News - 2024

ആനന്ദത്തിന്റെ വിള ഭൂമിയായ പരിശുദ്ധ മറിയം | മരിയ സ്പന്ദനങ്ങൾ | മെയ് മാസ ചിന്തകൾ 22

സി. റെറ്റി FCC 22-05-2024 - Wednesday

കർത്താവിൽ ആനന്ദിക്കുക അവിടുന്ന് നിന്റെ ആഗ്രഹങ്ങൾ സാധിച്ചു തരും (Ps 37/4). ആനന്ദത്തിന്റെ വിള ഭൂമിയാണ് പരിശുദ്ധ മറിയം. എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു, എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നുവെന്ന് പരിശുദ്ധ അമ്മ ഏറ്റുപാടി (LK1/49). പരിശുദ്ധ അമ്മ എപ്പോഴും കർത്താവിൽ ആനന്ദിച്ചിരുന്നു.

ആനന്ദവും സന്തോഷവും രണ്ടും അല്പം വ്യത്യാസമുണ്ട്. എനിക്ക് ഐസ്ക്രീം ഇഷ്ടമാണ്. അതിനാൽ ഐസ്ക്രീം കിട്ടുമ്പോഴൊക്കെ എനിക്ക് സന്തോഷമാണ്. എന്നാൽ അത് തിന്നു കഴിയുമ്പോൾ കഴിഞ്ഞുപോകുന്നു സന്തോഷം അധികം നീണ്ടുനിൽക്കുന്നില്ല. എന്നാൽ ആനന്ദം പരിശുദ്ധാത്മാവിന്റെ ഫലമാണ്. അതിനാൽ എപ്പോഴും സന്തോഷമാണെങ്കിലും സങ്കടമാണെങ്കിലും ആനന്ദം എപ്പോഴും എന്റെ ഉള്ളിൽ നിറഞ്ഞുനിൽക്കുന്നു. അതുകൊണ്ടാണ് സഹനങ്ങളും ദുഃഖങ്ങളും ഉണ്ടായപ്പോഴെല്ലാം പരിശുദ്ധ അമ്മയ്ക്ക് കർത്താവിൽ ആനന്ദിക്കാൻ കഴിഞ്ഞത്.

മറ്റാർക്കും നൽകാനാവാത്ത ആനന്ദത്തിന്റെ ഉറവിടം ഉള്ളിൽ സൂക്ഷിച്ചവളാണ് പരിശുദ്ധ മറിയം. ഈശോ ആത്മാവിൽ ആനന്ദിച്ചു കൊണ്ട് പറഞ്ഞു സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും നാഥനായ പിതാവേ ഞാൻ അങ്ങയെ സ്തുതിക്കുന്നു. ഈശോയെ കിട്ടിയ ഈ ആനന്ദം പരിശുദ്ധ അമ്മയിൽ നിന്നും പരിശീലിച്ചതാകാം. എത്ര വലിയ സങ്കടങ്ങളുടെ നടുവിലും അല്പം ഒരു ആനന്ദത്തിന്റെ അവസ്ഥ ഉള്ളിൽ സൂക്ഷിക്കുന്നവരെ വിളിക്കേണ്ട നാമമാണ് പരിശുദ്ധ കന്യകാമറിയാം.

കാഴ്ചയ്ക്ക് കൗതുകവും കാതുകളിൽ തേന്മഴയും സമ്മാനിക്കുന്നതൊന്നും യഥാർത്ഥ ആനന്ദ വർദ്ധക വസ്തുക്കൾ ആകില്ല. കറയില്ലാത്ത ആനന്ദം എന്നും ആസ്വദിക്കാൻ കഴിയണമെങ്കിൽ പരിശുദ്ധ അമ്മയെ കൂട്ടുപിടിക്കണം. ഉള്ളിൽ ആനന്ദത്തിന്റെ വെൻകൽഭരണി സൂക്ഷിക്കുന്നവർക്ക് ചങ്കൂറ്റത്തോടെ അല്ലാതെ ജീവിക്കാൻ ആവില്ല. അല്പം ഒരു ചങ്കൂറ്റമില്ലാതെ ആർക്കാണ് മകന്റെ ദാരുണമായ മരണം നോക്കി നിൽക്കാനാവുക. കുരിശിൽ നിന്ന് ഒഴുകുന്ന രക്തം ഒരു ചാറ്റൽ മഴ പോലെ അവളുടെ മുഖത്ത് വന്ന് പതിക്കുമ്പോഴും അവൾ വാടിത്തളർന്നില്ല.

മറ്റുള്ളവർക്ക് ദൈവസ്നേഹത്തിന്റെ ആനന്ദവും ചങ്കൂറ്റവും സമ്മാനിക്കാൻ തിടുക്കം കാട്ടിയവളാണ് അമ്മ. ഒരിക്കൽ ഒരു അമ്മച്ചിയോട് ചോദിച്ചു, അമ്മച്ചിക്ക് നല്ല സന്തോഷമാണല്ലോ. അമ്മച്ചി പറഞ്ഞു. ഞാൻ എന്തിനാ സിസ്റ്ററെ കരയുന്നത്, എനിക്ക് നല്ല സന്തോഷമാണ്. ഒന്നിനും കുറവില്ല എന്റെ ദൈവം എനിക്ക് ആവശ്യമായതെല്ലാം നൽകുന്നു. ദൈവം നൽകിയ ദാനങ്ങൾ ഓരോന്നും ഓർത്ത് നന്ദി പറയുമ്പോൾ നമുക്ക് സന്തോഷിക്കാൻ അല്ലാതെ എന്താണുള്ളത് (ഫിലിപ്പി 4/4) പരിശുദ്ധ അമ്മയോട് ചേർന്ന് നമുക്കും പ്രാർത്ഥിക്കാം.

ആനന്ദത്തിന്റെ കാരണമായ അമ്മേ, ഞങ്ങളുടെ ജീവിതത്തിലും കാലം തീർക്കുന്ന മുറിവുകളും ഭയപ്പെടുത്തുന്ന കാഴ്ചവട്ടങ്ങളും വല്ലാതെ ഞങ്ങളെ നഷ്ട ധൈര്യരാക്കുമ്പോൾ അമ്മയുടെ ജീവിതം ഞങ്ങൾക്ക് ഒരു മാതൃകയാകട്ടെ. അമ്മയെപ്പോലെ എപ്പോഴും കർത്താവിൽ ആനന്ദിക്കുവാൻ ഞങ്ങളെയും അനുഗ്രഹിക്കണമേ.


Related Articles »