News - 2024

പേപ്പല്‍ പ്രതിനിധിയുടെ സന്ദര്‍ശനത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ച് യുക്രൈന്‍ പ്രസിഡന്‍റ്

പ്രവാചകശബ്ദം 24-07-2024 - Wednesday

കീവ്: യുക്രൈന്‍ സന്ദര്‍ശനത്തിനായി എത്തിച്ചേര്‍ന്ന മാര്‍പാപ്പയുടെ പ്രതിനിധിയും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയുമായ കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍ പ്രസിഡന്‍റ് വൊളൊഡിമിർ സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്തി. യുക്രൈന്‍ പ്രസിഡൻ്റിൻ്റെ നേതൃത്വത്തിലുള്ള "സമാധാന പദ്ധതി"യെ തുടക്കം മുതല്‍ പരിശുദ്ധ സിംഹാസനം പിന്തുണച്ചിട്ടുണ്ടെന്ന് യോഗത്തിന് ശേഷം കര്‍ദ്ദിനാള്‍ ഊന്നിപ്പറഞ്ഞു.

യുക്രൈനെതിരായ റഷ്യയുടെ ആക്രമണത്തെ കുറിച്ചും ദുഷ്‌കരമായ മാനുഷിക സാഹചര്യങ്ങളെ കുറിച്ചും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയുമായി ചര്‍ച്ച ചെയ്തതായി സെലെൻസ്കി സോഷ്യൽ നെറ്റ്‌വർക്കായ എക്‌സിൽ (മുന്‍പ് ട്വിറ്റർ) കുറിച്ചു. നീതിയുക്തവും ശാശ്വതവുമായ സമാധാനം സ്ഥാപിക്കുന്നതിൽ വത്തിക്കാന്‍ വഹിക്കുന്ന പങ്കിനും രാജ്യത്തിനും ജനങ്ങൾക്കും കർദ്ദിനാൾ നൽകുന്ന പിന്തുണയ്ക്കും നന്ദിയുള്ളവനാണെന്നും പ്രസിഡന്‍റ് കൂട്ടിച്ചേര്‍ത്തു.

കൂടിക്കാഴ്ചയ്ക്കു മുന്‍പ് കർദ്ദിനാൾ പരോളിൻ സെൻ്റ്. സോഫിയ കത്തീഡ്രലും ഒഖ്മത്ഡിറ്റിലെ കുട്ടികളുടെ ആശുപത്രിയും സന്ദർശിച്ചു. ജൂലൈ 8ന് റഷ്യൻ മിസൈൽ ആക്രമണത്തെ തുടര്‍ന്നു 627 കുട്ടികളെ ഈ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിന്നു. ആക്രമണത്തിൽ ഒരു ഡോക്ടർ ഉൾപ്പെടെ രണ്ടുപേർ മരിക്കുകയും എട്ട് കുട്ടികളടക്കം 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തൊണ്ണൂറ്റിനാല് കുട്ടികളെ കീവിലെ മറ്റ് ആശുപത്രികളിലേക്ക് മാറ്റേണ്ടി വന്നു.


Related Articles »