News - 2024

ദക്ഷിണ കൊറിയയിൽ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കത്തോലിക്കരുടെ എണ്ണത്തിൽ റെക്കോർഡ്

പ്രവാചകശബ്ദം 30-04-2024 - Tuesday

സിയോള്‍: ചരിത്രത്തിൽ ഏറ്റവും കൂടുതൽ കത്തോലിക്കരായ ജനപ്രതിനിധികൾ ഇത്തവണത്തെ ദക്ഷിണ കൊറിയയുടെ പാർലമെൻറിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ട 80 പേരിൽ ഭരണപക്ഷത്തുള്ളവരും, പ്രതിപക്ഷത്തുള്ളവരും ഉൾപ്പെടും. ഏപ്രിൽ പത്തിന് നടന്ന ഇലക്ഷനിൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് കൊറിയയുടെ പ്രതിനിധികളായി 53 കത്തോലിക്കരാണ് തെരഞ്ഞെടുക്കപ്പെട്ടത്. അതേസമയം ഭരണപക്ഷത്തുണ്ടായിരുന്ന പീപ്പിൾ പവർ പാർട്ടിയുടെ പ്രതിനിധികളായി 16 കത്തോലിക്കർ തെരഞ്ഞെടുക്കപ്പെട്ടു.

ഇതുകൂടാതെ ന്യൂ റിഫോം പാർട്ടിയുടെ പ്രതിനിധികളായി 11 കത്തോലിക്കരാണ് പാർലമെൻറിലേക്ക് വരുന്നത്. ഇലക്ഷനിൽ ഡെമോക്രാറ്റിക് പാർട്ടി 161 സീറ്റുകൾ നേടിയപ്പോൾ പീപ്പിൾ പവർ പാർട്ടിക്ക് 90 സീറ്റുകളാണ് ലഭിച്ചത്. 2020ൽ 300 ജനപ്രതിനിധികളുള്ള പാർലമെൻറിൽ 25 ശതമാനം കത്തോലിക്കരാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോഴത് 27% ആയി ഉയര്‍ന്നിരിക്കുകയാണ്.

രാജ്യത്തെ ആകെ ജനസംഖ്യയുടെ 28 ശതമാനമാണ് ക്രൈസ്തവ വിശ്വാസികള്‍. മൊത്തം ജനസംഖ്യയുടെ 11% കത്തോലിക്കാ വിശ്വാസികളാണ്. കത്തോലിക്ക വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ദ്ധനവും ദൈവവിളിയില്‍ ഉണ്ടായ വര്‍ദ്ധനവും കൊറിയയിലെ സജീവ സുവിശേഷവത്ക്കരണത്തിന്റെ പ്രതിഫലനമായാണ് വിലയിരുത്തപ്പെടുന്നത്.


Related Articles »