News - 2025
ദക്ഷിണ കൊറിയയുടെ പ്രഥമ കര്‍ദ്ദിനാളിന്റെ നാമകരണ നടപടികള്‍ക്ക് വത്തിക്കാന്റെ അനുമതി
പ്രവാചകശബ്ദം 15-07-2024 - Monday
സിയോള്‍: ദക്ഷിണ കൊറിയയുടെ പ്രഥമ കര്‍ദ്ദിനാളും ആത്മീയ നേതാവുമായ കര്‍ദ്ദിനാള്‍ സ്റ്റീഫന്‍ കിം സൌ-ഹ്വാന്റെ നടപടികൾ ആരംഭിക്കുന്നതിന് വത്തിക്കാനിലെ വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാനിലെ ഡിക്കാസ്റ്ററി, സിയോള്‍ അതിരൂപതയ്ക്ക് അനുമതി നല്‍കി. സിയോൾ അതിരൂപതയുടെ പതിനൊന്നാമത്തെ ആർച്ച് ബിഷപ്പും കൊറിയയിലെ ആദ്യത്തെ കർദ്ദിനാളുമായിരുന്നു സ്റ്റീഫന്‍ കിം. സിയോള്‍ രൂപതയിലെ മെത്രാപ്പോലീത്തയായി സേവനം ചെയ്തുവരികയായിരുന്ന ബിഷപ്പ് കിമ്മിനെ 1969-ല്‍ പോള്‍ ആറാമന്‍ പാപ്പായാണ് ദക്ഷിണ കൊറിയയിലെ ആദ്യത്തെ കര്‍ദ്ദിനാളായി ഉയര്‍ത്തിയത്.
സൈനീക ഭരണകൂടത്തിന്റെ ഏകാധിപത്യത്തിന്റേതായ ഇരുണ്ട കാലഘട്ടങ്ങളില്‍ ദക്ഷിണ കൊറിയന്‍ സഭയെ നയിക്കുകയും, സര്‍ക്കാര്‍ നടപടികളെ വിമര്‍ശിക്കുകയും ചെയ്ത ആളായിരിന്നു അദ്ദേഹം. അദ്ദേഹത്തിൻ്റെ മാതൃകാപരമായ ജീവിതവും മനുഷ്യാവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി നടത്തിയ ഇടപെടലുകള്‍ ഏറെ ശ്രദ്ധ നേടിയിരിന്നു. "ദരിദ്രരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും സുഹൃത്ത്" എന്ന അപരനാമത്തിന് ഉടമ കൂടിയാണ് കര്‍ദ്ദിനാള്‍ സ്റ്റീഫന്‍ കിം.
1987-ല്‍ മ്യോങ്ങ്ദോങ്ങ് കത്തീഡ്രലില്‍ വിദ്യാര്‍ത്ഥികളെ പിടികൂടുവാന്‍ എത്തിയ പോലീസിനോട് “വിദ്യാര്‍ത്ഥികളെ പിടിക്കണമെങ്കില്‍ നിങ്ങള്‍ക്കാദ്യം എന്നെ ഇല്ലാതാക്കണം” എന്ന്‍ തുറന്ന്‍ പറഞ്ഞു വിശ്വാസം പ്രഘോഷിച്ച ധീരനായ വ്യക്തികൂടിയായിരിന്നു അദ്ദേഹം. 2009 ഫെബ്രുവരി 16-നാണ് കര്‍ദ്ദിനാള്‍ സ്റ്റീഫന്‍ കിം ഇഹലോക വാസം വെടിയുന്നത്. അന്നു നാലുലക്ഷത്തോളം ആളുകളാണ് അദ്ദേഹത്തിന്റെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍ എത്തിയത്.