Seasonal Reflections - 2025
ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | ഇരുപത്തിയേഴാം ദിവസം | തെറ്റിദ്ധരിക്കപ്പെടുന്നതിൽ സന്തോഷിക്കുക
ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/ പ്രവാചകശബ്ദം 27-07-2025 - Sunday
എന്നെപ്രതി മനുഷ്യര്‍ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്‍മകളും നിങ്ങള്‍ക്കെതിരേ വ്യാജമായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍ (മത്തായി 5 : 11).
ജീവിതത്തിലുടനീളം വിശുദ്ധ അൽഫോൻസാമ്മയെ കുടുംബത്തിലും നാട്ടിലും മഠത്തിനുള്ളിൽ പോലും പലപ്പോഴും തെറ്റിദ്ധരിച്ചിരുന്നു. എന്നിരുന്നാലും ഈ തെറ്റിദ്ധാരണകൾ അവളുടെ ഹൃദയത്തെ കഠിനമാക്കാൻ അവൾ ഒരിക്കലും അനുവദിച്ചില്ല. പകരം നിരസിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്ത ഈശോയുടെ ജീവിതത്തിൽ പങ്കുചേരാനുള്ള അവസരമായി അവൾ അവയെ സ്വീകരിച്ചു.
സ്വയം പ്രതിരോധിക്കാതെ ന്യായവാദങ്ങൾ ഉതിർക്കാതെ സ്നേഹത്തോടെ ദൈവത്തിന് സമർപ്പിച്ചുകൊണ്ട് അവൾ അപമാനങ്ങളും തെറ്റായ ആരോപണങ്ങളും സഹിച്ചു. തെറ്റിദ്ധരിക്കപ്പെടുന്നത് അവളുടെ ദൃഷ്ടിയിൽ ഒരു കൃപയായിരുന്നു, അത് അവളുടെ നിയോഗങ്ങളെ ശുദ്ധീകരിച്ചു, ഈശോയോട് കൂടുതൽ അടുത്ത് നടക്കാൻ അതു അവളെ അനുവദിച്ചു. വ്യാജ്യാരോപണങ്ങൾക്കു മുന്നിലുള്ള മൗനം ആയിരം വാദങ്ങളേക്കാൾ ശക്തമാണെന്ന് അൽഫോൻസാമ്മ പഠിപ്പിക്കുന്നു.
മനസ്സിലാക്കുന്നതിലൂടെയല്ല മറിച്ച് ക്രിസ്തുവുമായി ഐക്യപ്പെടുന്നതിലൂടെയാണ് തെറ്റിധാരണകളുടെ പരീക്ഷണങ്ങളിൽ നമ്മുടെ മൂല്യം വരുന്നതെന്ന് അൽഫോൻസാമ്മയുടെ ജീവിതം നമ്മോടു പറഞ്ഞുതരുന്നു. കയ്പോടെ പ്രതികരിക്കുന്നതിനുപകരം മറ്റുള്ളവർ നമ്മെ ശരിയായി കാണുന്നതിൽ പരാജയപ്പെടുമ്പോൾ സന്തോഷിക്കാൻ അൽഫോൻസാമ്മ നമ്മെ ക്ഷണിക്കുന്നു കാരണം അവിടെ ദൈവം നമ്മെ പൂർണ്ണമായി കാണുന്നു.
പ്രാർത്ഥന
ഈശോയെ വിശുദ്ധ അൽഫോൻസാമ്മയെപ്പോലെ തെറ്റിദ്ധരിക്കപ്പെടുന്നതിൽ സന്തോഷിക്കാനുംഅങ്ങനെ
ഈശോയോടു കൂടുതൽ ഐക്യപ്പെടുവാനും ഞങ്ങളെ സഹായിക്കണമേ. ആമ്മേൻ.
