News - 2025

ഒളിമ്പിക്സില്‍ കുരിശടയാളം വരച്ച ജൂഡോ അത്‌ലറ്റിനു വിലക്ക്

പ്രവാചകശബ്ദം 23-09-2024 - Monday

ബെല്‍ഗ്രേഡ്: പാരിസ് ഒളിമ്പിക്സ് ഗെയിംസിൽ കുരിശടയാളം വരച്ചതിന് ഒളിമ്പിക് ജൂഡോ അത്‌ലറ്റിനെ പൊതു മത്സരങ്ങളില്‍ നിന്നു വിലക്കി. ജൂലൈയിൽ പാരീസ് ഗെയിംസിൽ മത്സരത്തില്‍ കുരിശ് അടയാളം വരച്ചതിന് സെർബിയൻ ജൂഡോ ലോക ചാമ്പ്യൻ നെമഞ്ജ മജ്‌ഡോവിന് ഇൻ്റർനാഷണൽ ജൂഡോ ഫൗണ്ടേഷൻ്റെ (ഐജെഎഫ്) അഞ്ച് മാസത്തെ വിലക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കളിക്കളത്തിൽ "മതപരമായ അടയാളം" നല്‍കിയത് ലീഗിൻ്റെ നിയമങ്ങൾക്കു വിരുദ്ധമാണെന്നും നിരവധി ലീഗ് നിർദ്ദേശങ്ങള്‍ ലംഘിച്ചതിനാലുമാണ് മജ്‌ഡോവിനെ ഭാഗികമായി വിലക്കിയതെന്ന് ഇൻ്റർനാഷണൽ ജൂഡോ ഫൗണ്ടേഷന്‍ പ്രസ്താവിച്ചു.

2018-ലും 2022-ലും മുന്നറിയിപ്പ് നൽകിയിരുന്നതായും ജൂഡോയിലെ കളിസ്ഥലത്ത് മതപരമോ രാഷ്ട്രീയമോ വംശീയമോ മറ്റ് അടയാളങ്ങളോ പ്രദർശിപ്പിക്കുന്നത് വിലക്കുന്ന നിയമത്തെക്കുറിച്ച് അറിയില്ല എന്ന അദ്ദേഹത്തിൻ്റെ അവകാശവാദങ്ങൾ തള്ളിക്കളയുകയാണെന്നും ഫെഡറേഷന്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നുണ്ട്. ഇതിനിടെ ഫെഡറേഷന്റെ തീരുമാനത്തോട് പ്രതികരണവുമായി ഇൻസ്റ്റാഗ്രാമില്‍ മജ്‌ഡോവ് പോസ്റ്റ് പങ്കുവെച്ചു.

കുരിശിൻ്റെ അടയാളത്തിന് ക്ഷമ ചോദിക്കാൻ ആഗ്രഹിക്കുന്നില്ലായെന്നും തീർച്ചയായും ഞാൻ അത് ഒരിക്കലും ചെയ്യില്ലായെന്നും അദ്ദേഹം പ്രസ്താവിച്ചു. “എനിക്കുവേണ്ടി വ്യക്തിപരമായും എൻ്റെ കരിയറിനായും കർത്താവ് എനിക്ക് എല്ലാം തന്നിട്ടുണ്ട്, അവൻ എനിക്ക് ഒന്നാം നമ്പർ ആണ്, അതിൽ ഞാൻ അഭിമാനിക്കുന്നു, അത് ഒരു വ്യവസ്ഥയിലും മാറില്ല. ദൈവത്തിനു മഹത്വം, എല്ലാത്തിനും നന്ദി”. സെർബിയൻ ഓർത്തഡോക്സ് വിശ്വാസിയായ താരം തന്റെ ക്രൈസ്തവ വിശ്വാസം പ്രഘോഷിക്കുന്നതില്‍ യാതൊരു മടിയും കാണിക്കാത്ത താരമാണ്.




Related Articles »