News
ഉഗാണ്ടൻ ക്രൈസ്തവ രക്തസാക്ഷികളുടെ അനുസ്മരണ ചടങ്ങില്‍ പങ്കുചേര്‍ന്നത് ലക്ഷകണക്കിന് വിശ്വാസികള്‍
പ്രവാചകശബ്ദം 06-06-2024 - Thursday
കംപാല: 1885- 1887 കാലയളവില്‍ കബാക്ക രാജാവ് മവാങ്ക രണ്ടാമന്റെ കാലത്ത് ക്രൈസ്തവ വിശ്വാസത്തെപ്രതി രക്തസാക്ഷിത്വം വരിച്ച ഉഗാണ്ടൻ രക്തസാക്ഷികളുടെ അനുസ്മരണ ചടങ്ങില്‍ ദശലക്ഷകണക്കിന് വിശ്വാസികളുടെ പങ്കാളിത്തം. വിശുദ്ധ ചാൾസ് ലുവാംഗയുടെയും, മറ്റു 21 രക്തസാക്ഷികളുടെയും ഓർമ്മദിനമായ ജൂണ്‍ 3നു ഉഗാണ്ടയിലെ, നമുഗോൻഗോയിലെ തീർത്ഥാടനകേന്ദ്രത്തിൽ നടന്ന വിശുദ്ധ ബലിയിലും, അനുസ്മരണ ചടങ്ങുകളിലും ഏകദേശം നാൽപ്പതു ലക്ഷം വിശ്വാസികൾ പങ്കെടുത്തുവെന്നു പ്രാദേശിക ഉറവിടങ്ങളെ ഉദ്ധരിച്ച് വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അനുസ്മരണ ആഘോഷങ്ങൾക്ക് മുന്നോടിയായി, മെയ് പതിനഞ്ചാം തീയതി എഴുന്നൂറോളം തീർത്ഥാടകരുടെ ഒരു സംഘം ഗുലുവിന്റെ പുതിയ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ട മോൺ. റാഫേൽ പി മോനി വോക്കോരച്ചിന്റെ നേതൃത്വത്തിൽ 500 കിലോമീറ്ററുകൾ കാല്‍ നടയായി നടന്നു നമുഗോൻഗോയിലെ തീർത്ഥാടനകേന്ദ്രത്തിലെത്തിയിരിന്നു. തുടർന്ന് നടന്ന വിശുദ്ധ ബലിക്ക് മോൺസിഞ്ഞോർ റാഫേൽ മുഖ്യകാർമ്മികത്വം വഹിച്ചു. ഇരുപതോളം മെത്രാന്മാരും, നൂറുകണക്കിന് വൈദികരും സഹകാർമ്മികരായി.
ബഹുഭാര്യത്വം, മന്ത്രവാദം, തുടങ്ങി ക്രൈസ്തവ വിശ്വാസങ്ങളുമായി പൊരുത്തപ്പെടാത്ത ഏതെങ്കിലും തരത്തിലുള്ള വിഗ്രഹാരാധനയിലും ആചാരങ്ങളിലും ആരും പ്രലോഭിതരാകരുതെതെന്നും വിശ്വാസം ത്യജിക്കുന്നതിനെക്കാൾ വധിക്കപ്പെടുവാൻ ആഗ്രഹിച്ചവരാണ് ഉഗാണ്ടയിലെ രക്തസാക്ഷികളെന്നും, ഇവർ നമുക്ക് ജീവിത മാതൃകകൾ ആണെന്നും മോണ്‍. റാഫേൽ തന്റെ സന്ദേശത്തിൽ അടിവരയിട്ടു പറഞ്ഞു.
1885നും 1887 ഇടയിൽ മവാങ്ക രാജാവിന്റെ ഭരണകാലത്താണ് 22 കത്തോലിക്കരും, 23 ആംഗ്ലിക്കൻ വിശ്വാസികളും ക്രൂരമായ മതമർദ്ദനം ഏറ്റുവാങ്ങി കൊല്ലപ്പെടുന്നത്. ബബന്‍ഡന്‍ ഭരണാധികാരിയായിരുന്ന വാന്‍ഗായുടെ അസാന്മാര്‍ഗ്ഗിക പ്രവര്‍ത്തികളില്‍ നിന്നും, സ്വവര്‍ഗ്ഗ ലൈംഗീക ചൂഷണങ്ങളില്‍ നിന്നും വിശുദ്ധ ചാള്‍സ് തന്റെ സഹപ്രവര്‍ത്തകരെ സംരക്ഷിച്ചിരിന്നു. വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിച്ച ചാള്‍സ് ലവാങ്ങയേയും, അദ്ദേഹത്തിന്റെ സഹചാരികളേയും 1964 ജൂണ്‍ 22ന് പോൾ ആറാമൻ മാർപാപ്പയാണ് വിശുദ്ധരായി പ്രഖ്യാപിച്ചത്.
▛ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟