News - 2025

കൊളംബിയയില്‍ കത്തോലിക്ക വൈദികന്‍ കൊല്ലപ്പെട്ടു

പ്രവാചകശബ്ദം 06-06-2024 - Thursday

ബൊഗോട്ട: ദക്ഷിണ അമേരിക്കൻ രാജ്യമായ കൊളംബിയയില്‍ കത്തോലിക്ക വൈദികന്‍ കൊല്ലപ്പെട്ടു. ഫാ. റാമോൺ അർതുറോ മോണ്ടെജോ പെയ്‌നാഡോ എന്ന വൈദികനാണ് കൊല്ലപ്പെട്ടത്. ന്യൂവ പാംപ്ലോണയിലെ ആർച്ച് ബിഷപ്പും ഒക്കാനയിലെ അപ്പസ്‌തോലിക് അഡ്മിനിസ്ട്രേറ്ററുമായ ബിഷപ്പ് ജോർജ് ആൽബെർട്ടോ ഒസാ സോട്ടോ വൈദികന്റെ കൊലപാതകത്തില്‍ ദുഃഖം രേഖപ്പെടുത്തി. വിശ്വാസികളെ അഗാധമായ നിരാശയിലേക്കും സങ്കടത്തിലേക്കും തള്ളിവിട്ട സംഭവമാണ് കൊലപാതകമെന്ന് ബിഷപ്പ് പറഞ്ഞു. മരിച്ച വൈദികന്‍റെ നിത്യ ശാന്തിയ്ക്കായി പ്രാര്‍ത്ഥിക്കുന്നതായും ബിഷപ്പ് ഒസ്സ പറഞ്ഞു.

കർത്താവ് വൈദികന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അതുപോലെ തന്നെ അദ്ദേഹത്തെ അറിയാനും സാക്ഷികളാകാനും അവസരം ലഭിച്ച മുഴുവൻ സമൂഹത്തിനും ആശ്വാസവും ശക്തിയും പകരുമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ഒക്കാനയിലെ ബ്യൂണവിസ്റ്റ ജില്ലയിലേക്ക് പോകാൻ ഒരുങ്ങുമ്പോൾ ആയുധധാരികളായ രണ്ട് കൊള്ളക്കാർ വൈദികനെ ആക്രമിക്കുകയായിരിന്നു. അക്രമികളുമായി വൈദികന്‍ മല്ലിട്ടെങ്കിലും ഇവരെ കീഴ്പ്പെടുത്താന്‍ കഴിഞ്ഞില്ല. കുത്തേറ്റാണ് ഫാ. റാമോൺ കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന രണ്ട് പ്രതികളെ പോലീസ് പിന്നീട് പിടികൂടി.


Related Articles »