News - 2024
ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ച് യൂറോപ്പില്‍ നിന്നുള്ള അൾത്താര ശുശ്രൂഷികള്‍
പ്രവാചകശബ്ദം 03-08-2024 - Saturday
വത്തിക്കാന്‍ സിറ്റി: ജൂബിലി വർഷത്തിന് മുന്നോടിയായി യൂറോപ്പില്‍ നിന്നുള്ള അൾത്താരശുശ്രൂഷകർ വത്തിക്കാനിൽ ഫ്രാൻസിസ് പാപ്പയെ സന്ദര്‍ശിച്ചു. ഇതോടെ യൂറോപ്പിലെ ഇരുപത് രാജ്യങ്ങളിൽനിന്നുള്ള എഴുപതിനായിരത്തോളം കുട്ടികളെ ഉൾപ്പെടുത്തി വത്തിക്കാനിലും, റോമിലെ വിവിധ ഇടങ്ങളിലുമായി നടന്ന "അൾത്താരശുശ്രൂഷികളുടെ പതിമൂന്നാമത് ആഗോള തീർത്ഥാടന"ത്തിന് സമാപനമായി. കൂടിക്കാഴ്ചയ്ക്കായി വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിലേക്ക് കടന്നു വന്ന പാപ്പയുടെ വാഹനത്തിലും, ഇരു വശങ്ങളിലായി സ്ഥാനം പിടിച്ച കുട്ടികളുടെ ചിത്രം വലിയ തരംഗമായിരിന്നു.
യൂറോപ്പിലെ വിവിധ ഇടവകകളിൽ നിന്നും വൈദികരുടെയും, സന്യസ്തരുടെയും, അത്മായരുടെയും അകമ്പടിയോടെയാണ് അൾത്താരശുശ്രൂഷികൾ തീർത്ഥാടനത്തിനായി റോമിലേക്ക് എത്തിച്ചേർന്നത്. യേശുവിനു വേണ്ടി ബലിവേദിയിൽ ശുശ്രൂഷ ചെയ്യുന്നതിലും, ഫ്രാൻസിസ് പാപ്പായുമായുള്ള കൂടിക്കാഴ്ചയിലും തങ്ങൾ ഏറെ സന്തോഷവാന്മാരാണെന്നും ഇനിയും കൂടുതൽ സേവനങ്ങൾ ചെയ്യുവാൻ തങ്ങൾ തത്പരരാണെന്നും കുട്ടികൾ വത്തിക്കാൻ ന്യൂസിനോട് പ്രതികരിച്ചു.
ഫ്രാൻസിസ് പാപ്പായോടൊപ്പം വാഹനത്തിൽ ഉണ്ടായിരുന്ന മ്യൂണിക്ക്-ഫ്രീസിംഗ് അതിരൂപതയിൽ നിന്നുള്ള ജൂലിയ ഫുർമെറ്റ്സ് എന്ന അൾത്താര ബാലിക ഫ്രാൻസിസ് പാപ്പയുമായുള്ള അനുഭവം വത്തിക്കാന്‍ മാധ്യമത്തോട് പങ്കുവച്ചു. പാപ്പായെ കണ്ടപ്പോള്‍ തനിക്ക് ആദ്യം ഒരു ഞെട്ടലുണ്ടായിരുന്നുവെങ്കിലും, പാപ്പയുടെ പുഞ്ചിരി തന്നെ ശാന്തമാക്കിയെന്നും തുടർന്ന് ഒരു ടി ഷർട്ട് അദ്ദേഹത്തിന് നൽകുകയും, അദ്ദേഹം തങ്ങൾക്ക് മധുരം നൽകുകയും ചെയ്തുവെന്ന് ജൂലിയ പറഞ്ഞു. 2025 ജൂബിലി വര്‍ഷത്തിന് ഒരുക്കമായാണ് അള്‍ത്താര ശുശ്രൂഷകര്‍ ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചതെന്നത് ശ്രദ്ധേയമാണ്.