News - 2024

വിശ്വാസികളുടെ മാതാവ് | മരിയ സ്പന്ദനങ്ങൾ | മെയ് മാസ ചിന്തകൾ 21

സിസ്റ്റർ റെറ്റി FCC 21-05-2024 - Tuesday

അബ്രഹാം വിശ്വാസികളുടെ പിതാവ് ആണെങ്കിൽ പരിശുദ്ധി അമ്മ വിശ്വാസികളുടെ മാതാവാണ്. ഈ അനുഗ്രഹീത കന്യക സന്തോഷത്തിന്റെയും പ്രത്യാശയുടെയും അമ്മയായിരിക്കുന്നതുപോലെ വിശ്വാസത്തിന്റെയും അമ്മയാണ്. ആദ്യ മാതാവായ ഹവ്വ അവളുടെ അവിശ്വസ്‌തത മുഖാന്തരം നഷ്ടപ്പെടുത്തിയത് എല്ലാം പരിശുദ്ധ മറിയം തന്റെ വിശ്വാസം വഴി വീണ്ടെടുത്തതിനാൽ പരിശുദ്ധ മറിയത്തെ വിശ്വാസത്തിന്റെ അമ്മ എന്നു വിളിക്കുന്നു എന്ന് വിശുദ്ധ ഇരണേവൂസ് സാക്ഷ്യപ്പെടുത്തുന്നു.

ഹവ്വ സർപ്പത്തെ വിശ്വസിച്ചതിനാൽ ലോകത്തിലേക്ക് മരണം കൊണ്ടുവന്നുവെങ്കിൽ പരിശുദ്ധ അമ്മ ദൈവദൂതനെ വിശ്വസിച്ചപ്പോൾ ലോകത്തിലേക്ക് രക്ഷ കൊണ്ടുവന്നു. മറിയം ദൈവദൂതന് സമ്മതം കൊടുത്തത് വഴി മനുഷ്യർക്ക് സ്വർഗ്ഗം തുറന്നു കൊടുത്തു. അവിശ്വസ്തനായ ആദവും അവന്റെ വംശപരമ്പര മുഴുവനും രക്ഷിക്കപ്പെട്ടത് വിശ്വാസത്തിന്റെ സ്ത്രീയിലൂടെയാണ് എന്ന് വിശുദ്ധ റിച്ചാർഡ് പറയുന്നു. അതുകൊണ്ടാണല്ലോ എലിസബത്ത് തന്റെ വിശ്വാസം മൂലം അനുഗ്രഹീതയായ കന്യകയോട് കർത്താവ് അരുൾ ചെയ്ത കാര്യങ്ങൾ നിറവേറും എന്ന് വിശ്വസിച്ചവൾ ഭാഗ്യവതി (Lk1/45) എന്നു പറഞ്ഞത്.

പരിശുദ്ധ അമ്മയ്ക്ക് എല്ലാ മാലാഖമാരെയുക്കാൾ വിശ്വാസം ഉണ്ടായിരുന്നു. തന്റെ പുത്രന് ജന്മം കൊടുത്തത് കാലിത്തൊഴുത്തിൽ ആണെങ്കിലും സകലത്തിന്റെയും സൃഷ്ടാവാണ് ഇത് എന്ന് അവൾ വിശ്വസിച്ചു..ഈജിപ്തിലേക്ക് ഓടി പോകേണ്ടി വന്നെങ്കിലും രാജാക്കന്മാരുടെ രാജാവിനെ കൊണ്ടാണ് ഓടുന്നത് എന്ന് അവൾ വിശ്വസിച്ചു. തന്റെ പുത്രന് കിടക്കാൻ കച്ചിക്കിടക്ക ഒരുക്കിയെങ്കിലും സർവ്വശക്തൻ ആണെന്നും അവൾ വിശ്വസിച്ചു. ഒരേ സമയം തന്നെ വിശ്വാസം ദൈവത്തിന്റെ ദാനവും പുണ്യവും ആണ് .ദൈവം നമ്മുടെ ആത്മാക്കളിൽ പ്രകാശം നിവേശിപ്പിക്കുന്നിടത്തോളം കാലം ഇത് ദൈവത്തിന്റെ ദാനമാണ്. പ്രയോജനപ്പെടുത്തു ന്നിടത്തോളം കാലം ഇത് ഒരു പുണ്യവുമാണ്.

ഒരു അമ്മച്ചി പങ്കുവച്ചകാര്യം ഇങ്ങനെയാണ്. മകളെ കെട്ടിച്ചയച്ചിട്ട് ഏഴുവർഷം കഴിഞ്ഞിട്ടും അവർക്ക് കുഞ്ഞുങ്ങൾ ഉണ്ടായില്ല. ഇത് എല്ലാവർക്കും ഒരു വിഷമം ആയതിനാൽ ഈ അമ്മച്ചി മകളോട് പറഞ്ഞു നമുക്ക് ഏതെങ്കിലും ഹോസ്പിറ്റലിൽ പോയി കാണിക്കാം. എന്നാൽ മകൾ പറഞ്ഞു മമ്മി പ്രാർത്ഥിച്ചാൽ മതി കുറച്ചുകൂടി നമുക്ക് നോക്കാം എന്ന്. ഈ അമ്മച്ചി ദിവസവും രാവിലെ മൂന്നുമണിക്ക് എഴുന്നേറ്റ് ജപമാല ചൊല്ലി പരിശുദ്ധ അമ്മയോട് പ്രാർത്ഥിച്ചു ഗർഭിണിയാവുകയും അവൾക്ക് ഒരു പെൺകുഞ്ഞിനെ ലഭിക്കുകയും ചെയ്തു. എന്റെ മകളുടെ വിശ്വാസം എന്നെക്കാളും വലുതായിരുന്നു എന്ന് ആ അമ്മ സാക്ഷ്യപ്പെടുത്തുന്നു.

തന്റെ പ്രിയ മകൻ കുരിശിൽ തറയ്ക്കപ്പെട്ട സമയത്തും പരിശുദ്ധ അമ്മ പരിപൂർണ്ണമായ വിശ്വാസത്തിന്റെ പ്രവർത്തി ചെയ്തു. അതുകൊണ്ടാണ് എല്ലാവരും ഓടി പോയപ്പോഴും അമ്മ കുരിശിൻ ചുവട്ടിൽ തന്നെ നിന്നത്. അലക്സാണ്ട്രായില സിറിൽ പരിശുദ്ധ മറിയത്തെ വിളിക്കുന്നത് യഥാർത്ഥ വിശ്വാസത്തിന്റെ രാജ്ഞി എന്നാണ്. വിശുദ്ധ ഗ്രിഗിരി പറയുന്നു വിശ്വസിക്കുന്ന ഒരുവൻ തന്റെ പ്രവർത്തികൾ മുഖാന്തരം അത് പ്രാവർത്തികമാക്കുമ്പോൾ അവൻ യഥാർത്ഥത്തിൽ വിശ്വസിക്കുന്നു(Heb10/38). നീതിമാൻ വിശ്വാസ മുഖേന ജീവിക്കുന്നു അങ്ങനെയാണ് അനുഗ്രഹീത കന്യക ജീവിച്ചത്.

വിശ്വസിക്കുന്നത് അനുസരിച്ച് ജീവിക്കാത്തവരുടെ വിശ്വാസം അങ്ങനെയല്ല വിശുദ്ധ യാക്കോബ് പറയുന്നതുപോലെ അവരുടെ വിശ്വാസം ചത്ത വിശ്വാസമാണ്(Jac2/26). വിശുദ്ധ തെരേസ പറയുന്നു എല്ലാ പാപങ്ങളും ഉത്ഭവിക്കുന്നത് വിശ്വാസത്തിന്റെ കുറവിൽ നിന്നാണ് അപ്പോൾ കന്യകയോട് അങ്ങയുടെ വിശ്വാസത്തിന്റെ യോഗ്യതകൾ മുഖാന്തരം ഞങ്ങൾക്ക് ജീവാത്മകമായ വിശ്വാസം നേടിത്തരേണമേ എന്ന് അപേക്ഷിക്കാം ഓ നാഥേ ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ. സി.റെറ്റി FCC


Related Articles »