News - 2024

അൽഫോൻസാമ്മയെ ഭാഗ്യവതിയാക്കിയ വിശ്വാസം | വിശുദ്ധയോടോപ്പം ഒരു പുണ്യയാത്ര | 20

സി. റെറ്റി FCC 20-07-2024 - Saturday

"എന്റെ കർത്താവ് അറിയാതെ എനിക്കൊന്നും സംഭവിക്കുകയില്ല എന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട് " വിശുദ്ധ അൽഫോൻസാ.

വിശ്വാസം എന്നത് പ്രത്യാശിക്കുന്നവർ ലഭിക്കുമെന്ന് ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവുമാണ് (Heb:11/1). വിശ്വാസം വഴി പരിശുദ്ധാത്മാവിലൂടെ നീതി ലഭിക്കുമെന്ന് വിശുദ്ധ പൗലോസ് പ്രത്യാശിക്കുന്നു. സ്നേഹത്തിലൂടെ പ്രവർത്തനനിരതമായ വിശ്വാസമാണ് സുപ്രധാനമെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു (Gal:5:5-6).

നമ്മുടെ നിത്യ രക്ഷയ്ക്ക് വിശ്വാസം അത്യാവശ്യമാണ്. ശിഷ്യന്മാർക്ക് പ്രേഷിത ദൗത്യം നൽകിക്കൊണ്ട് യേശു പറഞ്ഞു: "വിശ്വസിച്ച് സ്നാനം സ്വീകരിക്കുന്നവർ രക്ഷിക്കപ്പെടും, വിശ്വസിക്കാത്തവർ ശിക്ഷിക്കപ്പെടും" (Mk:16/16). വിശ്വാസത്തിന്റെ ശക്തിയെ പറ്റി യേശു പറഞ്ഞുതരുന്നു. വിശ്വസിക്കുന്നവന് എല്ലാ കാര്യങ്ങളും സാധിക്കും.(Mk:9/23) ഫലം തരാത്ത അത്തി വൃക്ഷത്തെ യേശു ശിക്ഷിച്ചത് കണ്ടു അത്ഭുതപ്പെട്ടുപോയ ശിഷ്യന്മാരോട് അവിടുന്ന് പറഞ്ഞു: "നിങ്ങൾ വിശ്വസിക്കുകയും സംശയിക്കാതിരിക്കുകയും ചെയ്താൽ അത്തിവൃക്ഷത്തോട് ഞാൻ ചെയ്തത് മാത്രമല്ല നിങ്ങൾക്ക് ചെയ്യാൻ കഴിയുക. ഈ മലയോട് ഇവിടെ നിന്നു മാറി കടലിൽ ചെന്ന് വീഴുക എന്ന് പറഞ്ഞാൽ അതും സംഭവിക്കും. വിശ്വാസത്തോടെ പ്രാർത്ഥിക്കുന്നത് എല്ലാം നിങ്ങൾക്ക് ലഭിക്കും". (Mt:21/20-22).

വിശ്വാസം രക്തസാക്ഷികളെ സൃഷ്ടിക്കുമെന്ന് മഹാനായ കാർഡിനൽ ന്യൂമാൻ പ്രസ്താവിച്ചിട്ടുണ്ട്.ദൈവത്തിന്റെ മഹാദാനമാണ് വിശ്വാസം എന്ന വിശുദ്ധ അഗസ്തിനോസ് പഠിപ്പിക്കുന്നു.പ്രശസ്ത ഗ്രന്ഥകാരനും ചിന്തകനും ആത്മീയ നേതാവുമായിരുന്ന തോമസ് മെർട്ടൻ പറയുന്നതനുസരിച്ച് പ്രപഞ്ചത്തിന്റെ താക്കോലാണ് വിശ്വാസം. വത്തിക്കാൻ സൂനഹദോസ് പഠിപ്പിക്കുന്നത് അനുസരിച്ച് സ്വഭാവത്താൽ തന്നെ സ്വതന്ത്ര മനസ്സിൽ നിന്നു ഉൽഭൂതമാകുന്ന ഒന്നാണ് വിശ്വാസം. (മത സ്വാതന്ത്ര്യം നമ്പർ 10). ദൈവസാന്നിധ്യത്തിന്റെ സജീവ സാക്ഷാത്കാരമാണത്.

യേശുവിനുള്ള സമ്പൂർണ്ണ സ്വയം സമർപ്പണമാണ് വിശ്വാസം. മുട്ടത്തുപാടത്ത് അന്നക്കുട്ടിയെയും ദൈവം അൽഫോൻസാ എന്ന് വിളിച്ച് തന്റെ സ്വന്തമാക്കി. അവളുടെ ജീവിത സാഹചര്യങ്ങളെ നിയന്ത്രിച്ചു. സഹനത്തിന്റെ നടുക്കടലിലൂടെ ദൈവത്തിന്റെ കരങ്ങളിലേക്ക് അവൾ സാഹസികതയോടെ ചാടിയിറങ്ങി. പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലെറങ്ങാട്ട് പറയുന്നു : വിശ്വാസത്തിന്റെയും സഹനത്തിന്റെയും മാതൃകയാണ് അൽഫോൻസ: ദൈ വത്തിലുള്ള അചഞ്ചലമായ വിശ്വാസത്തിലൂടെ വിശുദ്ധിയിലേക്കും രക്ഷയിലേക്കും അവൾ കടന്നു വരുന്നു. അൽഫോൻസാമ്മയുടെ ധന്യജീവിതം ദൈവത്തിനു മുമ്പിൽ നീതീകരിക്കപ്പെട്ടതായി തീർന്നത് അവളുടെ കുറവില്ലാത്ത വിശ്വാസം ഒന്നുകൊണ്ടു മാത്രമാണ്.

കോട്ടം വരാത്ത വിശ്വാസത്തിന്റെ ഉറപ്പുള്ള, ബലവത്തായ വിശ്വാസമായിരുന്നു സിസ്റ്റർ അൽഫോൻസാമ്മക്ക് ഉണ്ടായിരുന്നത്. ആ വിശ്വാസമാണ് അവളെ ദൈവത്തിലേക്ക് അടുപ്പിച്ചത്, ദൈവത്തിന്റെ വിളിക്ക് വിശ്വാസത്തിലൂടെ പ്രത്യുത്തരിച്ചു നീതീകരിക്കപ്പെട്ടു. അവിടുന്ന് മാത്രം വിശ്വാസമർപ്പിച്ച് ദൈവശുശ്രൂഷയുടെ പടവുകളിലേക്ക് നടന്നു നീങ്ങിയ വ്യക്തിയാണ് അൽഫോൻസാമ്മ. ദൈവിക രഹസ്യങ്ങൾ ഗ്രഹിക്കുവാൻ നമുക്ക് വിശ്വാസം അനിവാര്യമാണ്. വിശ്വാസത്തിലേക്കും സ്വയാർപ്പണത്തിലേക്കും തന്നെ വിളിച്ച ദൈവവുമായി സർവ്വാത്മനാ സഹകരിച്ചുകൊണ്ട് ചെറുപ്പകാലത്ത് തനിക്ക് ലഭിച്ച വിശ്വാസത്തെ അൽഫോൻസാമ്മ വളർത്തിയെടുത്തു. വിശ്വാസത്തിലുള്ള വളർച്ചയുടെ ഫലമായി അവളുടെ ദൈവാനുഭവം വർദ്ധിക്കുകയും അവൾ ഒരു പുതിയ വ്യക്തിയാവുകയും ചെയ്തു.

നവ സന്യാസകാലത്ത് കഠിന രോഗം മൂലം അൽഫോൻസാമ്മയെ കോൺവെന്റിൽ നിന്ന് പുറത്ത് വിടാൻ അധികാരികൾ തീരുമാനിച്ചപ്പോഴും അവൾ കുലുങ്ങിയില്ല. ദൈവം തന്നെ കൈവിടില്ല എന്ന് അവൾ വിശ്വസിച്ചു.1944ൽ ഭരണങ്ങാനം മഠത്തിൽ സി. സ്രഫീന പനി പിടിച്ച് കിടപ്പിലായി. പല ചികിത്സകൾ ചെയ്തിട്ടും യാതൊരു ശമനവും ഉണ്ടായില്ല. മദറായായിരുന്ന ഉർസുലാമ്മ അൽഫോൻസാമ്മയോട് പറഞ്ഞു പനി മാറാൻ എന്റെ കുഞ്ഞ് ഒന്ന് അപേക്ഷിക്കുക.

അൽഫോൻസാമ്മ പറഞ്ഞു, അമ്മ വിഷമിക്കേണ്ട. ആ കാര്യം ഞാൻ ഏറ്റിരിക്കുന്നു. മൂന്നുദിവസം കഴിഞ്ഞിട്ടും പനി കുറയാത്തതിനാൽ പ്രകടിപ്പിച്ച മദറിനോട് അൽഫോൻസാമ്മ പറഞ്ഞു. മദർ സംശയിക്കേണ്ട- ഇന്ന ദിവസം പനി വിടും. അൽഫോൻസാമ്മ പറഞ്ഞ ദിവസം രാവിലെയും പനിക്ക് യാതൊരു കുറവും കണ്ടില്ല. എല്ലാവരും ആകുലപ്പെട്ടുവെങ്കിലും അൽഫോൻസാമ്മയ്ക്ക് മാത്രം യാതൊരു സംശയവും ആകുലതയും ഇല്ലായിരുന്നു. അവൾ കർത്താവിന്റെ രൂപത്തിന് മുമ്പിൽ ഏകാഗ്രമായി പ്രാർത്ഥിച്ചു.

അൽഫോൻസാമ്മയുടെ സ്ഥിരതയും വിശ്വാസവും ജയിച്ചു. അവൾ പറഞ്ഞ സമയത്ത് വൈകിട്ട് 5 മണിക്ക് പനി പൂർണമായും വിട്ടുമാറി. അൽഫോൻസാമ്മയുടെ ഉജ്ജ്വലമായ ദൈവവിശ്വാസത്തിന് ഉദാഹരണമായി റോമുളൂസച്ചൻ ഈ സംഭവം സാക്ഷ്യപ്പെടുത്തുന്നു. ദൈവം നമ്മുടെ ജീവിതത്തിൽ നേരിട്ട് ഇടപെടുകയും നമ്മുടെ ജീവിതത്തിന് വിശ്വാസത്തിന്റെ അടിസ്ഥാനം ഇടുകയും ചെയ്യുന്നു. ശാസ്ത്രത്തിനും അറിവിനും അതീതമാണ് വിശ്വാസം യഥാർത്ഥ വിശ്വാസത്തിന്റെ അഭാവം മൂലമാണ് പല കാര്യങ്ങളിലും നമ്മൾ സംശയ ഗ്രസ്ഥരാകുന്നത്.

ദൈവത്തിന് ഒന്നും അസാധ്യമല്ല എന്ന് നാം മറന്നു പോകുന്നു. വിശ്വാസത്തിന്റെ തീവ്രതയിൽ ജീവിതത്തെ നോക്കിക്കാണുമ്പോൾ എല്ലാം മനോഹരമാണ് ഒന്നും നഷ്ടമല്ല. ദൈവത്തെ സ്നേഹിക്കുന്നവർക്ക് അവിടുത്തെ പദ്ധതി അനുസരിച്ച് വിളിക്കപ്പെട്ടവർക്ക് അവിടുന്ന് സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നു എന്ന ഉറച്ച ബോധ്യം സിസ്റ്റർ അൽഫോൻസാമ്മയെ വിശുദ്ധയാക്കി. നമുക്കും വിശ്വാസം എന്ന പുണ്യത്തിൽ വളരുവാൻ പരിശ്രമിക്കാം.


Related Articles »