News - 2026
വലിയ നോമ്പിന് ഇനി രണ്ടാഴ്ച; പേപ്പല്‍ തിരുക്കര്‍മ്മങ്ങളുടെ വിവരങ്ങള്‍ വത്തിക്കാന്‍ പുറത്തുവിട്ടു
പ്രവാചകശബ്ദം 05-02-2026 - Thursday
വത്തിക്കാന്‍ സിറ്റി: വലിയ നോമ്പിന് രണ്ടാഴ്ച ശേഷിക്കേ ലെയോ പാപ്പയുടെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങളുടെ വിവരങ്ങള്‍ വത്തിക്കാന്‍ പുറത്തുവിട്ടു. വലിയ നോമ്പ് കാലത്ത് റോമൻ കൂരിയ അംഗങ്ങൾക്കൊപ്പം, ലെയോ പാപ്പ ആത്മീയ ധ്യാനത്തിൽ പങ്കെടുക്കുമെന്നും, വിശുദ്ധ വാരകർമ്മങ്ങൾക്ക് ലാറ്ററൻ ബസിലിക്കയിലും, വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലുമായി മുഖ്യകാർമ്മികത്വം വഹിക്കുമെന്നും വത്തിക്കാന്‍ കാര്യാലയം അറിയിച്ചു. ഫെബ്രുവരി പതിനെട്ടാം തീയതി, വിശുദ്ധ അൻസലേമിന്റെ ബസിലിക്കയിലും, വിശുദ്ധ സബീനയുടെ ബസിലിക്കയിലും നടക്കുന്ന വിഭൂതി തിരുനാളിനു (ചാരം പൂശൽ) പാപ്പ മുഖ്യകാർമ്മികത്വം വഹിക്കും.
ഓശാന ഞായറാഴ്ച കർമ്മങ്ങൾ, വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ രാവിലെ പത്തുമണിക്കാണ് ആരംഭിക്കുക. ഏപ്രിൽ രണ്ടാം തീയതി, പെസഹാവ്യാഴാഴ്ച, പ്രാദേശിക സമയം രാവിലെ 9.30നു വത്തിക്കാൻ ബസിലിക്കയിൽവച്ച്, തൈല പരികർമ്മ ബലി നടക്കും. അന്നേ ദിവസം വൈകുന്നേരം, പ്രാദേശിക സമയം വൈകിട്ട് അഞ്ചരയ്ക്കു ലാറ്ററൻ ബസിലിക്കയിൽവച്ച് വിശുദ്ധ ബലിയർപ്പിക്കും. അതേസമയം കാല്‍ കഴുകല്‍ ശുശ്രൂഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വത്തിക്കാന്‍ പുറത്തുവിട്ടിട്ടില്ല.
ഏപ്രിൽ മൂന്നാം തീയതി, ദുഃഖവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾ വൈകുന്നേരം അഞ്ചു മണിക്ക് വത്തിക്കാൻ ബസിലിക്കയിലും, തുടർന്ന് രാത്രി കൊളോസിയത്തിൽവച്ച് കുരിശിന്റെ വഴി പ്രാർത്ഥനയും നടക്കും. ഏപ്രിൽ നാലാം തീയതി രാത്രി ഒന്‍പതുമണിക്കു ഈസ്റ്റർ ജാഗരണ കർമ്മങ്ങൾ നടക്കും. ഏപ്രിൽ അഞ്ചാം തീയതി, രാവിലെ 10.15നു വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽവച്ച് ഈസ്റ്റര്‍ ബലിയര്‍പ്പണം നടക്കും. അന്നേദിവസം ഉച്ചക്ക് പന്ത്രണ്ടു മണിക്ക്, പാപ്പ റോമിനും ലോകത്തിനും വേണ്ടിയുള്ള ഉർബി എത്ത് ഓർബി ആശീർവാദവും, വത്തിക്കാൻ ബസിലിക്കയുടെ മധ്യ ബാൽക്കണിയിൽ നിന്നും നൽകുമെന്നും വത്തിക്കാന്‍ അറിയിച്ചു.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

















