News
പശുക്കളെ വിലപേശുന്നത് പോലെ എന്റെ മോചനത്തിന് വിലപേശി: ദുരിത ദിനങ്ങള്‍ ഓര്‍ത്തെടുത്ത് നൈജീരിയന്‍ വൈദികന്‍
പ്രവാചകശബ്ദം 05-06-2024 - Wednesday
അബൂജ: തട്ടിക്കൊണ്ടുപോയവരുടെ ഇടയില്‍ കഴിഞ്ഞ ദുരിത ദിനങ്ങള്‍ ഓര്‍ത്തെടുത്ത് നൈജീരിയന്‍ വൈദികന്‍. യോള കത്തോലിക്കാ രൂപതാംഗമായ ഫാ. ഒലിവർ ബൂബയാണ് തട്ടിക്കൊണ്ടുപോയവരുടെ കൈകളിലെ 10 ദിവസത്തെ ദയനീയ ദിനങ്ങള്‍ എസിഐ ആഫ്രിക്കയ്ക്കു ജൂൺ 3 തിങ്കളാഴ്ച നല്‍കിയ അഭിമുഖത്തിൽ ഓര്‍ത്തെടുത്തത്. തടങ്കലിലായപ്പോഴാണ് സ്വാതന്ത്ര്യത്തിൻ്റെ വില തിരിച്ചറിഞ്ഞതെന്നും ഇത് ഭയങ്കരമായ ഒരു അനുഭവമായിരുന്നുവെന്നും നാം വേദനിക്കുന്നത് കാണുന്നതിൽ അവർക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങൾ ഒരിക്കലും തടവിലായിട്ടില്ലെങ്കിൽ, സ്വാതന്ത്ര്യത്തിൻ്റെ പ്രാധാന്യം നിങ്ങൾക്കറിയില്ല. ഇത് ഭയങ്കരമായ ഒരു അനുഭവമായിരുന്നു, തട്ടിക്കൊണ്ടുപോയവർ വേദനിപ്പിക്കാൻ എല്ലാം ചെയ്യുന്നു, നാം വേദനിക്കുന്നത് കാണുന്നതിൽ അവർക്ക് സന്തോഷമുണ്ട്. അവർക്ക് വേണ്ടത് പണമാണെന്ന് പറയും. വേണ്ടത് പണം മാത്രമാണെന്നും അതിനാല്‍ കൊല്ലില്ലെന്നും പറയും. അവർ പശുക്കളെ വിലപേശുന്നത് പോലെ മോചനദ്രവ്യത്തിനായി വിലപേശൽ തുടർന്നു. 10 ദിവസത്തോളം അവർ എൻ്റെ ജീവനായി വിലപേശൽ തുടർന്നു. തന്റെ ഇടവകയും ചില സുഹൃത്തുക്കളും നൽകിയ വെളിപ്പെടുത്താത്ത മോചനദ്രവ്യത്തിന് ഒടുവില്‍ സമ്മതിക്കുകയായിരിന്നു. തട്ടിക്കൊണ്ടുപോകലുകളിൽ നിന്ന് പണം സമ്പാദിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.
മോചനദ്രവ്യം നൽകുവാനെത്തിയ ഇടവക സെക്രട്ടറിയെയും അക്രമികള്‍ രണ്ട് ദിവസത്തേക്ക് ബന്ദികളാക്കി. ചർച്ചകൾക്കിടെ ഫോണിൽ തങ്ങളോട് അപമര്യാദയായി സംസാരിച്ചതായി ആരോപിച്ചായിരിന്നു അദ്ദേഹത്തെയും ബന്ധിയാക്കിയത്. ഒടുവില്‍ മെയ് 30 വ്യാഴാഴ്‌ച ഒന്‍പത് മണിയോടെ ഞങ്ങൾ രണ്ടുപേരെയും വിട്ടയയ്ക്കുകയായിരിന്നുവെന്നും ഫാ. ഒലിവർ പറഞ്ഞു.
ആക്രമണങ്ങൾ, മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നിവയുമായി വ്യാപിച്ചിരിക്കുന്ന തീവ്രവാദികളുമായി നൈജീരിയന്‍ ജനത പോരാടുകയാണ്. 2009 മുതൽ ഇസ്ളാമിക തീവ്രവാദികളായ ബോക്കോഹറാം രാജ്യത്ത് പ്രധാന വെല്ലുവിളിയാണ്. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രത്തെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാനാണ് ഇവര്‍ ലക്ഷ്യമിടുന്നത്. എല്ലാ അക്രമ സംഭവങ്ങളിലും ക്രൈസ്തവരാണ് ഇരകളാകുന്നത്.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟