Seasonal Reflections - 2025

ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | ഇരുപത്തിരണ്ടാം ദിവസം | നിങ്ങളുടെ ദൈവവിളിയെ വിലമതിക്കുക

ഫാ. ജയ്സൺ കുന്നേൽ എം‌സി‌ബി‌എസ്/ പ്രവാചകശബ്ദം 22-07-2025 - Tuesday

ദൈവത്തിന്‍റെ നിയോഗവും വിളിയും അനുസരിച്ച് ഓരോരുത്തരും ജീവിതം നയിക്കട്ടെ - ഇതാണ് എല്ലാ സഭകളോടും ഞാന്‍ കല്‍പിക്കുന്നത് (1 കോറി‌ 7 : 17).

ഇരുപത്തിരണ്ടാം ചുവട്: നിങ്ങളുടെ ദൈവവിളിയെ വിലമതിക്കുക

വിശുദ്ധ അൽഫോൻസാമ്മ സന്യാസ ജീവിതത്തിലേക്കുള്ള തൻ്റെ വിളിയെ ഒരു കടമയായി മാത്രമല്ല ഒരു പവിത്രമായ ഒരു ദൈവസമ്മാനമായി അതിനെ കണക്കാക്കയിരുന്നു. ചെറുപ്പം മുതലേ പൂർണ്ണമായും ഈശോയുടെതായിരിക്കാൻ അവൾ ആഗ്രഹിച്ചു അവന്റെ മണവാട്ടിയാകാനുള്ള ആഹ്വാനം സന്തോഷത്തോടെ അവൾ സ്വീകരിച്ചു. കഷ്ടപ്പാടുകളാൽ അടയാളപ്പെടുത്തിയതായിരുന്നു ആ പാതയെങ്കിലും വിശുദ്ധിയിലേക്കുള്ള തന്റെ വ്യക്തിപരമായ പാതയായി അവൾ തന്റെ സന്യാസദൈവവിളിയെ കാണുകയും സ്നേഹിക്കുകയും വിലമതിക്കുകയും ചെയ്തു.

അൽഫോൻസാമ്മ ഒരിക്കലും തന്റെ വിളിയെ മറ്റുള്ളവരുടേതുമായി താരതമ്യം ചെയ്യുകയോ വ്യത്യസ്ത സാഹചര്യങ്ങൾക്കായി ആഗ്രഹിക്കുകയോ ചെയ്തില്ല. പകരം തന്റെ വിളിജീവിതം ഈശോയിൽ മറഞ്ഞിരിക്കാനുള്ള ഒരു നിയോഗമായി കരുതി ലളിതമായ ജോലികളിലും കഷ്ടപ്പാടുകളിലും സ്വയം സമർപ്പണം നടത്തി ഈശോയുമായി അവൾ ഒന്നായി. പദവിയും അംഗീകാരവും ഉയർച്ചയും മാറ്റവും തേടുന്ന ഒരു ലോകത്ത് ദൈവം നമ്മെ നട്ടസ്ഥലത്ത് വേരൂന്നിയിരിക്കാൻ അൽഫോൻസാമ്മ നമ്മെ പഠിപ്പിക്കുന്നു. പൗരോഹിത്യ സന്യാസ വിളിയോ കുടുബജീവിതത്തിലേക്കുള്ള വിളിയോ ഏകസ്ഥ വിളിയോ ഏതുമാകട്ടെ അതു സ്നേഹത്തോടെ ജീവിക്കുമ്പോൾ ഓരോ വിളിയും വിശുദ്ധിയിലേക്ക് നയിക്കും.

നമ്മുടെ ദൈവവിളിയുടെ പവിത്രത അത് എത്ര സാധാരണമാണെന്ന് തോന്നിയാലും അത് നമ്മുടെ ജീവിതത്തിനായുള്ള ദൈവഹിതമായി വീണ്ടും കണ്ടെത്താൻ അൽഫോൻസാമ്മയുടെ ജീവിതം നമ്മെ ക്ഷണിക്കുന്നു.

പ്രാർത്ഥന

ഈശോയെ അൽഫോൻസാമ്മയെപ്പോലെ ദൈവം ഞങ്ങൾക്കു നൽകിയ ദൈവവിളി വിശുദ്ധിയിലേക്കുള്ള വിലയേറിയ പാതയായി കണക്കാക്കാനും അതനുസരിച്ച് ജീവിക്കാനും ഞങ്ങളെ പരിശീലിപ്പിക്കണമേ.ആമ്മേൻ.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍




Related Articles »