News - 2024
കാണാതായ വൈദികന് വേണ്ടി കൊളംബിയന്‍ രൂപത ഇന്ന് പ്രാര്‍ത്ഥന ദിനമായി ആചരിക്കുന്നു
പ്രവാചകശബ്ദം 25-05-2024 - Saturday
ബൊഗോട്ട: കാണാതായ വൈദികനു വേണ്ടി പ്രത്യേക പ്രാര്‍ത്ഥനാദിനാചരണത്തിന് ആഹ്വാനവുമായി കൊളംബിയന്‍ ബിഷപ്പ്. ഫാ. ഡാരിയോ വലെൻസിയ ഉറിബെ എന്ന വൈദികനെ കാണാതായിട്ട് ഇന്നേക്ക് ഒരു മാസം തികയുന്ന പശ്ചാത്തലത്തില്‍ കൊളംബിയയിലെ പെരേര രൂപതയുടെ അധ്യക്ഷന്‍ മോൺ. റിഗോബർട്ടോ കോറെഡോറാണ് പ്രാര്‍ത്ഥനാദിനത്തിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. ഇന്ന് ശനിയാഴ്ച ഉച്ചയ്ക്ക് കത്തീഡ്രൽ ദേവാലയത്തില്‍ വൈദികനെ സമര്‍പ്പിച്ച് പ്രത്യേകം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുമെന്ന് സോഷ്യൽ മീഡിയായില്‍ പ്രസിദ്ധീകരിച്ച വീഡിയോയിൽ ബിഷപ്പ് പറഞ്ഞു.
"ഞങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നു. പ്രാർത്ഥനയാണ് ഈ വിഷയത്തില്‍ വിശ്വാസിയുടെ ആത്മാവിൻ്റെ പ്രധാന മനോഭാവം. ഉച്ചകഴിഞ്ഞ്, എല്ലാ ഇടവകകളിലും, വൈദികന് വേണ്ടിയുള്ള പ്രാർത്ഥന നടത്തും. കൊളംബിയയിൽ കാണാതായ ധാരാളം ആളുകൾ ഉണ്ടെന്നും സമാനമായ വേദനകളിലൂടെ കടന്നുപോകുന്ന നിരവധി കുടുംബങ്ങളുണ്ടെന്നും വർഷങ്ങൾ കഴിഞ്ഞിട്ടും അവർക്കു പ്രിയപ്പെട്ടവരെ കുറിച്ച് യാതൊന്നും അറിയില്ലായെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
ഫാ. ഡാരിയോ വലൻസിയ യുറിബ് ഏപ്രിൽ 25ന് രാവിലെ തൻ്റെ വാഹനം വാങ്ങാനിരിന്നയാളെ കാണാൻ പോയിരുന്നു. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും വൈദികനെക്കുറിച്ച് യാതൊരു വിവരവുമില്ലാത്തതിനാൽ പെരേര രൂപത പോലീസുമായി ചേർന്ന് തിരച്ചിൽ സജീവമാക്കി. പിന്നീട്, രക്തക്കറകളുള്ള വാഹനം കാൽഡാസിൽ നിന്നാണ് അധികൃതർ കണ്ടെത്തിയിരിന്നുവെങ്കിലും മറ്റ് വിവരങള്‍ ഒന്നും ലഭിച്ചില്ല. വൈദികൻ്റെ തിരോധാനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരു പ്രതിയെ ഫ്രാൻസിൽ അറസ്റ്റ് ചെയ്തതിനെക്കുറിച്ചും ബിഷപ്പ് പരാമർശിച്ചു. അദ്ദേഹത്തെ കൂടുതൽ ചോദ്യം ചെയ്യാനുള്ള സാധ്യതയുണ്ട്, അതുവഴി വൈദികന്‍ എവിടെയാണെന്ന് തിരിച്ചറിയാൻ സഹായിക്കുമെന്നും ബിഷപ്പ് പ്രതീക്ഷ പ്രകടിപ്പിച്ചു.