർത്ഥിക്കണം എന്ന്. കുഞ്ഞ് തീക്ഷ്ണതയോടെ ഈശോ അടുത്തേക്ക് വന്നപ്പോൾ ഈശോയെ എന്നെ നടത്തണമെന്ന് അമ്മ പറഞ്ഞു തന്ന പ്രാർത്ഥന ഉരുവിട്ടു.

എന്നാൽ കുഞ്ഞിന് ഒന്നും സംഭവിച്ചില്ല. ഈശോ മുന്നോട്ട് നീങ്ങിയപ്പോൾ കുഞ്ഞ് വിളിച്ചുപറഞ്ഞു എന്നാൽ ഞാൻ നിന്റെ അമ്മയോട് പറഞ്ഞു കൊള്ളാമെന്ന്. ആ നിമിഷം തന്നെ ആ കുഞ്ഞ് നടന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്നു. ഏത് അമ്മയാണ് മക്കളുടെ ആഗ്രഹം സാധിച്ചു കൊടുക്കാത്തത്? കുഞ്ഞു കരഞ്ഞാൽ ഓടിയെത്താത്തത്? പ്രതീക്ഷ നഷ്ടപ്പെട്ട ശ്ലീഹന്മാരെ ഒരുമിച്ചുകൂട്ടി പ്രാർത്ഥിച്ചത് അതുകൊണ്ടായിരുന്നില്ലേ?

നമ്മുടെ പ്രാർത്ഥനകളെ നിരന്തരം ക്രിസ്തുവിലേക്ക് എത്തിച്ചുകൊടുക്കുന്നത് അമ്മയാണ്. അതുകൊണ്ട് നമ്മുടെ പ്രാർത്ഥനകളും നന്മനിറഞ്ഞ അമ്മ വഴി ക്രിസ്തുവിലേക്ക് നമ്മുക്ക് നൽകാം. ജീവിതത്തിൽ കഷ്ടപ്പാടുകൾ നിരന്തരം ഉണ്ടാകുമ്പോൾ ഓർമ്മിക്കുക, ഞാനും മറിയത്തപോലെ ദൈവത്തിനു വേണ്ടപ്പെട്ടവൻ/ൾ ആണെന്ന്. ഒപ്പം കണ്ണുനീർ തുടയ്ക്കുന്ന ഒരു അമ്മ എനിക്ക് ഉണ്ടെന്ന്. ആ അമ്മ സാന്നിധ്യം എന്നും നമ്മുക്ക് അനുഭവിച്ചറിയാം.


Related Articles »