News

കോംഗോയിലെ ആക്രമണങ്ങളുടെ ഉത്തരവാദിത്വമേറ്റെടുത്ത് ഐസിസ്; കുറഞ്ഞത് 80 ക്രൈസ്തവര്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്

പ്രവാചകശബ്ദം 17-06-2024 - Monday

കിന്‍ഹാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ നിരവധി ഗ്രാമങ്ങളിൽ ദിവസങ്ങളോളം നീണ്ടുനിന്ന ആക്രമണങ്ങളിൽ നൂറുകണക്കിന് ആളുകളെ മൃഗീയമായി കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്സ്. കൊല്ലപ്പെട്ടവരില്‍ കുറഞ്ഞത് 80 ക്രിസ്ത്യാനികളെങ്കിലും ഉണ്ടെന്ന് സൈനിക, പ്രാദേശിക വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള നോർത്ത് കിവു പ്രവിശ്യയിലെ ബെനി പ്രദേശത്തെ നിരവധി ഗ്രാമങ്ങളിൽ ഇസ്ലാമിക് സ്റ്റേറ്റ് അഫിലിയേറ്റഡ് അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സിൽ നിന്നുള്ള തീവ്രവാദികൾ ഏകോപിപ്പിച്ച ആക്രമണങ്ങളുടെ പരമ്പരയാണ് നടന്നത്.

ജൂൺ 7ന് ആക്രമണ പരമ്പര അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തിയിരിന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച, ലുബെറോ പ്രദേശത്തെ മെയ്കെങ്കോ ഗ്രാമത്തിൽ നാല്‍പ്പതിലധികം ആളുകളാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. പ്രാദേശിക അധികാരികളുടെ കണക്കുകൾ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ എ‌എഫ്‌പിയുടെ റിപ്പോർട്ട് പ്രകാരം ജൂൺ ആദ്യം മുതൽ നൂറ്റിഅന്‍പതോളം പേരാണ് കൊല്ലപ്പെട്ടത്. ആഗോള തലത്തില്‍ ക്രൈസ്തവര്‍ക്കെതിരായ പീഡനങ്ങൾ നിരീക്ഷിക്കുന്ന നിരീക്ഷണ സംഘടനയായ ഓപ്പൺ ഡോർസ്, ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കോംഗോയില്‍ കൊല്ലപ്പെട്ട ക്രൈസ്തവരുടെ എണ്ണം കുറഞ്ഞത് 80 പേരെങ്കിലുമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്നലെ വത്തിക്കാനിൽ ത്രികാലജപ പ്രാർത്ഥനയ്ക്കുശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യുന്നതിനിടെ സംഘർഷങ്ങളുടെയും കൂട്ടക്കൊലകളുടെയും വേദനാജനകമായ വാർത്തകളാണ് കോംഗോയിലെ കിഴക്കൻ മേഖലയിൽനിന്ന് വരുന്നതെന്ന് ഫ്രാന്‍സിസ് പാപ്പ അനുസ്മരിച്ചിരിന്നു. ആയിരങ്ങളാണ് ഇതുമൂലം ദുരിതമനുഭവിക്കുന്നതെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനും കോംഗോ സർക്കാരിനോടും രാജ്യാന്തര സമൂഹത്തോടും അഭ്യർത്ഥിക്കുന്നതായും ഫ്രാൻസിസ് മാർപാപ്പ ഇന്നലെ കൂട്ടിച്ചേര്‍ത്തു.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ ക്രൈസ്തവ ഭൂരിപക്ഷ രാജ്യമാണ്. 2018 ലെ കണക്കനുസരിച്ച്, ജനസംഖ്യയുടെ ഏകദേശം 89% ക്രൈസ്തവരാണ്. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ കണക്കനുസരിച്ച് കിഴക്കൻ കോംഗോയില്‍ ഒരു ഡസനിലധികം സായുധ ഗ്രൂപ്പുകളും 100 ക്രിമിനൽ സംഘങ്ങളും പ്രവർത്തിക്കുന്നുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിൻ്റെ സെൻട്രൽ ആഫ്രിക്ക പ്രവിശ്യ എന്നു വിളിക്കപ്പെടുന്ന കോംഗോയില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് വലിയ രീതിയില്‍ വേരൂന്നിയിരിക്കുകയാണ്.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »