News - 2025
ഒളിമ്പിക്സിലെ ക്രൈസ്തവ നിന്ദയ്ക്കെതിരെ യൂറോപ്യൻ കമ്മീഷനും യുഎന്നിനും പരാതി
പ്രവാചകശബ്ദം 01-08-2024 - Thursday
മാഡ്രിഡ്: ഒളിമ്പിക്സ് ഗെയിംസിൻ്റെ ഉദ്ഘാടന ചടങ്ങിനിടെ അന്ത്യ അത്താഴത്തെ അവഹേളിച്ച് നടന്ന ക്രൈസ്തവ നിന്ദയ്ക്കെതിരെ യൂറോപ്യൻ കമ്മീഷനും യുഎന്നിനും പരാതി സമര്‍പ്പിച്ച് സ്പാനിഷ് സംഘടന. ക്രിസ്ത്യൻ ലോയേഴ്‌സ് സ്പാനിഷ് ഫൗണ്ടേഷനാണ് ഫ്രാൻസിനെതിരെ യൂറോപ്യൻ കമ്മീഷനും യുഎന്നിനും പരാതി നൽകിയിരിക്കുന്നത്. യൂറോപ്യൻ യൂണിയൻ്റെ മൗലികാവകാശങ്ങളുടെ ചാർട്ടറിലെ നിരവധി ഭാഗങ്ങള്‍ ഷോ ലംഘിച്ചുവെന്ന് അധികാരികൾക്ക് നൽകിയ പരാതിയിൽ സംഘടന ആരോപിച്ചു. ആർട്ടിക്കിൾ 10 ചിന്തയുടെയും മനസ്സാക്ഷിയുടെയും മതത്തിൻ്റെയും സ്വാതന്ത്ര്യത്തെയും ആർട്ടിക്കിൾ 22 സാംസ്കാരികവും മതപരവും ഭാഷാപരവുമായ വൈവിധ്യങ്ങൾ സംരക്ഷിക്കുന്നതിനെയുമാണ് സൂചിപ്പിക്കുന്നതെന്നും ഫ്രാന്‍സ് ഇതിനെയെല്ലാം ലംഘിച്ചുവെന്ന് പരാതിയില്‍ പറയുന്നു.
ഇതിനിടെ പാരീസ് ഗെയിംസിൻ്റെ സംഘാടകർക്കെതിരെ ഒരു ലക്ഷത്തിലധികം ആളുകള്‍ ഒപ്പുവെച്ച പരാതി സ്വിറ്റ്സർലൻഡിലെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ആസ്ഥാനത്ത് സമർപ്പിച്ചു. ഫ്രാൻസിലെ ഒളിമ്പിക് ഗെയിംസിൽ ക്രൈസ്തവ അവഹേളനത്തില്‍ ഉത്തരവാദികൾ ശിക്ഷിക്കപ്പെടാതിരിന്നാല്‍ അടുത്ത ഒളിമ്പിക്സ് ഗെയിംസിലും അത് ആവർത്തിക്കുമെന്ന് സ്പാനിഷ് ലീഗൽ എൻ്റിറ്റിയുടെ പ്രസിഡൻ്റായ പോളോണിയ കാസ്റ്റെല്ലാണോസ് മുന്നറിയിപ്പ് നല്‍കി. ഫ്രാന്‍സില്‍ നടക്കുന്ന പാരീസ് ഒളിമ്പിക് ഗെയിംസിൻ്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് ഈശോയുടെ അന്ത്യ അത്താഴത്തെ വികലമായി ചിത്രീകരിച്ചുക്കൊണ്ട് ദൃശ്യാവിഷ്ക്കാരം നടന്നത്.
അന്ത്യ അത്താഴ രംഗങ്ങളെ അതീവ മോശമായ വിധത്തില്‍ അനുകരിച്ച് ഡ്രാഗ് ക്വീൻസിന്റെ വേഷവിധാനങ്ങളോടെയാണ് പാരഡി പ്രകടനം നടന്നത്. ലോകത്തെ ഏറ്റവും വലിയ കോടീശ്വരനും ടെസ്ല കമ്പനിയുടെ മേധാവിയുമായ ഇലോണ്‍ മസ്ക്, സ്‌പെയിനിൻ്റെ പ്രൊഫഷണൽ ഫുട്‌ബോൾ ലീഗ് എന്ന് അറിയപ്പെടുന്ന ലാ ലിഗയുടെ പ്രസിഡൻ്റ്, അമേരിക്കന്‍ നാഷ്ണല്‍ ഫുട്ബോള്‍ ലീഗിലെ താരങ്ങള്‍, ഗവേഷകർ, വിവിധ മെത്രാന്‍മാര്‍ അടക്കം നിരവധി പേരാണ് സംഭവത്തെ അപലപിച്ചു രംഗത്തുവന്നത്. ഭാരത കത്തോലിക്ക സമിതിയും സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയിരിന്നു.