News - 2025

ഹെയ്തിയിൽ നിന്നു തട്ടിക്കൊണ്ടുപോയ മൂന്ന് കന്യാസ്ത്രീകള്‍ക്ക് മോചനം

പ്രവാചകശബ്ദം 09-03-2024 - Saturday

പോർട്ട്-ഓ-പ്രിന്‍സ്: ഹെയ്തിയിൽ നിന്നു അക്രമികള്‍ തട്ടിക്കൊണ്ടുപോയ മൂന്ന് കന്യാസ്ത്രീകളെ വിട്ടയച്ചു. മാഡ്‌ലൈൻ കമ്മ്യൂണിറ്റിയിൽ സ്ഥിതി ചെയ്യുന്ന, ക്ലൂണിയിലെ സെൻ്റ് ജോസഫ് സമൂഹാംഗങ്ങളായ സിസ്റ്റേഴ്സാണ് ഒരു ദിവസം നീണ്ട തടവിന് ശേഷം മോചിതരായിരിക്കുന്നത്. പ്രദേശത്തെ ഒരു അനാഥാലയത്തില്‍ കന്യാസ്ത്രീകൾ സേവനം ചെയ്തുവരികയായിരിന്നു. 400 മാവോസോ സംഘമാണ് രാജ്യത്തിൻ്റെ തലസ്ഥാനമായ പോർട്ട്-ഓ-പ്രിൻസിലെ ഈ പ്രദേശം നിയന്ത്രിക്കുന്നത്. സന്യാസിനികളെ തട്ടിക്കൊണ്ടു പോയതിന് പിന്നില്‍ ഇവരാണെന്നാണ് സൂചന.

തലസ്ഥാനത്തിന്റെ 80% പ്രദേശങ്ങളും നിയന്ത്രിക്കുന്ന ക്രിമിനൽ ഗ്രൂപ്പുകൾ രാജ്യത്തെ ഏറ്റവും വലിയ രണ്ട് ജയിലുകളിൽ നിന്ന് അയ്യായിരത്തിലധികം തടവുകാരെ മോചിപ്പിച്ചതിന് ശേഷം അക്രമം ഉച്ചസ്ഥായിലെത്തുകയായിരിന്നു. കാരിഫോർ-ഫ്യൂലെസിലെ സെൻ്റ് ജെറാർഡ് ഇടവകയിലെ മുൻ ഇടവക വികാരിയായ ഫാ. ഗിൽബർട്ട് പെൽട്രോപ്പാണ് മോചന വാര്‍ത്ത സ്ഥിരീകരിച്ചത്. മോചനദ്രവ്യമായി പണം നല്‍കിയോയെന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. മാർച്ച് 5 ചൊവ്വാഴ്‌ചയാണ് കന്യാസ്ത്രീകളെ തട്ടിക്കൊണ്ടുപോയതെന്നും 24 മണിക്കൂറിന് ഇവര്‍ മോചിതരാകുകയായിരിന്നുവെന്നും അദ്ദേഹം അറിയിച്ചു.

ഹെയ്തിയില്‍ സായുധ മാഫിയാസംഘങ്ങളുടെ കലാപം ശമനമില്ലാതെ തുടരുകയാണ്. അടിയന്തരാവസ്ഥയ്ക്കിടയിലും സംഘർഷഭരിതമാണ് ഹെയ്‌തി. തിങ്കളാഴ്ച പ്രധാന അന്താരാഷ്ട്ര വിമാനത്താവളത്തിൽ പോലീസും സായുധസംഘങ്ങളും ഏറ്റുമുട്ടി. വിദേശത്തുള്ള പ്രധാനമന്ത്രിയുടെ തിരിച്ചുവരവ് തടഞ്ഞ് രാജിവെപ്പിക്കുകയാണ് ലക്ഷ്യമെന്ന് അക്രമങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത ഗുണ്ടാത്തലവൻ ജിമ്മി ക്രീസിയെ പറഞ്ഞു. മുൻ പോലീസ് ഉദ്യോഗസ്ഥനായ ഇദ്ദേഹമാണ് സായുധസംഘങ്ങളുടെ കൂട്ടായ്‌മയ്ക്ക് നേതൃത്വം നൽകുന്നത്.


Related Articles »