News - 2024
പരിശുദ്ധ അമ്മ സഹന ദാസിയും സഹന പുത്രിയും | മരിയ സ്പന്ദനങ്ങൾ | മെയ് മാസ ചിന്തകൾ 23
സി.റെറ്റി FCC 23-05-2024 - Thursday
അമ്മേ എന്ന് വിളിച്ച് കൊതിതീർന്ന ആരും ഈ ഭൂമിയിൽ ഉണ്ടാവില്ല. എത്ര വളർന്നാലും അപകട നേരങ്ങളിൽ ഒരാളുടെ നാവിൻ തുമ്പിൽ വരുന്ന ആദ്യത്തെ വാക്ക് അമ്മേ എന്നാണ്. 'ദ പാഷൻ ഓഫ് ക്രൈസ്റ്റ്' അതീവ ഹൃദ്യമായ ഒരു രംഗമുണ്ട്. കുരിശുമായി തളർന്നുവീഴന്ന ഈശോ എഴുന്നേൽക്കാനാവാതെ കുഴയുകയാണ്. അതുകൊണ്ട് അമ്മ ദൂരെ നിന്ന് മകന്റെ അടുത്തേക്ക് ഓടിയെത്തുന്നു. മകന്റെ അടുത്തെത്തിയ അമ്മ പറഞ്ഞു. മോനേ ഞാനിവിടെയുണ്ട്. പിന്നെ എഴുന്നേൽക്കാൻ അവൾ അവനെ പതുക്കെ സഹായിച്ചു കൊടുത്തു. കുരിശിന്റെ വഴിയിൽ മാതാവിനെ കണ്ടുമുട്ടിയത് ഈശോയുടെ സങ്കടം വർദ്ധിപ്പിച്ചു എന്നാണ് നാമൊക്കെ വിചാരിക്കുക. കുരിശിന്റെ വഴിയിൽ നാലാം സ്ഥലത്ത് തന്റെ അമ്മയെ കാണുമ്പോൾ കവിഞ്ഞൊഴുകുന്ന നാലു കണ്ണുകളും വിങ്ങിപ്പൊട്ടുന്ന രണ്ട് ഹൃദയവും എന്നൊക്കെ നാം വായിക്കുമ്പോൾ നമ്മുടേ തന്നെ ഉള്ള് ഒന്നു പിടയുന്നു.
പക്ഷേ ആ വേദന സങ്കടത്തിൽ മാത്രം ഒതുങ്ങുന്നത് ആയിരുന്നില്ല. നാമൊക്കെ പലപ്പോഴും പറയാറില്ലേ. നമ്മളെ സ്നേഹിക്കുന്ന ഒരാൾ ഉണ്ടെങ്കിൽ, ഏതു നരകത്തിലും ഞാൻ പോകാം, ഏത് കുരിശും ഞാൻ ഏറ്റെടുക്കാം. എനിക്കൊന്നു മാത്രം മതി. നീ എന്റെ കൂടെയുണ്ടാവണം. അങ്ങനെ ഒരാളുടെ സാന്നിധ്യം നമ്മുടെ ശരീരത്തിന്റെയും മനസ്സിന്റെയും വേദനകൾ കുറയ്ക്കാറില്ലേ? സഹനനിമിഷങ്ങളിൽ അമ്മയുടെ സാന്നിധ്യം ക്രിസ്തുവിന് എത്രമാത്രം ആശ്വാസവും കരുത്തും നൽകി കാണും. ജീവിതം നീട്ടിയ സഹനകുരിശ് സ്നേഹപൂർവ്വം ഒരു ഉപാസന എന്നോണം ഉൾക്കൊണ്ടവളായിരുന്നു പരിശുദ്ധ അമ്മ.
കളങ്കമില്ലാതെ ജീവിക്കുന്ന ഒരാൾക്ക് ദൈവം ഒരു സങ്കടവും അനുവദിക്കുകയില്ലെന്നും അസാധാരണമായ വിധത്തിൽ ദൈവം എപ്പോഴും അവരുടെ കൂടെയുണ്ടെന്നും നമുക്ക് കരുതാനാവുമോ? അങ്ങനെ കരുതാമെങ്കിൽ ദൈവത്തിന്റെ അത്തരം ഇടപെടലുകൾക്ക് മറിയത്തേക്കാൾ യോഗ്യതയുള്ള വേറെ ആരുണ്ട്. ദൈവത്തിനു വേണ്ടി അത്ര അപകടകരമായ തീരുമാനങ്ങൾ എടുത്തവളാണ് എങ്കിലും അവളുടെ സങ്കടങ്ങളിലും ഏകാന്തതകളിലും ദൈവം നിശബ്ദനായ ഒരു സഹയാത്രികനെ പോലെ അവൾക്കൊപ്പം നടന്നു. അവൾ ആകട്ടെ ഒന്നിനെയും ചോദ്യം ചെയ്യാതെ ഒന്നിനോടും പരിഭവമില്ലാതെ ദൈവം നിശ്ചയിച്ച വഴികളിലൂടെ സൗമ്യമായി നടന്നു പോവുകയും ചെയ്തു. ദൈവത്തിന്റെ വെളിപാടുകളോട് അതെ എന്ന് പറയുമ്പോൾ അവൾ എല്ലാം നൊമ്പരങ്ങൾക്കുകൂടി ശിരസ്സു കുനിക്കുകയായിരുന്നു.
ആരൊക്കെ ദൈവത്തെ അന്വേഷിക്കുന്നുവോ അവരൊക്കെ ദൈവത്തെ കണ്ടെത്തുന്നു. കണ്ടെത്തുന്ന അവരൊക്കെ അവനെ സ്നേഹിക്കുന്നു അവൻ ആകട്ടെ സ്നേഹിക്കുന്നവരെ ചിതറിക്കുന്നുവെന്ന് കസക്കീസ് എഴുതിയത് മറിയത്തിന്റെ കാര്യത്തിൽ പൂർണമാകുന്നു. സംശയിക്കപ്പെടുന്ന ഉദരത്തിലെ കുഞ്ഞ്, എല്ലാ സത്രങ്ങളും കൊട്ടിയടക്കപ്പെടുന്ന രാവിൽ ഈ മാതാവിന്റെ വേദനയെക്കാൾ തീവ്രമായ തിരസ്കരണത്തിന്റെ നോവ് ഒരു കുരുന്നു ജീവനെ രക്ഷിക്കാൻ അടിമത്തത്തിന്റെ നാട്ടിലേക്ക് പാലായനം. നെഞ്ചു പിളർക്കുന്ന വാളിനെ കുറിച്ച് ശിമയോൻ എന്ന ജ്ഞാനവൃദ്ധന്റെ പ്രവചനം, വർണ്ണങ്ങളുടെയും ആരവങ്ങളുടെയും ഉത്സവ ഭൂമിയിൽ കൈവിട്ടു പോകുന്ന ബാലൻ, ജോസഫിന്റെ മരണം, വീടുവിട്ടിറങ്ങിപ്പോകുന്ന പുത്രൻ, അവനെക്കുറിച്ച് കേൾക്കുന്ന അശുഭകരമായ വാർത്തകൾ, അവനെ തിരസ്കരിക്കുന്ന സിനഗോഗുകൾ അവനുവേണ്ടി കെണികൾ ഒരുക്കുന്നു രാത്രി
കുരിശിന്റെ വഴി. പിയാത്ത.. ഓരോ അമ്മയ്ക്കും ഓരോ സ്വപ്നമുണ്ട് തന്റെ പുത്രന്റെ കൈകളിൽ കിടന്നു മരിക്കുക എന്ന് സ്വപ്നം അതും അമ്മയ്ക്ക് നിഷേധിക്കപ്പെടുന്നു.. ഇങ്ങനെ എല്ലാം നൊമ്പരങ്ങളും ഉള്ളിൽ ഒതുക്കി മകന്റെ യാത്രയിൽ കരുത്ത് പകരുന്ന അമ്മ. സ്നേഹം നൊമ്പരം ആണെന്ന് ഈ അമ്മ നമ്മെ പഠിപ്പിക്കുന്നു.. ഈ അമ്മ മാത്രമല്ല ഭൂമിയിലെ എല്ലാ അമ്മമാരും.. എങ്ങനെയാണ് മറിയത്തിന് ഇത്രയും സൗമ്യമായും ധീരമായും ഈ സഹന അനുഭവങ്ങളിലൂടെ കടന്നുപോകാൻ ആയത്? അതിനെക്കുറിച്ച് ലൂക്കാ സുവിശേഷകൻ ഒറ്റ വരിയിൽ കുറിച്ചിടുന്നു അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ച് ഗാഢമായി ചിന്തിച്ചു കൊണ്ടിരുന്നു.( Lk2/19,51).
ഗാഢമായ മൗനവും സാന്ദ്രമായ ധ്യാനവും കൊണ്ട് മുദ്ര വയ്ക്കപ്പെട്ടതായിരുന്നു അവളുടെ ജീവിതം.ജീവിതത്തിലെ ഓരോ അനുഭവത്തിനും എന്തൊക്കെയോ എന്നോട് പറയാനുണ്ട് ഒരു വാചകത്തിലെ കുത്തും കോമായും ആശ്ചര്യ ചിഹ്നവും ഒക്കെ ഓരോ പ്രത്യേക അർത്ഥങ്ങൾ ഉൾക്കൊള്ളുന്നതുപോലെ ഒന്നും ഒഴിവാക്കാൻ പാടില്ല. എന്നാൽ സന്തോഷം തരുന്ന ഘടകങ്ങൾ ഒഴികെ മറ്റെല്ലാം ജീവിതത്തിൽ നിന്ന് അകറ്റിനിർത്തേണ്ടതാണെന്നും ഈ സങ്കടങ്ങൾ ഒന്നും ഞാൻ അർഹിക്കുന്നത് അല്ലെന്നുമാണ് നമ്മൾ വിചാരിക്കുന്നത് അതുകൊണ്ടാണ് അവയൊക്കെ മാറി കിട്ടാൻ ദൈവത്തോട് നമ്മളിങ്ങനെ ശഠിക്കുന്നതും നൊവേനകൾ ചൊല്ലി പ്രാർത്ഥിക്കുന്നതും.. സഹനത്തിന്റെ കാസ മട്ട് വരെ കുടിച്ചുതീർത്ത അതിന് ഈശോയെ സഹായിച്ച പരിശുദ്ധ അമ്മയും സഹന വഴികളിൽ കാലിടറാതെ നിൽക്കുവാൻ നടക്കുവാൻ നമുക്ക് ശക്തിയേകട്ടെ.