News - 2024
ബുദ്ധമത സന്യാസികള്‍ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു
പ്രവാചകശബ്ദം 28-05-2024 - Tuesday
വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെത്തിയ തായ്‌ലൻഡില്‍ നിന്നുള്ള ബുദ്ധ മതസന്യാസിമാരുടെ പ്രതിനിധി സംഘം ഫ്രാന്‍സിസ് പാപ്പയുമായി കൂടികാഴ്ച നടത്തി. കത്തോലിക്ക സഭയും ബുദ്ധമത സമൂഹവും തമ്മിലുള്ള നിലനിൽക്കുന്ന സൗഹൃദത്തെ പാപ്പ കൂടിക്കാഴ്ചയില്‍ ഉയർത്തിക്കാട്ടി. 2019 നവംബറിൽ തായ്‌ലാന്റ് സന്ദർശന സമയത്തിൽ തനിക്ക് ലഭിച്ച അസാധാരണമായ സ്വീകരണത്തിന് പാപ്പ നന്ദി അറിയിച്ചു. കഴിഞ്ഞ നവംബറിൽ തായ്‌ലാൻഡിൽ നൂറ്റിഅന്‍പതില്‍ അധികം പേർ പങ്കെടുത്ത ഏഴാമത് ബുദ്ധ-ക്രിസ്ത്യൻ കൊളോക്വിയത്തെ പ്രശംസിച്ച പാപ്പ അതിന്റെ പ്രഖ്യാപനങ്ങളിൽ നിന്നുമെടുത്ത വാക്കുകള്‍ സന്ദേശത്തിൽ എടുത്തു പറഞ്ഞു.
"മുറിവുള്ള മനുഷ്യരാശിയുടെയും ഭൂമിയുടെയും സൗഖ്യത്തിനായി കരുണയും അഗാപെയും സംവാദത്തിൽ" എന്ന പ്രമേയത്തിൽ നടന്ന പരിപാടിയിൽ ആഗോള ദുരിതങ്ങളും പാരിസ്ഥിതിക തകർച്ചയും പരിഹരിക്കുന്നതിനുള്ള സഹകരണ ശ്രമങ്ങളുടെ അടിയന്തര ആവശ്യകതയെ ഊന്നിപ്പറഞ്ഞതും ഫ്രാൻസിസ് പാപ്പ അനുസ്മരിച്ചു. ഇന്ന് മാനവികതയും നമ്മുടെ പൊതുഭവനമായ ഭൂമിയും തീർച്ചയായും മുറിവേറ്റിരിക്കുന്നു! എത്രയെത്ര യുദ്ധങ്ങൾ, എല്ലാം നഷ്ടപ്പെട്ട് പലായനം ചെയ്യാന്‍ നിർബന്ധിതരായ എത്രയോ ആളുകൾ,അക്രമം ബാധിച്ച നിരവധി കുട്ടികൾ- പാപ്പ കൂടിക്കാഴ്ചയില്‍ ദുഃഖം പങ്കുവെച്ചു.
സാന്താ മരിയ ബസിലിക്കയിൽ സമാധാനത്തിനായുള്ള പ്രാർത്ഥനയിൽ ബുദ്ധ മതപ്രതിനിധി സംഘം പങ്കെടുക്കുമെന്നതിൽ തന്റെ സന്തോഷം പ്രകടിപ്പിച്ച പാപ്പാ, ഇത് ഐക്യദാർഢ്യത്തിന്റെ സുപ്രധാന അടയാളമായി കാണുന്നതായി വെളിപ്പെടുത്തി. പ്രതിനിധി സംഘത്തിന്റെ സന്ദർശനത്തിന് ഫ്രാൻസിസ് പാപ്പ നന്ദി പറയുകയും തായ്‌ലാന്റിലെ ബുദ്ധ, കത്തോലിക്കാ സമൂഹങ്ങൾ തമ്മിലുള്ള സംവാദവും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതില്‍ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. കൂടിക്കാഴ്ചയുടെ സമാപനത്തില്‍ തായ്‌ലൻഡിലെ സന്യാസിമാർക്കു പാപ്പ ആശീര്‍വാദവും നല്‍കിയിരിന്നു.
▛ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟