News - 2024
ഉഗാണ്ടയില്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ക്രൈസ്തവ വനിതയ്ക്കു ദാരുണാന്ത്യം
പ്രവാചകശബ്ദം 14-12-2023 - Thursday
കംപാല: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയിലെ കാസെസില്‍ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ് (എ.ഡി.എഫ്) എന്ന് സംശയിക്കപ്പെടുന്ന ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ മുപ്പത്തിയഞ്ചുകാരിയായ ക്രിസ്ത്യന്‍ വനിത കൊല്ലപ്പെട്ടു. ഇസ്ലാമിനെ വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ‘എ.ഡി.എഫ്’നെ ഒരു തീവ്രവാദി സംഘടനയായിട്ടാണ് പരിഗണിച്ച് വരുന്നത്. പടിഞ്ഞാറന്‍ ഉഗാണ്ടയിലെ കാസെസ് ജില്ലയിലെ എന്‍ഗോക്കോ ഗ്രാമത്തില്‍ ഡിസംബര്‍ 7-ന് വൈകിട്ട് 9 മണിക്കാണ് ആക്രമണം നടന്നത്. മുപ്പത്തിയഞ്ചുകാരിയായ ബെറ്റി ബീരായെ കൊലപ്പെടുത്തിയ അക്രമികള്‍ അവരുടെ ബന്ധുവായ ജോണ്‍ മാസെരെക്കായെ ആക്രമിച്ചിരിന്നു.
നെറ്റിയിലും, തലയോട്ടിയിലും കോടാലികൊണ്ടുള്ള മുറിവുമായാണ് അക്രമികള്‍ ആക്രമണം നടത്തിയതെന്ന് എന്‍ഗോകോ വില്ലേജ് ചെയര്‍പേഴ്സണ്‍ കായോ ജോസഫ് വെളിപ്പെടുത്തി. “കൊലയാളികള്‍ അപരിചിതരായിരുന്നു. എനിക്ക് മനസ്സിലാവാത്ത ഭാഷയിലായിരുന്നു അവര്‍ സംസാരിച്ചിരുന്നത്. 5 പേരടങ്ങുന്ന അക്രമിസംഘം ഫോണും ഭക്ഷണവും ആവശ്യപ്പെട്ടു. തോക്ക്, കോടാലി, കത്തി എന്നീ ആയുധങ്ങള്‍ ധരിച്ച അക്രമികള്‍ ആന്റിയെ കൊന്നതിന് ശേഷം എന്റെ നേര്‍ക്ക് തിരിഞ്ഞു. എന്നെ രക്ഷിക്കണമേ എന്ന് ഞാന്‍ യേശുവിനോട് അപേക്ഷിച്ചു. ചില മുറിവുകള്‍ ഏറ്റെങ്കിലും ഓടി രക്ഷപ്പെടുവാന്‍ ദൈവം എന്നെ സഹായിച്ചു. ഗുഡ് സമരിറ്റന്‍സ് ഗ്രൂപ്പാണ് എന്നെ രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചത്” - ആക്രമണത്തിന് ഇരയായ മാസെരെക്കാ വെളിപ്പെടുത്തി.
തെക്കന്‍ റെന്‍സോരി ആംഗ്ലിക്കന്‍ രൂപതാ മെത്രാന്‍ നാസണ്‍ ബാലുകു ആക്രമണത്തെ അപലപിച്ചു. സമാധാനത്തോടും സുസ്ഥിരതയോടും ജീവിക്കുന്ന ഒരു സമൂഹത്തിന്റെ അടിത്തറ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് വിമതര്‍ ക്രൈസ്തവര്‍ക്കു നേരെ ആക്രമണം അഴിച്ചു വിടുന്നതെന്ന്‍ പറഞ്ഞ മെത്രാന്‍ സമാധാനത്തിലൂടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതിന് പകരം അക്രമം നടത്തുന്നത് മനുഷ്യരുടെ അടിസ്ഥാന സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും കൂട്ടിച്ചേര്‍ത്തു. 2019-ല്‍ ഇസ്ലാമിക തീവ്രവാദി സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി കൈകോര്‍ത്ത ശേഷമാണ് എ.ഡി.എഫ് തീവ്രവാദത്തിലേക്ക് തിരിഞ്ഞത്. എ.ഡി.എഫ് പൂര്‍ണ്ണമായും പിരിച്ചുവിടുകയും, ഇസ്ലാമിക് സ്റ്റേറ്റില്‍ ലയിക്കുകയും ചെയ്തുവെന്ന് പറഞ്ഞുകൊണ്ട് എ.ഡി.എഫ് തലവന്‍ മൂസ ബലൂകു 2020-ല്‍ വീഡിയോ പുറത്തുവിട്ടിരുന്നു.