News - 2024
വാക്കുകൾ സൂക്ഷ്മതയോടെ ഉപയോഗിച്ചാലോ? | അല്‍ഫോന്‍സാമ്മയോടൊപ്പം ഒരു പുണ്യയാത്ര | 06
സി. റെറ്റി FCC 06-07-2024 - Saturday
"ലുബ്ധൻ പണം ചെലവാക്കുന്നതിനേക്കാൾ സൂക്ഷ്മതയോടെ ആയിരിക്കണം നാം വാക്കുകൾ ഉപയോഗിക്കുക." വിശുദ്ധ അൽഫോൻസാ.
ഒരിക്കൽ ഒരു ഗുരുവിന്റെ അടുത്ത് ശിഷ്യൻ വന്നു പറഞ്ഞു,ഗുരുവേ എനിക്ക് അങ്ങയോട് ഒരു കാര്യം പറയാനുണ്ട്:
ഗുരു ചോദിച്ചു: നീ തന്നെ കേട്ടതോ, ആരെങ്കിലും പറയുന്നത് കേട്ടതോ?
ശിഷ്യൻ പറഞ്ഞു: പറയുന്നത് കേട്ടതാണ്.
ഗുരു വീണ്ടും ചോദിച്ചു: നല്ലതോ, ചീത്തയോ ?
ശിഷ്യൻ പറഞ്ഞു: അത്ര നല്ല കാര്യമല്ല.
ഗുരു വീണ്ടും ആവർത്തിച്ചു ചോദിച്ചു : എനിക്കോ, നിനക്കോ ഗുണകരമാണോ?
ശിഷ്യൻ പറഞ്ഞു: അല്ല.
നമ്മുടെ പല തെറ്റുകളും വരുന്നത് സംസാരത്തിൽ നിന്നാണ്.
സംസാരം - പഴയ നിയമത്തിൽ.
ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ പറയുന്നു: എനിക്ക് ദുരിതം. ഞാൻ നശിച്ചു എന്തെന്നാൽ ഞാൻ അശുദ്ധമായ അധരങ്ങളുള്ളവനും അശുദ്ധമായ അധരങ്ങൾ ഉള്ളവരുടെ മധ്യേ വസിക്കുന്നവനുമാണ് (Is:6/5).
ജെറമിയാ പ്രവാചകൻ പറയുന്നു വിലകെട്ടവ പറയാതെ സത്ന വചങ്ങൾ മാത്രം സംസാരിച്ചാൽ നീ എന്റെ നാവു പോലെയാകും(jer:15/19). നമ്മുടെ നാവുകൾ ദൈവസന്നിധിയിൽ വിലപ്പെട്ടതാണ്.
** സംസാരം - പുതിയ നിയമത്തില്‍.
യാക്കോബ് ശ്ലീഹാ ഓർമിപ്പിക്കുന്നു: സംസാരത്തിൽ തെറ്റുപറ്റാത്തവൻ ഭാഗ്യവാൻ തന്റെ ശരീരത്തെ മുഴുവൻ നിയന്ത്രിക്കുവാൻ അവനു കഴിയും (Jac3/2) വീണ്ടും മത്തായി ശ്ലീഹാ പറയുന്നു: മനുഷ്യർ പറയുന്ന ഓരോ വ്യർത്ഥവാക്കിനും വിധി ദിവസം കണക്ക് കൊടുക്കേണ്ടി വരും നിന്റെ വാക്കുകൾ നീതീകരിക്കപ്പെടും നിന്റെ വാക്കുകൾ നീ കുറ്റം വിധിക്കപ്പെടുകയും ചെയ്യും.(Mt:12/36).
** സംസാരം- വിശുദ്ധരുടെ കാഴ്ചപ്പാടിൽ.
പാദുവായിലെ വിശുദ്ധ അന്തോനീസ് പറയുന്നു: ഒരുവന്റെ ഉദരം ഉപവാസം കൊണ്ട് വൃത്തിയാക്കുകയും അധരം ദുഷിച്ച വാക്കുകൾ കൊണ്ട് മലിനമാക്കുകയും ചെയ്താൽ എന്ത് പ്രയോജനം. ഒരിക്കൽ രോഗിയായ കുഞ്ഞിനെയും കൊണ്ട് ഒരമ്മ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ അടുത്ത് വന്നു. അസീസി പറഞ്ഞു :ബോനെ -വെഞ്ചുരെ.. നല്ലതു വരട്ടെ. പിന്നീട് ആ കുട്ടി വിശുദ്ധ ബോനെവഞ്ചർ ആയി. നമ്മുടെ നാവിനെ അനുഗ്രഹിക്കാൻ നാം ഉപയോഗിക്കണം.
വിശുദ്ധ അൽഫോൻസാമ്മ രണ്ടാഴ്ച എറണാകുളം ജനറൽ ആശുപത്രിയിൽ കിടന്ന കാലത്ത് ശുശ്രൂഷിച്ചിരുന്ന ഭരണങ്ങാനം മഠത്തിലെ ആർക്കാഞ്ചലോ റൊസാരിയോ സാക്ഷ്യപ്പെടുത്തുന്നു അമ്മ ഒരിക്കലും ആരുടെയും കുറ്റം പറഞ്ഞിട്ടില്ല ആരെങ്കിലും പറയുന്നത് കേട്ടാൽ അവരോട് പറയും "നിങ്ങൾ എന്റെ അടുക്കൽ ഇരുന്ന് ഇങ്ങനെ പറയല്ലേ എഴുന്നേറ്റ് എവിടെയെങ്കിലും മാറിയിരുന്ന് സംസാരിക്കാമല്ലോ ". ഫാദർ സെബാസ്റ്റ്യൻ പിണക്കാട്ട് പറയുന്നു:" പരുഷ വാക്കുകൾ ഒരിക്കലും അൽഫോൻസാമ്മയുടെ വായിൽ നിന്ന് വന്നിട്ടില്ല ശിശു തുല്യമായ ലാളിത്യവും എളിമയും ശാന്തതയും സംഭാഷണങ്ങളിൽ അവൾ പാലിച്ചിരുന്നു."
മറ്റുള്ളവരെ അവിവേകമായി വിധിക്കുകയില്ലെന്ന് അവൾ ദൃഢനിശ്ചയം ചെയ്തിരുന്നു. നല്ല നിശ്ചയമില്ലാത്ത കാര്യങ്ങളിൽ നാം ഒരിക്കലും വിധി പ്രസ്താവിക്കരുത് എന്ന് മാത്രമല്ല കേട്ടറിവുകളെ അടിസ്ഥാനപ്പെടുത്തി വിധിക്കുന്നത് കുറ്റകരമാണെന്ന് അവൾ പറയാറുണ്ടായിരുന്നു.
2024 ജൂൺ 27ലെ ഒരു സ്വകാര്യ കൂടിക്കാഴ്ചയിൽ ഫ്രാൻസീസ് പാപ്പ ഇപ്രകാരം ഉപദേശിക്കുന്നു: "നമ്മളെ ഉള്ളിൽ നിന്ന് നശിപ്പിക്കുന്ന ഒരു പ്ലേഗാണ് കിംവദന്തി അഥവാ കുറ്റംപറച്ചിൽ. ചെറുതായി നമുക്കു അതു തോന്നുമെങ്കിലും അവ നമ്മളെ ഉള്ളിൽ നിന്നു നശിപ്പിക്കും' അതിനാൽ കിംവദന്തി ഒരിക്കലും പരത്തരുത്, ജാഗ്രത പാലിക്കുക . അതു പ്രാവർത്തികമാക്കാൻ ഒരു വഴിയുണ്ട് നിങ്ങൾ നിങ്ങളുടെ നാവിൽ കടിക്കുക അപ്പോൾ അതു നീരുവയ്ക്കുകയും നിങ്ങൾക്കു സംസാരിക്കാൻ കഴിയാതെ വരുകയും ചെയ്യും".
അന്യരെ വിധിക്കുന്നവർക്ക് വേണ്ടി അൽഫോൻസാമ്മ പ്രാർത്ഥിക്കുകയും പരിഹാരകൃത്യങ്ങൾ സ്വയം അനുഷ്ഠിക്കുകയും ചെയ്തിരുന്നു. പര സ്നേഹത്തിനെതിരായ വാക്കുകൾ ചിലപ്പോൾ ഘനമായ പാപം ആകാം. ചില ദുർബല മാനസർക്ക് നിസ്സാരമായ പാവം പോലും വലിയ മനോവേദനയ്ക്കും ചിലപ്പോൾ രോഗത്തിന് പോലും കാരണമാകാം.
അതിനാൽ ലുബ്ധൻ പണം ചെലവാക്കുന്നതിനേക്കാൾ സൂക്ഷ്മതയോടെ വേണം നമ്മുടെ വാക്കുകൾ പ്രയോഗിക്കാൻ എന്ന് അൽഫോൻസാമ്മ ശാന്തമായും ഹൃദയസ്പർശിയായും ഉപദേശിച്ചിരുന്നു. നമുക്കും സംസാരത്തിൽ ശ്രദ്ധിക്കാം ജീവിതം സമ്പൂർണ്ണമാക്കാം ജന്മം സാഫല്യമാക്കാം.